Connect with us

Kerala

ഈർക്കിൾ പാർട്ടികൾക്ക് ശനിദശ

Published

|

Last Updated

കണ്ണൂർ | കേരള രാഷ്ട്രീയത്തിൽ ആദ്യ കാലത്ത് നിറഞ്ഞുനിന്ന് ഒടുവിൽ കാലയവനികക്കുള്ളിൽ മറഞ്ഞുപോയ രാഷ്ട്രീയ പാർട്ടികളുണ്ട് കുറേ. ഭരണത്തെ പോലും നിയന്ത്രിച്ചവരായിരുന്നു ഇതിൽ പലതും. ചിലതാകട്ടെ മറ്റ് പ്രമുഖ പാർട്ടികളിൽ ലയിച്ചു. കേരളത്തിലെ ആദ്യകാല തിരഞ്ഞെടുപ്പുകളിൽ നിറഞ്ഞുനിന്ന പാർട്ടികളായിരുന്നു പി എസ് പിയും എസ് എസ് പിയുമൊക്കെ. എൻ ഡി പിയും എസ് ആർ പിയും ഡി എസ് പിയുമുണ്ടായിരുന്നു ഇവിടെ.
1977 വരെ പി എസ് പി കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എസ് എസ് പിക്കാകട്ടെ 1970 വരെ നിയമസഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നു. ജയപ്രകാശ് നാരായൺ, നരേന്ദ്ര ദേവ ബസാവൻ സിംഗ് എന്നിവർ നയിച്ച സോഷ്യലിസ്റ്റ് പാർട്ടി , ജെ ബി കൃപലാനി നയിച്ച കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായി ലയിച്ചാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നത്. 1960 കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു സോഷ്യലിസ്റ്റ് പാർട്ടിയാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി. 1952 മുതൽ 1972 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന രാഷ്ട്രീയ കക്ഷിയാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി. ഡി എസ് പിയും ഡി എൽ പിയും 82 ലാണുണ്ടായിരുന്നത്. അഖിലേന്ത്യാ ലീഗ് മുസ്്ലിം ലീഗിലും ലോക്ദൾ ജനതാദളിലും സി എം പി. സി പി എമ്മിലും കോൺഗ്രസ് എ കോൺഗ്രസ് ഐയിലും ലയിച്ചാണ് പിന്നീട് ഇല്ലാതായത്.

പണ്ട് പ്രതാപമുണ്ടായിരുന്ന ചില പാർട്ടികളാകട്ടെ ഇന്ന് ശോഷിച്ച് എല്ലും തോലുമായി മാറുകയും ചെയ്തു. ഇതിൽ പ്രമുഖരാണ് സോഷ്യലിസ്റ്റുകൾ. ആദ്യ തിരഞ്ഞെടുപ്പിൽ പി എസ് പിക്ക് ഒന്പത് സീറ്റുണ്ടായിരുന്നു. 1960ൽ രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരിച്ചത് പി എസ് പിയുമായി ചേർന്നായിരുന്നു. 67 ലാണ് പി എസ് പി പിളർന്ന് എസ് എസ് പിയും രൂപം കൊണ്ടത്.

സി പി ഐ പിളർപ്പും ഈ കാലത്തായിരുന്നു. കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസ് രൂപം കൊണ്ടതും ഈ വേളയിൽ തന്നെ. എസ് എസ് പിക്ക് 13 സീറ്റുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിൽ. 69ൽ 19 സീറ്റും എസ് എസ് പിക്ക് ലഭിച്ചു. 70ൽ പി എസ് പിക്ക് മൂന്നും എസ് എസ് പിക്ക് ആറും സീറ്റുകളാണ് ലഭിച്ചത്. 77 ൽ എൻ ഡി പി എന്ന പാർട്ടി കൂടിയെത്തി. അവർക്ക് ആ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടാനായി. പിന്നീട് 82 ൽ നാലും 87ൽ ഒന്നും സീറ്റുകൾ ലഭിച്ചു. പിന്നീട് പിളരുകയും നാമാവശേഷമാകുകയുമായിരുന്നു ഈ പാർട്ടി.

77 കാലത്താണ് ലീഗ് രണ്ടായി യൂനിയൻ ലീഗും അഖിലേന്ത്യാ ലീഗുമായത്. കോൺഗ്രസിലെ പിളർപ്പിന് ശേഷം 80 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് യു എൽ ഡി എഫിലായിരുന്നു. അവർക്ക് 21 സീറ്റുകൾ നേടാനായി. ഈ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയും മത്സരത്തിനുണ്ടായിരുന്നു.
എൻ ഡി പിക്ക് അഞ്ചും പി എസ് പിക്ക് ഒന്നും സീറ്റുകൾ ലഭിച്ചു. കോൺഗ്രസ് യു പിളർന്ന് എയും എസുമായി മാറിയതിന് ശേഷമാണ് 82 ലെ തിരഞ്ഞെടുപ്പ്. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി കൂടി നിലവിൽ വന്നു. ഡി എൽ പിയുമുണ്ടായിരുന്നു ഈ കാലത്ത്. കോൺഗ്രസ് എസിന് ഏഴും ഡി എസ് പിക്ക് ഒന്നും സീറ്റ് കിട്ടി. പി എസ് പിക്ക് ഒരു സീറ്റുണ്ടായിരുന്നു. സി പി എമ്മിൽ നിന്ന് പുറത്തുപോയാണ് എം വി രാഘവൻ സി എം പിയും കെ ആർ ഗൗരിയമ്മ ജെ എസ് എസും രൂപവത്കരിക്കുന്നത്. യു ഡി എഫിന്റെ ഭാഗമായി മത്സരിക്കുകയും നിയമസഭയിലെത്തുകയും ചെയ്തു. പിന്നീട് ഇരു പാർട്ടികളും പിളർന്നു.

Latest