Connect with us

Pathanamthitta

അങ്കം മുറുകുമ്പോള്‍ ചോദിക്കാന്‍ പലതുണ്ട്; ആറന്‍മുളയില്‍ മല്‍സരത്തിന് കാഠിന്യമേറും

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ “അങ്കം മുറുകുമ്പോള്‍ ചോദിക്കാന്‍ പലതുണ്ട്” സൂചന നല്‍കി പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദം. മറന്നതും മറക്കാനാഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ ചികഞ്ഞെടുത്ത് ഓര്‍മപ്പെടുത്തിയപ്പോള്‍ ആറന്‍മുളയില്‍ മല്‍സരത്തിന് കാഠിന്യമേറും എന്ന കാര്യം സ്ഥാനാര്‍ഥികള്‍ക്കും ഉറപ്പായി. സിറ്റിങ് എം എല്‍ എ എല്‍ ഡി എഫിലെ വീണ ജോര്‍ജ്, യു ഡി എഫ് സ്ഥാനാര്‍ഥി മുന്‍ എം എല്‍ എ അഡ്വ. കെ ശിവദാസന്‍ നായര്‍, എന്‍ ഡി എ സ്ഥാനാര്‍ഥി ബിജു മാത്യു എന്നിവരാണ് പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദം “ജനവിധി 2021” ല്‍ പരസ്പരം ആരോപണ, പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്. ഒറ്റ ബി എം ആന്‍ഡ് ബി സി റോഡുകളില്ലാതിരുന്ന ആറന്മുളയില്‍ ഇപ്പോള്‍ വികസനത്തിന്റെ കുതിച്ചു ചാട്ടമാണെന്നാണ് വീണാ ജോര്‍ജ് അവകാശപ്പെട്ടു. ഇതിനായി കിഫ്ബി പദ്ധതി വഴി യാഥാര്‍ത്ഥ്യമാക്കിയ റോഡുകളുടെയും പാലങ്ങളുടെയും സ്‌കൂളുകളുടെയും പട്ടിക തന്നെ വീണ ജോര്‍ജ് അവതരിപ്പിച്ചു.

ആരോഗ്യ മേഖലയിലെ സംഭാവന വ്യക്തമാക്കാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത് ലാബ്, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം ലഭിമായിരുന്ന നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയ്യറ്റര്‍ എന്നിവയുടെ കാര്യം ചൂണ്ടിക്കാട്ടി. ഇലന്തൂര്‍ ഗവ ആര്‍ട്സ് കോളജിന് സ്വന്തമായി ഭൂമി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അബാന്‍ ജങ്ഷനിലെ മേല്‍പ്പാല നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ട്. ജില്ലാ സ്റ്റേഡിയവും ഉടന്‍ യാഥാര്‍ത്ഥ്യമാകും. കവയിത്രി സുഗതകുമാരി ടീച്ചറിന്റെ തറവാട് പുതുക്കി പണിയുന്നതിനുള്ള നടപടികള്‍ തുടങ്ങി. ആറന്മുളയില്‍ ആറ് കോടിയുടെ ഹെറിറ്റേജ് മ്യൂസിയം നിര്‍മ്മിക്കുന്നതിനുള്ള നടപടികളാകുന്നു. നിരവധി കുടിവെള്ള പദ്ധതികളാണ് ആരംഭിച്ചത് എന്നിങ്ങനെ പോകുന്നു സിറ്റിങ് എം എല്‍ എയുടെ അവകാശവാദം.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം വികസനത്തിന് അവധിയായിരുന്നു എന്ന് ആരോപണം ഉയര്‍ത്തി എം എല്‍ എയുടെ അവകാശ വാദങ്ങളെ ശിവദാസന്‍ നായര്‍ ചോദ്യം ചെയ്തു. പ്രഖ്യാപനങ്ങളല്ലാതെ വികസന പ്രവര്‍ത്തനങ്ങളൊന്നും ആറന്മുള മണ്ഡലത്തില്‍ നടന്നില്ലെന്നായിരുന്നു ആരോപണം. പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്നവും കെ എസ ്ആര്‍ ടി സി കെട്ടിട സമുച്ചയം നിര്‍മാണം പാതി വഴിയിലെത്തിയപ്പോള്‍ ഉദ്ഘാടനം ചെയ്ത നടപടിയും ശിവദാസന്‍ നായര്‍ ചോദ്യം ചെയ്തു. സൂപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല ഭക്്തര്‍ക്ക് നേരേയുണ്ടായ അനിഷ്ട സംഭവങ്ങളും ശിവദാസന്‍ നായര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് ആയതിനാല്‍ സംസ്ഥാന രാഷ്ട്രീയം ഭരണത്തിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങള്‍, സി പി എം സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചയാകുനെന്നും രാഷ്ട്രീയ മല്‍സരത്തില്‍ യു ഡി എഫ് വന്‍ വിജയം നേടുമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. വികസന കാര്യങ്ങളില്‍ ഇരുമുന്നണികളും പഴിചാരി രക്ഷപെടുകയാണെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി ബിജു മാത്യു പറഞ്ഞു. ഇരുമുന്നണികളുടെയും സര്‍ക്കാരുകളുടെ അവസാന കാലങ്ങളില്‍ കുറെ ഉദ്ഘാടന മാമാങ്കം നടത്തുകയല്ലാതെ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടക്കാറില്ല. കെ കെ നായര്‍ എം എല്‍ എ ആയിരുന്നപ്പോള്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളല്ലാതെ പത്തനംതിട്ട ടൗണില്‍ മറ്റൊന്നും നടന്നിട്ടില്ലെന്നും ബിജു മാത്യു പറഞ്ഞു. സ്ത്രീ സുരക്ഷ, ആംബുലന്‍സിലെ പീഡനം, പത്തനംതിട്ട നഗരത്തിലെ രാത്രികാല സഞ്ചാര സ്വാതന്ത്രം, ആറന്‍മുള വിമാനത്താവളം, സി പി എം അംഗമായ ബിജു മാത്യു ബി ജെ പി സ്ഥാനാര്‍ഥിയാക്കപ്പെട്ടതെല്ലാം സംവാദത്തിന്റെ ഭാഗമായി ചര്‍ച്ചയിലെത്തി.

Latest