Connect with us

Editorial

പാഴാക്കുന്ന ഭക്ഷണം മതി ദാരിദ്ര്യ നിർമാർജനത്തിന്

Published

|

Last Updated

ലോകസമൂഹം പാഴാക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ കണക്ക് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പുറത്ത് വിടുകയുണ്ടായി. ഉപയോഗിക്കാവുന്ന ഭക്ഷ്യ വസ്്തുക്കളുടെ 17 ശതമാനവും (93.1 കോടി ടൺ)ആഗോള ജനത പാഴാക്കുകയാണത്രേ. യു എന്നിന്റെ ഭക്ഷ്യമാലിന്യ സൂചികാ റിപ്പോർട്ട് 2021 ലേതാണ് ഈ കണക്ക്. ഭൂമിയിലുള്ളവരെ മുഴുവൻ ഏഴ് തവണ ഭക്ഷിപ്പിക്കാനുള്ള വിഭവങ്ങൾ വരുമിത്. 2019 വർഷത്തിലെടുത്ത ഈ കണക്കുകൾ അടുത്ത ദിവസമാണ് പുറത്തുവന്നത്. ഭക്ഷണം പാഴാക്കുന്നതിൽ സമ്പന്നരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. വരുമാനം കണക്കിലെടുക്കാതെ എല്ലാ രാജ്യങ്ങളിലും എല്ലാ വിഭാഗം ജനങ്ങളും ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നുണ്ട്. ഹോട്ടലുകളേക്കാളും വീടുകളിലാണ് കൂടുതലായി ഭക്ഷണം പാഴാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ കാര്യം പ്രത്യേകമെടുത്താൽ 2019 ൽ പാഴായത് 6.8 ടൺ കോടി ഭക്ഷ്യവസ്തുക്കളാണ്. ഇതനുസരിച്ച് ഒരു ഇന്ത്യക്കാരൻ പ്രതിവർഷം പാഴാക്കുന്നത് 50 കിലോ ഭക്ഷണമാണ്. ജനസംഖ്യയിൽ പകുതിയോളം പേർക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന രാജ്യവുമാണ് ഇന്ത്യ. അമേരിക്കയിൽ പ്രതിവർഷം ഒരാൾ 65 കിലോഗ്രാം, ചൈനയിൽ 64, ബംഗ്ലാദേശിൽ 65, പാക്കിസ്ഥാനിൽ 75, ശ്രീലങ്കയിൽ 76, നേപ്പാളിൽ 79, അഫ്ഗാനിസ്ഥാനിൽ 82 എന്നിങ്ങനെയാണ് പാഴാക്കുന്ന ഭക്ഷണത്തിന്റെ കണക്ക്. അതേസമയം യു എന്നിന്റെ കണക്ക് പ്രകാരം 2019ൽ ലോകത്ത് 690 മില്യൻ പേർ പട്ടിണി മൂലം ദുരിതത്തിലാണ്. കൊവിഡ് വ്യാപനം മൂലം ആഗോളപ്രതിസന്ധി ഉടലെടുത്തതോടെ പട്ടിണിയിലായവരുടെ എണ്ണം പിന്നെയും വൻതോതിൽ വർധിച്ചിട്ടുമുണ്ട്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി, ജൈവ വൈവിധ്യ നഷ്ടം, മലിനീകരണം എന്നിവയെ അതിജീവിക്കാൻ നടപടി സ്വീകരിക്കുന്നത് പോലെ ഭക്ഷ്യമാലിന്യങ്ങൾ കുറക്കാനും ലോകമെങ്ങുമുള്ള വ്യക്തികളും സ്ഥാപനങ്ങളും സർക്കാറുകളും നടപടി സ്വീകരിക്കണമെന്നും യു എൻ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

