Connect with us

Articles

മെഹ്ത വര്‍ത്തമാനത്തിന്റെ പ്രതീകമാണ്

Published

|

Last Updated

ആര്യാടന്‍ ഷൗക്കത്ത് എഴുതി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത, ഒരുപാട് നിരോധന ഭീഷണി ഒക്കെ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് നേരിട്ട മലയാള ചലച്ചിത്രമാണ് വര്‍ത്തമാനം. ഈ അടുത്ത് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തില്‍ സിദ്ദീഖ് അഭിനയിച്ച കഥാപാത്രമാണ് പ്രൊഫസര്‍ സതീഷ് പൊതുവാള്‍. ഡല്‍ഹിയിലെ ഒരു കേന്ദ്ര സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം പ്രൊഫസറായ സതീഷ് പൊതുവാള്‍ തീവ്ര വലതുപക്ഷത്തിന്റെ ശക്തനായ പ്രതിയോഗിയും വിമര്‍ശകനും ആണ്. ക്യാമ്പസിലെ ഫാസിസ്റ്റ് വിരുദ്ധ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് പ്രൊഫസര്‍ സതീഷ് നല്‍കുന്ന പിന്തുണകളെ ക്യാമ്പസിന് അകത്തെ തീവ്ര വലതുപക്ഷ വിദ്യാര്‍ഥി നേതാക്കളും പ്രാദേശിക പാര്‍ട്ടി കാര്യവാഹകരും എതിര്‍ക്കുന്നതിന്റെ ഭാഗമായി പ്രൊഫസറെ വഴി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. കഴിഞ്ഞ കുറേ നാളുകളായി എ ബി വി പിയുടെ നേതൃത്വത്തില്‍ സംഘ്പരിവാരവും അവര്‍ക്ക് ഇതിനകം വിധേയപ്പെട്ട അധികാരികളും രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെ അധ്യാപകരോടും വിദ്യാര്‍ഥികളോടും ചെയ്തുവരുന്നതിന്റെ നേര്‍ ചിത്രമാണിത്.
തങ്ങളുടെ രാഷ്ട്രീയത്തെയോ ഭരണകൂടത്തെയോ വിമര്‍ശിക്കുന്നവരെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അത്യധികം ആത്മവിശ്വാസത്തോടെയാണ് സംഘ്പരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ജെ എന്‍ യു, ഡി യു, എച്ച് സി യു തുടങ്ങി എ ബി വി പി സ്വാധീനമുള്ള സര്‍വകലാശാലകളില്‍ എല്ലാം തന്നെ പുരോഗമന മതനിരപേക്ഷ ഇടതുപക്ഷ വിദ്യാര്‍ഥി നേതാക്കന്മാര്‍ക്കും അധ്യാപകര്‍ക്കും സ്ഥിരമായി ഭീഷണിയുണ്ട്. 2020 ജനുവരി അഞ്ചിന് ജെ എന്‍ യുവില്‍ നടന്ന എ ബി വി പിയുടെ ഗുണ്ടാ വിളയാട്ടത്തില്‍ അവരുടെ ലക്ഷ്യം വിദ്യാര്‍ഥികള്‍ എന്നതുപോലെ അധ്യാപകരും കൂടിയായിരുന്നു. ചിന്തിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു വിഭാഗത്തോട് ഫാസിസ്റ്റുകള്‍ക്ക് ഉള്ള പൊറുതികേടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ അശോക സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ച ഭാനു മെഹ്ത.

