National
ഒടിപി സേവനങ്ങള്‍ തടസ്സപ്പെട്ടു; സ്പാം സന്ദേശങ്ങള്‍ തടയുന്നതിനുള്ള സംവിധാനം ട്രായ് തത്കാലത്തേക്ക് നിര്‍ത്തി

ന്യൂഡല്‍ഹി | സ്പാം എസ്എംഎസ് സന്ദേശങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുള്ള ടെലികോം കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സ് (ടിസിസിപിആര്‍) 2018 താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തീരുമാനിച്ചു. ഒടിപി ഉള്‍പ്പെടെ എസ്എംഎസ് സേവനങ്ങളില്‍ തടസ്സം നേരിടുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് നടപടി.
ടെലികോം ഓപ്പറേറ്റര്‍മാര്‍ പുതിയ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി (ഡിഎല്‍ടി) പ്രക്രിയ നടപ്പാക്കിയതോടെ എസ്എംഎസ് സന്ദേശങ്ങളിലൂടെ ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) ലഭിക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു. കൂടാതെ കോവിന്‍ രജിസ്‌ട്രേഷന്‍, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, ടു സ്‌റ്റേജ് ഓതന്റിക്കേഷന്‍ തുടങ്ങിയവയെയും പരിഷ്‌കാരം ബാധിച്ചു.
തത്കാലത്തേക്കാണ് ടിസിസിപിആര്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതോടെ ഒടിപി സേവനങ്ങള്‍ പഴയപടിയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റു സേവനങ്ങളും ഉടന്‍ സാധാരണ നിലയിലാകും.
സസ്‌പെന്‍ഷന്‍ ഒരു പ്രത്യേക കാലയളവിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ടോ അല്ലെങ്കില്‍ അനിശ്ചിതകാലത്തേക്കാണോ എന്നതിനെക്കുറിച്ച് ട്രായ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.