നഗരങ്ങളാണ് ഗ്രാമങ്ങളേക്കാൾ ഭക്ഷണം പാഴാക്കുന്നതിൽ മുന്പന്തിയിൽ. ബെംഗളൂരു കാർഷിക സർവകലാശാല വൈസ് ചാൻസലറായിരുന്ന കെ നാരായണ ഗൗഡയുടെ നേതൃത്വത്തിൽ പത്ത് വർഷം മുമ്പ് നടത്തിയ പഠനത്തിൽ ബെംഗളൂരു നഗരത്തിലെ വിവാഹപാർട്ടികളിൽ മാത്രം പഴാക്കുന്നത് ഒരു വർഷം 339 കോടി രൂപയുടെ ഭക്ഷണമാണെന്ന് വ്യക്തമാക്കുന്നു. മുംബൈയിലെ വിവാഹ ചടങ്ങുകളിൽ പാഴാക്കുന്ന ഭക്ഷണം നഗരത്തിലെ ചേരി നിവാസികളുടെ വിശപ്പകറ്റാൻ മതിയാകുമെന്നും പഠനം കാണിക്കുന്നു. അമേരിക്കയിലെ വൻകിട ഹോട്ടലുകളിൽ പാഴാക്കുന്ന ഒരു ദിവസത്തെ ഭക്ഷണം കൊണ്ട് സോമാലിയ പോലുള്ള ദരിദ്ര രാഷ്ട്രങ്ങളിലെ ഒരു ദിവസത്തെ ഭക്ഷണാവശ്യം നിറവേറ്റാനാകുമെന്നാണ് കണക്ക്.

ഇന്ത്യയിൽ കേരളീയരാണ് ഭക്ഷണം പാഴാക്കുന്നതിൽ മുന്പന്തിയിൽ. ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കി പാഴാക്കിക്കളയുന്ന ഒരു സംസ്‌കാരം തന്നെ മലയാളികളിൽ വളർന്നു വന്നിട്ടുണ്ട്. മുൻകാലങ്ങളിൽ കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന ഘട്ടത്തിൽ നമ്മുടെ വീടുകളിൽ ആളുകൾ കൂടുതലും ഭക്ഷണം കുറവുമായിരുന്നു. ഇന്ന് ആളുകൾ കുറവും ഭക്ഷണം കൂടുതലുമാണ്. കുടുംബത്തിലെ അംഗങ്ങൾക്ക് ആവശ്യമുള്ളതിൽ കൂടുതൽ ഭക്ഷണമാണ് മിക്ക വീടുകളിലും പാകം ചെയ്യുന്നത്. അപൂർവം ചിലർ ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ വെച്ചോ ചൂടാക്കിയോ അടുത്ത ദിവസത്തേക്ക് ഉപയോഗിക്കാറുണ്ട്. ബഹുഭൂരിപക്ഷവും പഴയ ഭക്ഷണം ഇഷ്ടപ്പെടാതെ കുപ്പത്തൊട്ടിയിൽ നിക്ഷേപിക്കുകയാണ് പതിവ്. ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്യുന്നതു മൂലം സാമ്പത്തിക നഷ്ടം മാത്രമല്ല, മലിനീകരണം പോലുള്ള സാമൂഹിക, ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു. ഭക്ഷണം പാഴാക്കുന്ന പ്രവണത അവസാനിപ്പിക്കാനായാൽ 14 ശതമാനം വരെ കാർബൺ ബഹിർഗമനം കുറക്കാൻ സാധിക്കുമെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കാർബൺ ഡയോക്‌സൈഡിനെക്കാൾ 23 മടങ്ങ് താപമാണ് ഭക്ഷ്യവസ്തുക്കൾ ചീഞ്ഞളിഞ്ഞുണ്ടാകുന്ന മീഥൈൽ അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുന്നതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഭക്ഷണം പാഴാക്കുമ്പോൾ നഷ്ടപ്പെടുന്നത് കേവലം അതിന്റെ മൂല്യം മാത്രമല്ല, ശുദ്ധജലമുൾപ്പെടെ അത് ഉണ്ടാക്കാൻ ആവശ്യമായ പ്രകൃതി വിഭവങ്ങൾ കൂടിയാണ്.

