Kerala
നെഞ്ചിടിപ്പേറ്റുന്ന 14 മണ്ഡലങ്ങൾ; കന്നി വോട്ടർമാർ കനിയണം

കൊച്ചി | കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടായിരം വോട്ടിൽ താഴെ ഭൂരിപക്ഷമുള്ള 14 മണ്ഡലങ്ങളിൽ ഇക്കുറി പോരാട്ടം തീ പാറും. കുറഞ്ഞ വോട്ടിന് ജയപരാജയം നിശ്ചയിക്കപ്പെട്ട ഈ 14 മണ്ഡലങ്ങളിലും ഇത്തവണ അഭിമാന പോരാട്ടത്തിനാണ് മുന്നണികൾ കോപ്പുകൂട്ടുന്നത്.
വോട്ടർമാരുടെ എണ്ണം ക്രമാതീതമായി കൂടിയ പുതിയ സാഹചര്യത്തിൽ മണ്ഡലങ്ങൾ ആർക്കൊപ്പമെന്ന് എങ്ങനെ കണക്കുകൂട്ടിയിട്ടും മുന്നണികൾക്ക് പിടികിട്ടുന്നില്ല. ആര് വീഴും ആര് വാഴുമെന്നുറപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സകല തന്ത്രങ്ങളും പുറത്തെടുത്താണ് ഇവിടെ മുന്നണികൾ പോർമുഖത്തുള്ളത്. പാർലിമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിലെ സ്വാധീനം മാറിവന്ന സാഹചര്യം കണക്കിലെടുക്കാതെയാണ് മണ്ഡലങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പ്രചാരണം കൊഴുപ്പിക്കുന്നത്. വടക്കാഞ്ചേരി, മഞ്ചേശ്വരം, പീരുമേട്, കൊടുവള്ളി, പെരിന്തൽമണ്ണ, കാട്ടാക്കട, മാനന്തവാടി, കണ്ണൂർ, മങ്കട, കുറ്റ്യാടി, ചങ്ങനാശേരി, ഉടുമ്പൻചോല, കൊച്ചി, കരുനാഗപ്പള്ളി മണ്ഡലങ്ങളിലാണ് രണ്ടായിരത്തിൽ താഴെ വോട്ടുകളിൽ ജയപരാജയം നിർണയിക്കപ്പെട്ടത്. ഇതിൽ ആറ് മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർഥികൾ വിജയിച്ചത്.
കോൺഗ്രസിലെ അനിൽ അക്കര 43 വോട്ടിന് ജയിച്ച വടക്കാഞ്ചേരിയുൾപ്പെടെയുള്ള 14 ഇടങ്ങളിലും കരുത്തരെ തന്നെ ഇക്കുറി മുന്നണികൾ കളത്തിലിറക്കിയിട്ടുണ്ട്. ചിലയിടങ്ങിലുണ്ടായ വിവാദങ്ങൾ ഇനി തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാതിരിക്കാനും പാർട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. 89 വോട്ടിന് ലീഗിലെ പി ബി അബ്ദുർറസാഖ് ജയിച്ചുകയറിയ മഞ്ചേശ്വരത്തും സി പി ഐയിലെ ഇ എസ് ബിജിമോൾ 314 വോട്ടിന് വിജയിച്ച പീരുമേടുമുൾപ്പെടെയുള്ള മണ്ഡലങ്ങളിലും പോരിന് കടുപ്പമേറെയാണ്.
കൊടുവള്ളിയിൽ 573 വോട്ടിന് ജയിച്ച കാരാട്ട് റസാഖിന്റെ തട്ടകത്തിലും 579 വോട്ടിന് വിജയക്കൊടി നാട്ടിയ മഞ്ഞളാംകുഴി അലിയുടെ പെരിന്തൽമണ്ണയിലും പോരിന് വീര്യം കൂടും. കാട്ടാക്കടയിൽ സി പി എമ്മിന്റെ ഐ ബി സതീഷ് 849 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ കരകയറിയത്. ആയിരത്തിൽ താഴെ വോട്ടുകളുള്ള ഈ ആറ് മണ്ഡലങ്ങളിലും ഇത്തവണ 4,000 മുതൽ 14,000വരെയാണ് പുതിയ വോട്ടർമാരുള്ളത്. പരമ്പരാഗത വോട്ടർമാർക്ക് പുറമെ പുതുമുഖ വോട്ടർമാരെയും തങ്ങൾക്കനുകൂലമാക്കാനുള്ള പ്രത്യേക ക്യാമ്പയിനുകളും മറ്റും ഇതിനകം ഇരുമുന്നണികളും തുടങ്ങിക്കഴിഞ്ഞു. ആയിരം മുതൽ രണ്ടായിരം വരെ വോട്ടുകൾക്ക് ജയിച്ചു കയറിയ എട്ട് മണ്ഡലങ്ങളിലും അതിജാഗ്രതയിലാണ് മുന്നണികൾ.
മാനന്തവാടി (1,307), കണ്ണൂർ (1,196), മങ്കട (1,508), കുറ്റ്യാടി (1,157), ചങ്ങനാശ്ശേരി (1,849), ഉടുമ്പൻചോല (1,109), കൊച്ചി (1,086), കരുനാഗപ്പള്ളി (1,759) എന്നിവിടങ്ങളിൽ താര പ്രചാരകരെ ഇറക്കിയുള്ള വോട്ടു നേട്ടത്തിനാണ് മുന്നണികൾ ശ്രമിക്കുന്നത്. 14ൽ ആറെണ്ണം യു ഡി എഫിനും എട്ടെണ്ണം എൽ ഡി എഫിനുമാണ്. ഇതിൽ യു ഡി എഫിന്റെ ഒരു മണ്ഡലത്തിൽ കേരളാ കോൺഗ്രസ് എമ്മാണ് ജയിച്ചു കയറിയത്. കേരളാ കോൺഗ്രസ് കൂടി എൽ ഡി ഫിനൊപ്പമായ സാഹചര്യത്തിൽ നിലവിലുള്ള മണ്ഡലങ്ങൾ ഉറപ്പിച്ചു നിർത്താനും കൂടുതൽ മണ്ഡലങ്ങളിൽ ജയിച്ചു കയറാനാകുമെന്നുമാണ് എൽ ഡി എഫിന്റെ വിലയിരുത്തൽ. എന്നാൽ ഒന്ന് ആഞ്ഞു പിടിച്ചാൽ മണ്ഡലങ്ങളെല്ലാം യു ഡി എഫ് പക്ഷത്തെത്തുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ നിരത്തി യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു. 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തിലുള്ള പ്രതീക്ഷ ബി ജെ പിയും കൈവിട്ടിട്ടില്ല.