Connect with us

Editorial

മുസ്‌ലിംവിരുദ്ധ ക്രൗര്യം അഥവാ രജപക്‌സേയിസം

Published

|

Last Updated

ഭയന്നത് തന്നെയാണ് ശ്രീലങ്കയില്‍ സംഭവിക്കുന്നത്. മുസ്‌ലിംകള്‍, തമിഴര്‍ തുടങ്ങി ന്യൂനപക്ഷങ്ങളെയാകെ ദേശീയ ധാരയില്‍ നിന്ന് അകറ്റുന്ന രജപക്‌സേയിസം അതിന്റെ എല്ലാ ക്രൗര്യങ്ങളും പുറത്തെടുക്കുകയാണ്. മഹീന്ദാ രജപക്‌സേ പ്രധാനമന്ത്രിയായും തന്റെ ഇളയ സഹോദരന്‍ ഗോതബയ രജപക്‌സേ പ്രസിഡന്റായും വന്ന ശേഷം, സങ്കലിത പാരമ്പര്യമുള്ള ഈ രാജ്യം സിംഹള ഭൂരിപക്ഷ യുക്തിയിലേക്ക് അതിവേഗം കൂപ്പുകുത്തുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയും അതിദേശീയതയും ലക്ഷണമൊത്ത രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നു. ജനങ്ങളുടെ മതവികാരം ഇളക്കിവിട്ടാല്‍ മറ്റൊന്നും പ്രശ്‌നമല്ലാത്ത അവസ്ഥ. ലോകത്താകെ പരക്കുന്ന ഈ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷണമൊത്ത നിദര്‍ശനമായി തീര്‍ന്നിരിക്കുന്നു ശ്രീലങ്ക. ഈ മാറ്റത്തിന്റെ ഭാഗമാണ് മുസ്‌ലിംകള്‍ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. ബുര്‍ഖ ധരിക്കുന്നത് നിരോധിക്കാനും ആയിരത്തിലധികം മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമാണ് ലങ്കന്‍ സര്‍ക്കാറിന്റെ നീക്കം. “ദേശീയ സുരക്ഷ”യുടെ ഭാഗമായാണ് ബുര്‍ഖ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര വ്യക്തമാക്കിയിരിക്കുന്നു. മുന്‍ കാലങ്ങളിലൊന്നും രാജ്യത്തെ മുസ്‌ലിം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ലെന്നും അടുത്തിടെയുണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ് ഇതെന്നുമാണ് മന്ത്രിയുടെ ഭാഷ്യം. ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആയിരത്തിലധികം മദ്‌റസകളും മതസംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മുസ്‌ലിം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന ഈ നയം തിരുത്താന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇടപെടേണ്ടി വന്നു. അമേരിക്കയുടെ അന്ത്യശാസനം കൂടി വന്നതോടെ ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മുസ്‌ലിംവിരുദ്ധ നീക്കവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

രജപക്‌സേ സഹോദരന്മാരുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരുമുന (ശ്രീലങ്ക പീപ്പിള്‍സ് ഫ്രണ്ട്) 2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 225ല്‍ 145 സീറ്റുകളുടെ സമ്പൂര്‍ണ വിജയം നേടിയാണ് അധികാരമുറപ്പിച്ചത്. ഇന്ത്യയില്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും രാഷ്ട്രീയ വിജയത്തോട് പെരുമുനയുടെ സര്‍വാധിപത്യത്തിന് ഏറെ സാമ്യമുണ്ട്. സൈന്യത്തിന് അമിത പ്രാധാന്യം, അധികാര കേന്ദ്രീകരണം, ന്യൂനപക്ഷ വേട്ട, ചരിത്ര നിരാസം, തീവ്ര ദേശീയത തുടങ്ങിയ ആയുധങ്ങള്‍ തന്നെയാണ് രജപക്‌സേമാരെയും അധികാരത്തിലെത്തിച്ചത്. തമിഴ് പുലികള്‍ക്കെതിരായ സൈനിക ദൗത്യത്തിന് പ്രസിഡന്റ് എന്ന നിലയില്‍ മഹീന്ദ രജപക്‌സേ നല്‍കിയ നേതൃത്വമാണ് അദ്ദേഹത്തെ സിംഹള വര്‍ഗീയതയുടെ ചാമ്പ്യനാക്കിയത്. വ്യക്തിപരമായ പകപോക്കല്‍ പോലെയാണ് അദ്ദേഹം ആ ദൗത്യം നിര്‍വഹിച്ചത്. വേലുപ്പിള്ള പ്രഭാകരനെ വകവരുത്താനിറങ്ങിയപ്പോള്‍ പട്ടാളം കൊന്നുതള്ളിയ തമിഴരുടെ ചോര ഇന്നും അദ്ദേഹത്തിന്റെ കൈകളിലുണ്ട്.