കടുത്ത മോദി സര്‍ക്കാര്‍ വിമര്‍ശകനായ മെഹ്തയുടെ രാഷ്ട്രീയ നിലപാടുകളില്‍ സര്‍വകലാശാല അധികൃതര്‍ക്ക് ഉണ്ടായ എതിര്‍പ്പാണ് രാജിയില്‍ കലാശിക്കുന്നത്. മെഹ്ത തന്റെ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകണമെന്നും ഏതെങ്കിലും തരത്തിലുള്ള ഭരണകൂട വേട്ടയാടല്‍ ഉണ്ടായാല്‍ സര്‍വകലാശാല സംരക്ഷിക്കാന്‍ ഇല്ലെന്നുമുള്ള ഭീഷണി അശോക സര്‍വകലാശാല അധികൃതര്‍ മെഹ്തയോട് ഉയര്‍ത്തി. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയമായ സ്വകാര്യ സര്‍വകലാശാലയാണ് അശോക. അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട അധ്യാപകനോടാണ് സര്‍വകലാശാലക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്. ആത്മാഭിമാനം ഉള്ളതിനാലാണ് രാജിവെക്കാനുള്ള തീരുമാനമെടുത്തതെന്ന് മെഹ്ത പറയുന്നു. മെഹ്തക്ക് പിന്നാലെ അരവിന്ദ് സുബ്രഹ്മണ്യനും അശോകയില്‍ നിന്ന് ഇറങ്ങി. രാജിവെക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും നടത്തിയ സമ്മര്‍ദശ്രമവും ഫലം കണ്ടില്ല.
“സര്‍ഗാത്മകതയും ആവിഷ്‌കാരവും പ്രബുദ്ധതയും ഉരുവാകുന്ന ഇടമായി ഇന്ത്യ മാറുന്നത് കാണാം. അതേസമയം ഇതിനെയെല്ലാം നിഗ്രഹിക്കും വിധം അന്ധകാരവും അതിന്റെ ഉപാസകരും നമുക്ക് മേല്‍ അവരുടെ ബലപ്രയോഗം നടത്തുകയാണ്. നമ്മുടെ അഭിമാനത്തിന് അവര്‍ ക്ഷതം ഏല്‍പ്പിക്കുകയാണ്”- മെഹ്ത തന്റെ വിദ്യാര്‍ഥികള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. മെഹ്തയുടെ രാജി, മെഹ്ത തന്നെ പറയുന്നതുപോലെ അശോക സര്‍വകലാശാലയെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല. ഇത് ഇന്ത്യയുടെ വര്‍ത്തമാനത്തെ നോക്കിയുള്ള ഒരു തീരുമാനമാണ്. ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സല്‍ എന്ന് ചാപ്പ കുത്തുന്ന, പ്രതിഷേധിക്കുന്നവര്‍ക്ക് ജിഹാദി മുദ്രയേല്‍പ്പിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സംഘ്പരിവാരത്തിനെതിരെയും അവരുടെ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കെതിരെയും അവധിയില്ലാത്ത വിമര്‍ശങ്ങള്‍ ഉന്നയിച്ചതിന് രാഹുല്‍ ഗാന്ധിക്ക് വരെ അയാളുടെ എല്ലാ പ്രിവിലേജുകളുടെയും മേല്‍ അവര്‍ ഒരു ചാപ്പ അടിച്ചു വെച്ചിട്ടുണ്ട്, അസുരവിത്ത് എന്ന പ്രയോഗം. വിമര്‍ശങ്ങളെയും പ്രതിഷേധങ്ങളെയും ഈ ഭരണകൂടം അനുവദിക്കാന്‍ പോകുന്നില്ലെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഓരോന്നും. കര്‍ഷക സമരക്കാരെ ആന്തോളന്‍ ജീവി എന്ന് പ്രധാനമന്ത്രി അസാധാരണ ലാഘവത്തോടെ പരിഹസിക്കുന്നത് അതിനാലാണ്.
സ്വാതന്ത്ര്യ സൂചികയില്‍ രാജ്യം അങ്ങേയറ്റം താഴേക്ക് വീണതും 2014ന് ശേഷം ഇന്ത്യ ഒരു അര്‍ധ സ്വാതന്ത്ര്യ രാഷ്ട്രമായി ചുരുങ്ങുകയാണെന്ന രാജ്യാന്തര ഏജന്‍സികളുടെ നിരീക്ഷണങ്ങളും അടക്കം ദിനേനയെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്നതെല്ലാം ഭീതിദമായ സൂചകങ്ങളാണ്. ഈ രാജ്യം നമുക്ക് നഷ്ടമാകുകയാണ് എന്ന അപായ സൂചനകള്‍. 2014ല്‍ മോദി അധികാരത്തില്‍ വന്നതോടെ തന്നെ പ്രകടമായ തീവ്ര വലതുപക്ഷ അസഹിഷ്ണുതകള്‍ക്കെതിരെ ആദ്യമായി എന്തെങ്കിലും ഒരു മുന്നേറ്റം ഉണ്ടാകുന്നത് രോഹിത് വെമുല സംഭവത്തെ തുടര്‍ന്നുണ്ടായ ക്യാമ്പസുകളിലെ പ്രക്ഷോഭങ്ങളോടെയാണ്. കൊവിഡ് 19 ലോക്ക്ഡൗണ്‍ ഭാഗമായി ക്യാമ്പസുകള്‍ അടച്ചിടുന്നത് വരെ ഈ സര്‍ക്കാറിന്റെ ഏറ്റവും വലിയ തലവേദനയും രാജ്യത്തെ ക്യാമ്പസുകള്‍ തന്നെയായിരുന്നല്ലോ.
2019ലും 2020ന്റെ തുടക്കത്തിലുമായി ജാമിഅ മില്ലിയ്യയിലും ജെ എന്‍ യു വിലും പോണ്ടിച്ചേരിയിലും ഒക്കെ ഉണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ക്ക് പുതിയ വഴി കാണിക്കുക കൂടി ചെയ്യുന്നുണ്ടായിരുന്നു. 2019ലെ രണ്ടാം പകുതിയില്‍ ഡല്‍ഹിയിലെ വിവിധ ക്യാമ്പസുകള്‍ പ്രക്ഷുബ്ധമായിരുന്നു എന്ന് കാണാം. മോദിയുടെ രണ്ടാം വരവ് ജനാധിപത്യ മതേതര വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കിയ നിരാശ ക്യാമ്പസുകളില്‍ പ്രതിഫലിച്ചത് കൂടുതല്‍ ഊര്‍ജസ്വലവും പ്രകടവും ആയ പ്രതിഷേധങ്ങളോടെയാണ്. ഡി യുവിലെ പിഞ്ചരാതോഡ് സമരങ്ങള്‍, ജാമിഅയിലെ ഇസ്‌റാഈല്‍ വിരുദ്ധ പ്രക്ഷോഭം എന്നിവ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ എന്ന നിലക്ക് കൂടിയാണ് ശക്തിപ്രാപിച്ചത്. ഇവ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് ജെ എന്‍ യു വിലെ ഫീസ് വര്‍ധനവിനെതിരെയുള്ള സമരങ്ങളും രാജ്യത്താകമാനം വ്യാപിച്ചു. സി എ എ വിരുദ്ധ സമരങ്ങളും ക്യാമ്പസുകളെ കത്തിജ്വലിക്കുന്ന വിളക്കുമാടങ്ങളാക്കി. ക്യാമ്പസുകള്‍ രാജ്യത്തെ തെരുവുകള്‍ക്ക് വഴികാട്ടിയ സമയമായിരുന്നു അത്. വിദ്യാര്‍ഥികളും അധ്യാപകരും സങ്കുചിത രാഷ്ട്രീയത്തിനെതിരെ ആശാവഹമായ സഖ്യങ്ങള്‍ സ്ഥാപിച്ച വേള കൂടിയാണത്.

