Kerala
കോണ്‍ഗ്രസ്, ബിജെപി പട്ടിക ഇന്ന്; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം ഇന്നത്തോടെ പൂര്‍ത്തിയാകും. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ കൂടി പ്രഖ്യാപിക്കപ്പെടുന്നതോടെ സംസ്ഥാനം പൂര്‍ണമായും തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കും.
ഡല്‍ഹിയിലാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാക്കള്‍ ദിവസങ്ങളായി ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പലയിടങ്ങളിലും സീറ്റിന് അവകാശവാദവുമായി നിരവധി പേര്‍ രംഗത്തുള്ളതിനാല്‍ കോണ്‍ഗ്രസിന്റെ അന്തിമ പട്ടിക തയ്യാറാക്കുക ക്ലേശകരമായ ദൗത്യമാണ്.
ബിജെപി കേരളത്തില്‍ വിജയിച്ച ഒരേ ഒരു സീറ്റായ നേമത്ത് ആര് മത്സരിക്കുമെന്നതാണ് കോണ്‍ഗ്രസ് പട്ടികയില്‍ ജനം ഉദ്വേഗത്തോടെ കാത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേമത്തും അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും മത്സരിക്കുവാന്‍ തീരുമാനിച്ചതായാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ കെ മുരളീധരനെ നേമത്ത് ഇറക്കുവാനുള്ള ചർച്ചകളാണ് അന്തിമ ഘട്ടത്തിൽ നടക്കുന്നത് എന്ന സൂചനയുണ്ട്. മുരളീധരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിൽ മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. ശക്തനായ ഒരു സ്ഥാനാര്‍ഥിയെ മുന്നില്‍വെച്ച് നേമം സീറ്റ് ബിജെപിയില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ബിജെപിയിലും സീറ്റിനായി തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. നടന്‍ സുരേഷ് ഗോപി അടക്കമുള്ളവരെ രംഗത്തിറക്കുവാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. നേമത്തോ വട്ടിയൂര്‍കാവിലോ ആകും സുരേഷ് ഗോപി ഇത്തവണ പരീക്ഷണത്തിനിറങ്ങുകയെന്നാണ് കരുതുന്നത്.