സത്കാരങ്ങളിൽ ഭക്ഷണം പാഴാക്കൽ പ്രവണത കൂടൂതലാണ്. ആയിരം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങുകളിൽ 1,200 പേർക്കുള്ള ഭക്ഷണം പാകം ചെയ്യുന്നു. മിക്കപ്പോഴും എത്തിപ്പെടുന്നത് എണ്ണൂറോ തൊള്ളായിരമോ പേരായിരിക്കും. ബാക്കി പഴായിപ്പോകുന്നു. അഞ്ഞൂറ് പേർക്കുള്ള കല്യാണ സദ്യ കഴിഞ്ഞാൽ ചുരുങ്ങിയത് 75 കിലോയെങ്കിലും വരും ആളുകൾ കഴിക്കാതെ ബാക്കിവെക്കുന്ന ഭക്ഷണത്തിന്റെ അളവ്. ചടങ്ങിനെത്തിയവർ തന്നെ ആവശ്യത്തിലധികം ഭക്ഷണം പാത്രത്തിൽ നിറച്ച് അതിൽ നിന്ന് കുറച്ചുഭാഗം ചിക്കിപ്പെറുക്കി കഴിച്ച ശേഷം ബാക്കി മാലിന്യക്കൊട്ടയിൽ തട്ടുകയും ചെയ്യും. ഇപ്പോൾ മിക്ക ചടങ്ങുകളിലും ഭക്ഷണ വിതരണത്തിന് ബുഫെ സമ്പ്രദായമാണ്. ഇത്തരം ചടങ്ങുകളിൽ ഒരിക്കൽ പോയി ഭക്ഷണം വാങ്ങിയാൽ രണ്ടാമത് പിന്നെയും വാങ്ങിക്കാൻ മടിക്കുന്നവരാണ് മിക്കപേരും. അവർ ആദ്യമേ തന്നെ പ്ലേറ്റ് നിറയെ ഭക്ഷണം എടുക്കും. പകുതി കഴിച്ചു ബാക്കി കളയുകയും ചെയ്യും.

പാചകം ചെയ്ത ഭക്ഷണം മാത്രമല്ല പാഴാകുന്നത്, മതിയായ സംഭരണ ശേഷിയില്ലാത്തതിനാലും ശീതീകരണികൾ ഘടിപ്പിച്ചിട്ടില്ലാത്ത ട്രക്കുകളിൽ കടത്തുന്നത് കാരണവും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വൻതോതിൽ നശിക്കുന്നുണ്ട്. ഒന്നിച്ചു വിളവെടുക്കുന്ന ഉത്പന്നങ്ങൾ വ്യാവസായികമായി സംസ്‌കരിച്ചു സൂക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയിൽ കുറവാണ്. ദാരിദ്ര്യം ഭയന്നാണല്ലോ ലോക രാജ്യങ്ങൾ സന്താന നിയന്ത്രണം നടപ്പാക്കുന്നതും ഒന്നോ രണ്ടോ കുട്ടികളിൽ കൂടുതൽ വേണ്ടെന്ന് നിഷ്‌കർഷിക്കുന്നതും. എന്നാൽ ഭൂമിയിൽ ജനിച്ചുവീഴുന്ന ഓരോ ജീവനും ആവശ്യമുള്ളത്ര ഭക്ഷണം പ്രകൃതിയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ വലിയൊരു ഭാഗം നമ്മൾ പാഴാക്കുകയാണെന്ന് മാത്രം. ഭക്ഷണം പാകം ചെയ്യുന്നതിൽ മിതത്വം പാലിക്കുകയും ഭക്ഷ്യോത്പന്നങ്ങൾ കേടുവരാതെ സൂക്ഷിച്ചു വെക്കാനാവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കുകയും ചെയ്താൽ സന്താന നിയന്ത്രണത്തിന്റെ ആവശ്യം വരില്ല.

Latest