Connect with us

Ongoing News

മോഹൻ ബഗാനെ തകർത്ത് ഐ എസ് എല്ലിലെ കന്നിക്കിരീടം നേടി മുംബൈ

Published

|

Last Updated

മഡ്ഗാവ് | എ ടി കെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആധികാരികമായി പരാജയപ്പെടുത്തി ഐ എസ് എല്ലിലെ കന്നിക്കിരീടം നേടി മുംബൈ സിറ്റി എഫ് സി. അവസാനം വരെ സമനില നീണ്ട കളിയിൽ 90ാം മിനുട്ടിൽ ബിപിൻ സിംഗിന്റെ ബൂട്ടിലൂടെയാണ് മുംബൈ വിജയം നേടിയത്. മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ ഗോള്‍ നേടാന്‍ എ ടി കെക്ക് സാധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനുട്ടുകളില്‍ എ ടി കെയുടെ സെല്‍ഫ് ഗോളില്‍ മുംബൈ സമനില നേടി.

മൂന്നാം മിനുട്ടില്‍ തന്നെ കളിയിലെ ആദ്യ ഫൗള്‍ വന്നു. മുംബൈയുടെ ആദം ലെ ഫോന്ദ്രയുടെ മുട്ടിന് ലെന്നി റോഡ്രിഗസ് ഇടിച്ചതാണ് കാരണം. 12ാം മിനുട്ടില്‍ എ ടി കെയുടെ ജേവിയര്‍ ഹെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് പോയത് മുംബൈക്ക് ആശ്വാസമായി.

എന്നാല്‍ അധികം വൈകാതെ പതിനെട്ടാം മിനുട്ടില്‍ കളിയിലെ ആദ്യ ഗോള്‍ പിറന്നു. റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ ഡേവിഡ് വില്യംസ് എ ടി കെക്ക് വേണ്ടി കലാശപ്പോരിലെ ആദ്യ ഗോള്‍ നേടി. മുംബൈയുടെ അഹ്മദ് ജഹൂഹില്‍ നിന്ന് പന്ത് കൊത്തിപറിച്ചാണ് റോയ് കൃഷ്ണ ഗോളിന് സഹായം നല്‍കിയത്. 20ാം മിനുട്ടില്‍ കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി തേജസ് നഗ്വേങ്കര്‍ ഉയര്‍ത്തി. മുംബൈയുടെ ഹെര്‍ണന്‍ സന്താനക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

എ ടി കെയുടെ ഗോളടി സന്തോഷം അധികം നീണ്ടുനിന്നില്ല. എ ടി കെ താരം തിരിയുടെ പ്രതിരോധ ഹെഡര്‍ സ്വന്തം വലയിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ മുംബൈക്ക് സമനിലയായി. ബിപിന്‍ സിംഗിന്റെ ലോംഗ് ബോള്‍ ഷൂട്ട് ഫലപ്രദമായി ഹെഡര്‍ ചെയ്ത് ഒഴിവാക്കാന്‍ ബാലന്‍സ് തെറ്റിയതിനാല്‍ തിരിക്ക് സാധിച്ചില്ല. തുടര്‍ന്നാണ് ഇത് വലയിലേക്ക് പതിച്ചത്. 31ാം മിനുട്ടില്‍ മുംബൈ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും എ ടി കെയുടെ കാവല്‍ ഭടന്‍ അരിന്ദം ഭട്ടാചാര്യ ഫലപ്രദമായി തടയുകയായിരുന്നു.

ഒന്നാം പകുതിയില്‍ കൂടുതല്‍ സമയവും പന്ത് മുംബൈയുടെ കൈവശമായിരുന്നു. പ്രതിരോധിച്ച് കളിക്കുന്നതിലാണ് എ ടി കെ ഊന്നിയതെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചു. 45ാം മിനുട്ടില്‍ മുംബൈയുടെ ആമി റണാവാഡെക്ക് പരുക്കേറ്റ്. ആംബുലന്‍സിലാണ് അദ്ദേഹത്തെ മൈതാനത്ത് നിന്ന് കൊണ്ടുപോയത്. തുടര്‍ന്ന് മുഹമ്മദ് റാകിപ് പകരമിറങ്ങി.

49ാം മിനുട്ടില്‍ എ ടി കെയുടെ കാള്‍ മക്ഹഫിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 58ാം മിനുട്ടില്‍ ഹ്യൂ ബൗമൂസിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും വിജയപ്രദമായില്ല. 56ാം മിനുട്ടില്‍ എ ടി കെ ഗോളി അരിന്ദം ഭട്ടാചാര്യ മറ്റൊരു ഉഗ്രന്‍ സേവ് കൂടി നടത്തി. 55, 60 മിനുട്ടുകളില്‍ എ ടി കെയുടെ പ്രീതം കോട്ടലിനും മുംബൈയുടെ വിഗ്നേശ് ദക്ഷിണാമൂര്‍ത്തിക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ 71, 84 മിനുട്ടുകളില്‍ പകരക്കാരെ മുംബൈ ഇറക്കി. സൂപ്പര്‍താരം ബര്‍തോലോമേവ് ഒഗ്ബച്ചെ, ആദം ലെ ഫോന്ദ്രേക്ക് പകരവും ഹ്യൂഗോ ബൗമൂസിന് പകരം കയ് ഗോദാര്‍ദും ഇറങ്ങി. 85ാം മിനുട്ടില്‍ ജയേഷ് റാണെക്ക് പകരം ലെന്നി റോഡ്രിഗസിനെ എ ടി കെയും ഇറക്കി. ഇതേ മിനുട്ടില്‍ എ ടി കെയുടെ തിരിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

90ാം മിനുട്ടിലാണ് കളിയുടെ ഗതി നിര്‍ണയിച്ച ഗോള്‍ പിറന്നത്. ബിപിന്‍ സിംഗിന്റെ ബൂട്ടില്‍ പിറന്ന ഗോള്‍ മുംബൈക്ക് കന്നിക്കിരീടം നേടിക്കൊടുത്തു. നിശ്ചിത സമയം പൂര്‍ത്തിയായതിനെ തുടര്‍ന്ന് റഫറി നാല് മിനുട്ട് അധികം നല്‍കി. അധിക സമയത്ത് ജാവിയര്‍ ഹെര്‍ണാണ്ടസിനെ പിന്‍വലിച്ച് മാഴ്‌സെലോ പെരീരയെ എ ടി കെ ഇറക്കി. ഗോള്‍ നേടിയ ബിപിന്‍ സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചതും അധിക സമയത്തായിരുന്നു.

Latest