Connect with us

Kerala

പി എം എ സലാമിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല; ലീഗ് നേതൃത്വത്തില്‍ കടുത്ത ഭിന്നത

Published

|

Last Updated

കോഴിക്കോട് | പി എം എ സലാമിന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയതിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത പ്രതിഷേധം. പ്രമുഖ ഭാരവാഹികള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് വിളിച്ച് പ്രതിഷേധമറിയിച്ചു. ഈയടുത്ത് പാര്‍ട്ടിയിലേക്ക് കടന്നു വന്ന പി എം എ സലാമിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയത് ആ പദവിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ഒരു മുതിര്‍ന്ന നേതാവ് സിറാജ് ലെെവിനോട് പറഞ്ഞത്. പ്രമുഖരായ രണ്ട് നേതാക്കള്‍ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതെ സമയം, തിരൂരങ്ങാടിയില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധം തണുപ്പിക്കാനായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഫോര്‍മുലയുടെ ഭാഗമാണ് പി എം എ സലാമിന് ലഭിച്ച പുതിയ പദവിയെന്നാണ് വിവരം. സലാമിനെ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുക്കുന്നതിനിടക്കാണ് രംഗം തണുപ്പിക്കാനുള്ള ഫോര്‍മുല.

എന്നാല്‍, സലാമിന് പുതിയ പദവി ഏല്‍പ്പിക്കപ്പെട്ടതോടെ സംസ്ഥാന ഭാരവാഹികള്‍ക്കിടയിലുയര്‍ന്ന പ്രതിഷേധം ലീഗിന്  തലവേദന വര്‍ധിപ്പിച്ചിരിക്കുകയാണ്. 2011ലാണ് കെ പി എ മജീദിനെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഐ എന്‍ എല്‍ നേതാവായിരുന്ന പി എം എ സലാം നേരത്തെ കോഴിക്കോട്ട് നിന്ന് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് രാജി വെച്ച് മുസ്‌ലിം ലീഗില്‍ ചേരുകയായിരുന്നു.