Connect with us

Kerala

മുസ്‌ലിം സ്ഥാനാര്‍ഥികള്‍: എല്‍ ഡി എഫ് 28, യു ഡി എഫ് 36

Published

|

Last Updated

കണ്ണൂര്‍ | സ്ഥാനാര്‍ഥികളിലെ മുസ്‌ലിം പ്രാതിനിധ്യം ഇത്തവണയും പതിവുപോലെ തന്നെ. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ എണ്ണം കുറച്ചപ്പോള്‍ സി പി എം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥി ലിസ്റ്റ് പരിശോധിച്ചാല്‍ 280 സ്ഥാനാര്‍ഥികളില്‍ 64 ആണ് മുസ്‌ലിം പ്രാതിനിധ്യം. എല്‍ ഡി എഫ് 28 പേരെ മത്സരിപ്പിക്കുമ്പോള്‍ മുസ്‌ലിം ലീഗ് ഘടക കക്ഷിയായിരുന്നിട്ടും യു ഡി എഫ് 36 മുസ്ലിം സ്ഥാനാര്‍ഥികളെ മാത്രമാണ് നിര്‍ത്തിയിട്ടുള്ളത്.

ബി ജെ പി മുന്നണി രണ്ട് പേരെ മത്സരിപ്പിക്കുന്നു. ഇത്തവണ സി പി എം സംസ്ഥാനത്ത് 85 സീറ്റിലാണ് മത്സരിക്കുന്നത്, ഇതില്‍ 20 സീറ്റിലാണ് മുസ്‌ലിം പ്രാതിനിധ്യം. എന്നാല്‍ 92 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വെറും പതിനൊന്നിടത്ത് മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 14 ഇടത്ത് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. സി പി എം 2016ലെ തിരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളിലാണ് മത്സരിപ്പിച്ചത്. ഇത്തവണ ഒരു സീറ്റ് കൂടി അധികം നല്‍കിയിട്ടുണ്ട്. സി പി ഐ സ്ഥാനാര്‍ഥികളില്‍ ഇത്തവണ നാല് പേരാണ് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍. ആകെ 25 സീറ്റിലാണ് സി പി ഐ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പേരാണുണ്ടായിരുന്നത്. മുസ്‌ലിം ലീഗിന്റെ 27 സ്ഥാനാര്‍ഥികളില്‍ രണ്ട് പേരാണ് മുസ്‌ലിം വിഭാഗക്കാരല്ലാത്തവര്‍.

ബി ജെ പി മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്. മൂന്ന് സീറ്റില്‍ മത്സരിക്കുന്ന എന്‍ സി പി ഒരു മണ്ഡലത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളയാളെ മത്സരിപ്പിക്കുന്നുണ്ട്.
ഐ എന്‍ എല്ലിന്റെ മൂന്ന് സ്ഥാനാര്‍ഥികളും മുസ്‌ലിം സമുദായത്തില്‍ നിന്ന് തന്നെയുള്ളവരാണ്. ജനതാദള്‍ എസ്, ലോക് താന്ത്രിക് ദള്‍, ആര്‍ എസ് പി എന്നിവര്‍ പൂര്‍ണമായും മുസ്‌ലിം സമുദായത്തെ തഴഞ്ഞു.

മൂന്ന് വീതം സീറ്റുകളിലാണ് ഇരു ദളുകളും മത്സരിക്കുന്നത്. എല്‍ ജെ ഡി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ശേഖ് പി ഹാരിസിന്റെയും സലീം മടവൂരിന്റെയും പേര് പരിഗണിച്ചിരുന്നുവെങ്കിലും നറുക്ക് വീണില്ല. ആര്‍ എസ് പി അഞ്ചിടത്താണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എ എ അസീസ് മത്സരിച്ചിരുന്നുവെങ്കിലും ഇത്തവണ അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് കഴിഞ്ഞ തവണ പേരാമ്പ്രയില്‍ മുഹമ്മദ് ഇഖ്ബാല്‍ മത്സരിച്ചിരുന്നുവെങ്കിലും സി പി എമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റ് അവര്‍ തിരിച്ചെടുക്കുകയായിരുന്നു.

കാലാവധി പൂര്‍ത്തിയാക്കുന്ന നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 32 ആയിരുന്നു. ഇതില്‍ 18 പേര്‍ മുസ്‌ലിം ലീഗില്‍ നിന്നാണ്. പത്ത് പേരാണ് സി പി എമ്മില്‍ നിന്നുള്ളവര്‍. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്‌ലിം പ്രാതിനിധ്യം വെറും മൂന്ന് മാത്രമാണ്. ഇതില്‍ ഒന്ന് ഉപതിരഞ്ഞെടുപ്പിലൂടെ ലഭിച്ചതുമാണ്. യു ഡി എഫില്‍ മുസ്‌ലിം ലീഗില്‍ നിന്ന് കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളുണ്ടാകുന്നുവെന്നതാണ് കോണ്‍ഗ്രസ് മുസ്‌ലിം നേതാക്കളെ തഴയാന്‍ കാരണം.

Latest