ക്യാമ്പസുകളില്‍ നിന്നുണ്ടാകുന്ന ഈ ചെറുത്തുനില്‍പ്പുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് അദൃശ്യമായി തീര്‍ന്നു. എവിടെയൊക്കെ തുറന്നു പ്രവര്‍ത്തിച്ചാലും ക്യാമ്പസുകള്‍ തുറക്കാന്‍ കേന്ദ്രം സമ്മതം കൊടുക്കാത്ത കാരണവും അവരുടെ ഈ പേടി തന്നെയാകണം. ദേശീയ സര്‍വകലാശാലകള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ പലവിധേനയുമുള്ള സമ്മര്‍ദങ്ങള്‍ ചെലുത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്ര ഫണ്ടുകള്‍ വെട്ടിക്കുറച്ചും ജനാധിപത്യവിരുദ്ധമായ മോണിറ്ററിംഗ് നടത്തിയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തിരുകിക്കയറ്റിയും രാജ്യത്തെ ഓരോ സര്‍വകലാശാലക്ക് മുകളിലും ഫാസിസം പിടി മുറുക്കുന്നുണ്ട്. സ്വതന്ത്ര ചിന്തയുടെയും സര്‍ഗാത്മക വിയോജിപ്പുകളുടെയും വിളനിലമാകേണ്ട ഇടങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ മുതിരുന്നത്.