പിന്നീട് തമിഴ്, മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നിതാന്തമായ ഭയത്തിലേക്ക് എടുത്തെറിയപ്പെടുകയും സിംഹള ബുദ്ധ ഭൂരിപക്ഷം സര്‍വ മേഖലയിലും പിടിമുറുക്കുകയും ചെയ്തു. ഈ ഭൂരിപക്ഷ ഏകീകരണത്തിന്റെ രാഷ്ട്രീയ നായകനായി മഹീന്ദ രജപക്‌സേ മാറി. ബോധു ബല സേനയെന്ന ബുദ്ധ തീവ്രവാദി സംഘടനയുടെ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഇന്നത്തെ പ്രസിഡന്റ് ഗോതബയ. ആഭ്യന്തര സുരക്ഷ അപകടത്തില്‍ എന്നതായിരുന്നു 2019ലെ തിരഞ്ഞെടുപ്പില്‍ പൊതുജന പെരുമുനയുടെ പ്രധാന പ്രചാരണം. നിയമവാഴ്ച വീണ്ടെടുക്കാന്‍ ശക്തനായ നേതാവ് അനിവാര്യമെന്ന പ്രചാരണം അഴിച്ചുവിട്ടു. ഈ പ്രചാരണത്തിലുടനീളം വര്‍ഗീയ ചുവയുണ്ടായിരുന്നു. 2019 ഏപ്രിലില്‍, ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകള്‍ക്ക് നേരേ ഭീകരാക്രമണം നടത്തി 269 പേരെ വകവരുത്തിയ സലഫി തീവ്രവാദികളാണ് ഈ പ്രചാര വേലക്ക് വഴിമരുന്നിട്ടു കൊടുത്തത്. സലഫികള്‍ ബുദ്ധ വര്‍ഗീയതക്ക് സുവര്‍ണാവസരമൊരുക്കുകയായിരുന്നു. ഈ ചോരക്കളിയുടെ പാപഭാരം മുഴുവന്‍ മുസ്‌ലിംകള്‍ക്ക് മേല്‍ കെട്ടിവെക്കുകയാണ് സിംഹള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തത്. ഒരു വശത്ത് ഭീകരാക്രമണ ഭീതി സൃഷ്ടിച്ചു. മറുവശത്ത് മുസ്‌ലിം ജനസാമാന്യത്തെ പരമാവധി ഒറ്റപ്പെടുത്തി. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. തൊഴില്‍ മേഖലയില്‍ നിന്ന് യുവാക്കളെ പിരിച്ചുവിട്ടു. അടിയന്തരാവസ്ഥയുടെ മറവില്‍ നൂറുകണക്കിന് ചെറുപ്പക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്തു. ഈ നടപടികള്‍ ഭൂരിപക്ഷ വര്‍ഗീയ വികാരം ആളിക്കത്തിച്ചു. ശ്രീലങ്കയിലെ മതേതര ചേരി അതിവേഗം ദുര്‍ബലമാകുകയും സിംഹള വീര്യം അതിശക്തമാകുകയുമായിരുന്നു.

ശക്തമായ ഇസ്‌ലാമിക പാരമ്പര്യമുള്ള നാടാണ് ശ്രീലങ്ക. നിരവധി പുണ്യ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും സമാധാന പ്രിയരും പാരമ്പര്യവാദികളുമാണ്. വിദേശത്ത് നിന്ന് പഠിച്ചുവന്ന ഏതാനും സലഫി നേതാക്കളുടെ ചെയ്തികളാണ് മുസ്‌ലിംകള്‍ക്ക് മേല്‍ തീവ്രവാദ മുദ്ര ചാര്‍ത്തിയത്. ഇത് അവസരമാക്കുകയാണ് രജപക്‌സേ ഭരണകൂടം. സിംഹള രാഷ്ട്രീയ രഥയാത്ര രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യം തകര്‍ത്തെറിഞ്ഞ് മുന്നോട്ട് കുതിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ രൂപമായേ ബുര്‍ഖ നിരോധനത്തെയും മദ്‌റസകള്‍ക്കെതിരായ നീക്കത്തെയും കാണാനാകൂ. മധ്യകാന്‍ഡി, അലുത്ഗാമ തുടങ്ങിയ മുസ്‌ലിം കേന്ദ്രങ്ങളില്‍ പല തവണ മുസ്‌ലിംകള്‍ക്കു മേല്‍ ബുദ്ധ തീവ്രവാദികള്‍ കലാപം അഴിച്ചു വിട്ടതാണ്. ഇത്തരം അതിക്രമങ്ങള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും പ്രോത്സാഹനമാകാന്‍ മാത്രമേ ഈ നീക്കം ഉപകരിക്കുകയുള്ളൂ.

Latest