National
യു പിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം

ന്യൂഡല്‍ഹി | മലയാളികള്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തര്‍പ്രദേശില്‍ ബജ്‌റംഗ്ദള്‍ ആക്രമണം. ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ യു പിയിലെ ഝാന്‍സിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. മതംമാറ്റം നിരോധന നിയമം ഉപയോഗിച്ച് കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടന്നു.
മാര്‍ച്ച് 19നാണ് സംഭവം നടന്നത്. തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് കന്യാസ്ത്രീകളാണ്് ആക്രമണത്തിന് ഇരയായത്. ഒഡീഷയില്‍ നിന്ന് രണ്ട് യുവ കന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളിയുള്‍പ്പെടയുള്ള രണ്ട് യുവ സന്യാസിനിമാര്‍ കൂടെപ്പോയത്. രണ്ട് പേര്‍ സാധാരണ വേഷത്തിലും മറ്റ് രണ്ട് പേര്‍ സന്യാസ വേഷത്തിലുമായിരുന്നു. രണ്ട് പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടു പോവുന്നു എന്നാരോപിച്ച് ട്രെയിനിലുണ്ടായിരുന്ന ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്‍മാറിയില്ലെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.
മതംമാറ്റാന്‍ കൊണ്ടു പോവുന്നു എന്ന തെറ്റായ വിവരം നല്‍കി ബജ്റംഗള്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ചു വരുത്തി. വനിതാ പോാലീസ് ഇല്ലാതെ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും പോാലീസ് ബലമായി ഇവരെ പിടിച്ചിറക്കി. ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കന്യാസ്ത്രീകള്‍ പറയുന്നു. പോലീസ് സ്റ്റേഷനിലേക്ക് മാറ്റവെ 150 ഓളം ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ഭീഷണിപ്പെടുത്തി.
ഡല്‍ഹിയിലെ അഭിഭാഷകന്‍ കൂടിയായ വൈദികന്റെ സഹായത്തോടെയാണ് യുവ സന്യാസിനമാരെ മോചിപ്പിക്കാനായത്. രാത്രി 11 ഓടെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ഇവര്‍ ഝാന്‍സിയിലെ ബിഷപ്പ് ഹൗസില്‍ അഭയം തേടുകയായിരുന്നു.