മെഹ്ത തന്റെ വിദ്യാര്‍ഥികള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത്, ഇത് രണ്ട് അധ്യാപകരുടെ വിഷയമല്ല, വിദ്യാര്‍ഥികള്‍ എന്ന നിലക്ക് നിങ്ങളുടെ ദൗത്യം ഇതിനേക്കാള്‍ എത്രയോ വലുതാണ് എന്ന സത്യമാണ്. വിദ്യാര്‍ഥിത്വത്തിലാണ് ഇനിയുള്ള പ്രതീക്ഷ. സര്‍ഗാത്മക സമര യൗവനം ഇനി ക്യാമ്പസുകളില്‍ നിന്ന് പടുക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളാണ് പ്രധാനം. ഇത് സംഘ്പരിവാരത്തിന് കൃത്യമായി അറിയാം. പാഠപുസ്തക പരിഷ്‌കരണം മുതല്‍ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വരെ പലതും സംഘ്പരിവാരം ആസൂത്രണം ചെയ്തു കഴിഞ്ഞു. രാഷ്ട്രീയ ശിക്ഷക് ആയോഗ് മുതല്‍ നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വരെ എല്ലാം സംഘ്പരിവാരത്തിന്റെ സ്വൈരവിഹാരത്തിനനുസരിച്ച് സൃഷ്ടിക്കാനിരിക്കുന്നവയാണ്. സ്വതന്ത്ര ഗവേഷണം ഇല്ലാതാക്കി സങ്കുചിത ദേശീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം അവര്‍ നേരത്തേ എടുത്തതാണ്, അതിനുള്ള നീക്കങ്ങള്‍ നടത്തിയതുമാണ്. ദളിത്, ആദിവാസി, ന്യൂനപക്ഷ ഫെലോഷിപ്പുകള്‍ ഇല്ലാതാക്കിയും വിഹിതങ്ങള്‍ വെട്ടിക്കുറച്ചും ഈ സര്‍ക്കാര്‍ അവരുടെ രാക്ഷസ കോട്ടകള്‍ പണിയുന്ന തിരക്കിലാണ്.
മെഹ്ത ഇപ്പോള്‍ സജീവമായ ഒരു ചര്‍ച്ചയാണ്. അശോക സര്‍വകലാശാല പ്രൊഫസര്‍ മെഹ്തക്ക് നല്‍കിയ മുന്നറിയിപ്പ് പോലെ ഭരണകൂടത്തിന്റെ വേട്ടക്കാര്‍ ഇതിനകം അയാളുടെ വാതിലില്‍ മുട്ടിയിരുന്നെങ്കില്‍ ഇക്കാണുന്ന പ്രതിഷേധങ്ങള്‍ ഒക്കെ കാണുമായിരുന്നോ. പ്രൊഫസര്‍ ഹാനി ബാബുവിനു വേണ്ടി, അക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറ്റു അക്കാദമിക്കുകള്‍ക്ക് വേണ്ടി, ഇവിടെ ഇതുപോലെയുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ടോ? സംഘ്പരിവാരം അടിച്ചേല്‍പ്പിക്കുന്ന ചാപ്പകള്‍ നമ്മുടെയൊക്കെ ലിബറല്‍ ഇടങ്ങളില്‍ ഉണ്ടാക്കുന്ന ആഘാതം തീരെ ചെറുതല്ലാത്തതിനാലാണ് ഹാനി ബാബു അടക്കമുള്ളവര്‍ ഇപ്പോഴും ഇരുട്ടില്‍ കഴിയുന്നത്. അഥവാ മെഹ്തയും ഹാനി ബാബുവും പ്രൊഫസര്‍ സതീഷ് പൊതുവാളും എല്ലാം ഒരേ പക്ഷത്തെ പലവിധ പ്രതീകങ്ങളാണ്. ഭാവനയുടെ, യാഥാര്‍ഥ്യത്തിന്റെ, രണ്ടും ഇടകലര്‍ന്ന വര്‍ത്തമാനത്തിന്റെ, കാല്‍പ്പനികതയുടെ, ലിബറല്‍ പരിമിതികളുടെ, അങ്ങനെയങ്ങനെ പലവിധ ഭാവങ്ങളുടെ. ഈ പ്രതീകങ്ങള്‍ ഒന്നായി മാറുന്നയിടത്ത് ഫാസിസം തോല്‍ക്കുന്ന പുലരി നമ്മള്‍ കാണുമായിരിക്കും.

എന്‍ എസ് അബ്ദുല്‍ഹമീദ്

Latest