ഷാർജയുടെ ഹൃദയത്തിൽ പൈതൃക ദിനങ്ങൾ

പ്രവാസം
Posted on: March 28, 2021 5:05 pm | Last updated: March 28, 2021 at 5:05 pm

ഐക്യ അറബ് എമിറേറ്റിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാർജയിലിപ്പോൾ പൈതൃകങ്ങൾ വീണ്ടെടുക്കുന്ന, ഓർമകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ദിനങ്ങളാണ്. യു എ ഇയുടെ സാംസ്‌കാരിക-ചരിത്ര-പൗരാണിക വൈവിധ്യങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനൊപ്പം 29 മറ്റു രാജ്യങ്ങളുടെ പാരമ്പര്യ കലകളുടെയും പൈതൃകങ്ങളുടെയും നേർക്കാഴ്ചകളിലേക്കാണ് “ഷാർജ പൈതൃക ദിനങ്ങൾ’ വാതിൽ തുറന്നിട്ടിരിക്കുന്നത്. നിരവധി ചരിത്ര കെട്ടിടങ്ങളും പരമ്പരാഗത മാർക്കറ്റും പഴയ വിദ്യാലയങ്ങളും ഉൾപ്പെടുന്ന ഹാർട്ട് ഓഫ് ഷാർജയിലും ഖോർഫുകാൻ പൈതൃക കേന്ദ്രത്തിലുമാണ് ഉത്സവം നടക്കുന്നത്.

ഷാർജ കോർണിഷിന് സമീപം സ്ഥിതിചെയ്യുന്ന ഹാർട്ട് ഓഫ് ഷാർജക്ക് നിരവധി കഥകൾ പറയാനുണ്ട്. കല്ലുകളാൽ നിർമിതമായ ഇവിടുത്തെ വീടുകളിൽ നിരവധി അറബ് കുടുംബങ്ങൾ താമസിച്ചിരുന്നു. 1804ൽ ഗോപുരങ്ങളുടെയും മതിലുകളുടെയും കാവലിൽ നിർമിച്ച കോട്ട ഇന്ന് ഷാർജയുടെ ഭരണം കൈയാളുന്ന അൽ ഖാസിമി കുടുംബത്തിന്റെ കേന്ദ്രമായിരുന്നു. 35,000 ചതുരശ്ര മീറ്ററിലുള്ള ഹാർട്ട് ഓഫ് ഷാർജ പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദേശമാണ്. 1980ഓടെ തകർച്ചയുടെ വക്കിലായ ഇവിടുത്തെ അൽ ഹിസ്ൻ കോട്ട പുതുക്കിപ്പണിതിട്ടുണ്ട്. ഷാർജ പൈതൃക മ്യൂസിയവും ബൈത്ത് അൽ നബൂദ അടക്കം പൗരാണിക വാണിജ്യ പ്രമുഖരുടെ ഭവനങ്ങളും ഹാർട്ട് ഓഫ് ഷാർജയിലുണ്ട്.


വൈവിധ്യ സംസ്‌കാരങ്ങൾ അലിഞ്ഞുചേർന്ന നൃത്തങ്ങളും കരകൗശല നിർമിതികളും ഭക്ഷ്യവിഭവങ്ങളും പൗരാണിക ജീവിതത്തിന്റെ തനിമയും ആവോളം ആസ്വദിക്കാനാണ് ഹാർട്ട് ഓഫ് ഷാർജ സന്ദർശകർക്ക് സ്വാഗതമോതുന്നത്. പ്രാദേശിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം പുതിയ തലമുറക്ക് പകർന്നു നൽകാനുള്ള വ്യത്യസ്ത പരിപാടികളാണ് ദിവസവും നടക്കുന്നത്. ഷാർജയുടെ വിനോദസഞ്ചാര ഭൂപടത്തിന് തിളക്കം നൽകുന്നതുമാണ് പൈതൃക ദിനങ്ങൾ.

യു എ ഇയുടെ പർവത, തീരദേശ, മണലാരണ്യ, കാർഷിക മേഖലകളിൽ നിന്ന് ജന്മം കൊണ്ട വൈവിധ്യമാർന്ന കരകൗശല വൈദഗ്ധ്യങ്ങൾ ഇവിടെ നേരിൽ ദർശിക്കാനാകും. യമൻ, ഫലസ്തീൻ, മൊറോക്കൊ, ഈജിപ്ത്, സിറിയ, ഇറാഖ്, ലബനോൻ, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകം പ്രതിഫലിക്കുന്ന വർണാഭ കലാപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്. കല്ലുകളിലും മുത്തുകളിലും മരത്തടികളിലും തീർത്ത പരമ്പരാഗത ആഭരണങ്ങളും വാദ്യങ്ങളും പോയ കാലത്തിന്റെ കഥകൾ പറയുന്നു. പരമ്പരാഗത അറബ് വസ്ത്രങ്ങളുടെ നിർമാണവും നേരിൽ ദർശിക്കാനാകും.

മരുഭൂമിയിലെ കൂടാരങ്ങളിൽ നിന്ന് താമസം മാറിയപ്പോഴും ഇന്നും നിലനിർത്തിപ്പോരുന്ന ഇമാറാത്തിന്റെ പരമ്പരാഗത നാടോടി നൃത്തങ്ങളായ അയ്യാല, നുബാൻ, അൻദിമ, റസീഫ്, റവ്വ, ഹർബിയ, ലിവ, ഹബ്ബാൻ, ദാൻ എന്നിവയും നയനാനന്ദകരമാണ്. യു എ ഇയുടെ സമ്പന്നമായ പൈതൃകത്തിന്റെ പ്രധാന ഭാഗമാണ് ഈ നൃത്തങ്ങൾ. വിവാഹ ചടങ്ങുകളിലും ഉത്സവങ്ങളിലും ദേശീയ ആഘോഷങ്ങളിലും ഈ നൃത്തങ്ങൾ പതിവാണ്. നേർത്ത വടികൾ കൈയിലേന്തി പ്രത്യേക താളത്തിൽ അരങ്ങേറുന്ന അയ്യാല നൃത്തം യുനെസ്‌കോയുടെ പൈതൃക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.

യു എ ഇയുടെ സമ്പന്ന പൈതൃകത്തോടൊപ്പം മറ്റ് അറബ്, ആഫ്രിക്കൻ, യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളുടെയും പൗരാണിക ചരിത്രങ്ങളും ഇവിടെ ദർശിക്കാനാകും. ഏപ്രിൽ 10 വരെ വൈകീട്ട് നാല് മുതൽ രാത്രി പത്ത് വരെ ഇനി പൈതൃകോത്സവത്തിന്റെ നയനാനന്ദകരമായ നാളുകളാണ്.