National
കൊവിഡ് വീണ്ടും രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി | രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ് പ്രതിദിന കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ എട്ടിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. യോഗത്തില്‍ നിലവിലെ കൊവിഡ് സാഹചര്യവും വാക്സിനേഷന്‍ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നത്.ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ 11 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുടെ യോഗവും വിളിച്ചിട്ടുണ്ട് .
തിങ്കളാഴ്ച രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 103,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 12,589,067 ആയി ഉയര്‍ന്നു.
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാന്‍ ഞായറാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.