Covid19
ലോകത്തെ കൊവിഡ് കേസുകള്‍ 12.42 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക് | കൊവിഡ് ആശങ്കയില്‍ നിന്നും രക്ഷയില്ലാതെ ലോകം. വാക്‌സിന്‍ എത്തിയെങ്കിലും കേസുകള്‍ ഇപ്പോഴും വലിയ തോതില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്തെ ആകെ കൊവിഡ് കേസുകള്‍ പന്ത്രണ്ട് കോടി നാല്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു. 27.34 ലക്ഷം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. പത്ത് കോടി പേര്‍ രോഗമുക്തി നേടി.
ലോകത്ത് ഏറ്റവും കേസുള്ള അമേരിക്കയില്‍ മൂന്ന് കോടിയിലേറെ രോഗബാധിതരുണ്ട്. ഏറ്റവും കൂടുതല്‍ മരണങ്ങളും യു എസിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 5.55 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ബ്രസീലില്‍ ഒരു കോടി ഇരുപത് ലക്ഷം രോഗബാധിതരുണ്ട്. രാജ്യത്ത് അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2.95 ലക്ഷം പേര്‍ മരിച്ചു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം പിന്നിട്ടു. 46,951 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.60 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.