Kerala
കേരളത്തില്‍നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് തമിഴ്‌നാട്

തിരുവനന്തപുരം | കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ . ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ തമിഴ്‌നാട് സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് കേരളം തമിഴ്‌നാട് സര്‍ക്കാറുമായി ബന്ധപ്പെട്ടത്.
കൊവിഡ് പശ്ചാത്തലത്തില്‍ തമിഴ്‌നാട് നിയന്ത്രണം കര്‍ശനമാക്കിയെന്നും വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലെത്താന്‍ ഇനി ഇ പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം എന്നുമായിരുന്നു വാര്‍ത്ത . ഇക്കാര്യം കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ പാലക്കാട് കലക്ടറെ ഔദ്യോഗികമായി അറിയിച്ചതാണെന്നും പ്രചാരണം ഉണ്ടായിരുന്നു.