Covid19
രാജ്യം വീണ്ടും ആശങ്കയിലേക്ക്; 24 മണിക്കൂറിനിടെ അരലക്ഷം കടന്ന് കൊവിഡ്

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്ത് അതിവേഗ വ്യാപനം. 24 മണിക്കൂറിനിടെ 53,476 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിന് ശേഷമാണ് ഇന്ത്യയില്‍ ഒരു ദിവസം അരലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 26,490 പേര്‍ രോഗമുക്തരായപ്പോള്‍ 251 മരണങ്ങളാണ് ഇന്നലെയുണ്ടായത്.
1,17,87,534 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,12,31,650 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,692പേരാണ് രാജ്യത്താകമാനം മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,95,192 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,31,45,709 പേര്‍ക്ക് കൊാവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കൊവിഡ് വ്യാപനത്തില്‍ അമേരിക്കക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
രാജ്യത്ത് ഏറ്റവും കൂടതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 31,855 പുതിയ കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25,64,881 ആയി. 15,098 പേര്‍ക്ക് അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 22,62,593 ആയി. ആകെ മരണം 53,684. നിലവില്‍ 2,47,299 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മുംബൈയിലും സ്ഥിതി അതിരൂക്ഷമാണ്. മുംബൈയില്‍ ദിവസേനയുള്ള കേസുകള്‍ അയ്യായിരം കടന്നു. ഇന്നലെ പുതിയ കേസുകളുടെ എണ്ണം 5,185 ആയി വര്‍ധിച്ചു. ആറുപേര്‍ മരിച്ചപ്പോള്‍ നഗരത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2088 ആണ്.മുംബൈയില്‍ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 28, 29 തീയതികളില്‍ ഹോളിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഒഴിവാക്കാനാണ് അധികൃതരുടെ നിര്‍ദേശം. ബീഡ് ജില്ലയില്‍ വെള്ളിയാഴ്ചമുതല്‍ ഏപ്രില്‍ നാലുവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പര്‍ഭനിയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പാല്‍ഘര്‍, ഔറംഗാബാദ്, നാഗ്പുര്‍ എന്നിവിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.