Gulf
ജനാധിപത്യ പ്രക്രിയയിൽ പ്രവാസികൾ ഇന്നും കാഴ്‌ചക്കാർ: ദമാം മീഡിയ ഫോറം
ദമാം | തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ ഇപ്പോഴും കാഴ്ചക്കാരായി തുടരേണ്ടി വരുന്ന പ്രവാസികളുടെ അവസ്ഥ സർക്കാരുകൾ പരിഗണിക്കാതെ പോകുന്നത് അത്യന്തം ഖേദകരമാണെന്ന് ദമാം മീഡിയ ഫോറം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദം അഭിപ്രായപ്പെട്ടു.
പൗരത്വമാണ് വോട്ടവകാശത്തിനുള്ള മാനദണ്ഡം എന്നിരിക്കെ രാജ്യത്തിൻറെ വികസനത്തിലും സാമ്പത്തിക വളർച്ചയിലും മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളോടുള്ള ഈ അവഗണന അവസാനിപ്പിക്കാൻ പ്രവാസി സംഘടനകളുടെ ഏകീകൃത ശ്രമം ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ പേരുള്ള വാർഡ് ബൂത്തിൽ എത്തിയാൽ മാത്രമാണ് നിലവിൽ വോട്ട് ചെയ്യാൻ കഴിയുകയുള്ളൂ. ഇത് അപ്രായോഗികവും അവകാശ നിഷേധവുമാണ്.
സാങ്കേതികമായും നിയമപരമായും പ്രവാസി വോട്ടിന് പച്ചക്കൊടി ലഭിച്ച ഈ സന്ദർഭത്തിൽ അവ നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സർക്കാരുകളുമാണ് ഇനി മുൻകൈ എടുക്കേണ്ടത്. ഇത് സാധ്യമാക്കാനുള്ള സമ്മർദ ശക്തിയാകാൻ കക്ഷിത്വം മറന്ന് പ്രവാസികൾ ഒന്നിക്കണമെന്ന ആവശ്യം അടുത്തൊരു തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും സാധ്യമാക്കിയെടുക്കണമെന്ന് സംവാദത്തിൽ പങ്കെടുത്തവർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹനീഫ് റാവുത്തർ, ഇ കെ സലിം (ഒ ഐ സി സി), ബഷീർ വരോട്, രഞ്ജിത്ത് ഒഞ്ചിയം (നവോദയ), ആലിക്കുട്ടി ഒളവട്ടൂർ, അമീറലി കൊയിലാണ്ടി (കെ എം സി സി), ബെൻസി മോഹൻ, സാജൻ (നവയുഗം), നമീർ ചെറുവാടി, അബ്ദുൽ റഹീം വടകര (ഇന്ത്യൻ സോഷ്യൽ ഫോറം), എം കെ ഷാജഹാൻ, ഷബീർ ചാത്തമംഗലം (പ്രവാസി സംസ്‌കാരിക വേദി) എന്നിവർ പങ്കെടുത്തു.

