Connect with us

Kerala

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് തുടക്കം

Published

|

Last Updated

മാനന്തവാടി | അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ബി ജെ പിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചും ദേശീയ അന്വേഷണ ഏജന്‍സികളെ താക്കീത് ചെയ്തും മുഖ്യമന്ത്രിയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വയനാട്ടില്‍ തുടക്കം. 60000 കോടിയുടെ വികസനമാണ് കിഫ്ബി വഴി കേരളത്തില്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കിഫ്ബിയെയാണ് തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കിഫ്ബിയെ തകര്‍ക്കാന്‍ ബി ജെ പി ഉപയോഗിക്കുന്നു. അതുകൊണ്ടൊന്നും കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി മാനന്തവാടിയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.

കിഫ്ബിക്ക് നേതൃത്വം നല്‍കുന്നത് രാജ്യാന്തരതലത്തില്‍ പ്രശസ്താരായ സാമ്പത്തിക വിദ്ഗദരാണ്. റിസര്‍വ് ബേങ്കിന്റെ അനുമതിയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തെ ഒന്ന് വിരട്ടാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. എന്നാല്‍ ഇത് നിങ്ങള്‍ക്ക് വിരട്ടാന്‍ പറ്റിയ മണ്ണല്ല. നിയമവിരുദ്ധമായ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇവിടെ ഒരുങ്ങി കഴിഞ്ഞു. അതുകൊണ്ട് നേരായ കളിയുമായി ഇങ്ങോട്ട് വന്നാല്‍ മതി. അല്ലെങ്കില്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് ഇന്ന് കേരളം. ഇത് കേന്ദ്രം നടത്തിയ പഠനത്തില്‍ തന്നെ വ്യക്തമായതാണ്. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം എന്നതിനാല്‍ നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ എത്തുകയാണ്. യു ഡി എഫ് ഭരണത്തില്‍ കേരളം അറിയപ്പെട്ടത് അഴിമതിയുടേയും മറ്റ് ദുഷ്പ്രവത്തികളുടേയും പേരിലായിരുന്നു. ഇതില്‍ നിന്നും കേരളത്തെ രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി മാറ്റാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ പലതും 2016ല്‍ അധികാരത്തില്‍ എത്തിയ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കി. ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞു. ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കി. നാടിന്‍ ഉപകാരമായ ഈ രണ്ട് പദ്ധതികളും യു ഡി എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച അവസ്ഥയായിരുന്നു. ഇതില്‍ നിന്നാണ് ഏറ്റെടുത്ത് എല്‍ ഡി എഫ് പൂര്‍ത്തീകരിച്ചത്. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവക്ക് പതിനായിരം കോടി രൂപ കിഫ്ബി വഴി കണ്ടെത്തി. പ്രവൃത്തി വലിയ തോതില്‍ പുരോഗമിക്കുന്നു. പല ഭാഗത്തും ഇതിന്റെ പണി പൂര്‍ത്തീകരിച്ചു. പൊതുവിദ്യാഭ്യാസം ഉന്നത നിലവാരം കൈവരിച്ചു. ആധുനിക സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ നിലവില്‍ വന്നു. ഉന്നത വിഭ്യാഭ്യാസം മികവിന്റെ കേന്ദ്രമായി മാറുന്നു.

രാജ്യം ഭരിക്കുന്നവര്‍ മതനിരപേക്ഷത തകര്‍ക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കും. ബി ജെ പിയും കോണ്‍ഗ്രസും ഒരേ സാമ്പിക നയമാണ് പിന്തുടരുന്നത്. ഇതില്‍ നിന്ന് വിത്യസ്തമായി ഒരു ബദല്‍ നയം കേരളത്തില്‍ എല്‍ ഡി എഫ് നടപ്പാക്കുന്നു. ആഗോള വത്കരണ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ ലോകത്ത് ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ നടത്തുന്നവരെല്ലാം വലിയ പ്രതീക്ഷയോടെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് കരുത്തേകുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാകും കേരളത്തില്‍ നിന്നുണ്ടാകുക. ദേശീയതലത്തില്‍ ബി ജെ പിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്നോട്ട്‌പോക്കിനെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്ു.

 

 

Latest