Eranakulam
നൂറ് വർഷത്തെ ഉറപ്പ് വാഗ്ദാനം ചെയ്ത് പാലാരിവട്ടം പാലം ഇന്ന് തുറക്കും

കൊച്ചി | പാലാരിവട്ടം പാലം ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കുമ്പോൾ ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഡി എം ആർ സി കേരളത്തോട് വിട പറയാനൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ മുഴുവൻ ജീവനക്കാരും കേരളം വിടും.
കൊച്ചി മെട്രോ റെയിൽ നിർമാണത്തിനായി എത്തിയ ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ ടീം നിരവധി നിർമാണ ജോലികൾ അത്ഭുതകരമായ വേഗത്തിലും ഗുണനിലവാരത്തിലും കുറഞ്ഞ ചെലവിലും പൂർത്തിയാക്കി കേരളത്തിന്റെയാകെ കൈയടി വാങ്ങിയാണ് പത്ത് വർഷത്തിനിപ്പുറം മടങ്ങിപ്പോകുന്നത്. നേരത്തേ പ്രഖ്യാപിച്ചതിലും മൂന്ന് മാസം മുമ്പേ പാലം നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദവും ഇവർ മറച്ചു വെക്കുന്നില്ല. ആറ് മാസങ്ങൾക്ക് മുമ്പേ ഇവർക്കുള്ള സ്ഥലംമാറ്റ ഉത്തരവ് വന്നിരുന്നെങ്കിലും പാലം നിർമാണം പൂർത്തിയാക്കാനുള്ള ചുമതല ഇ ശ്രീധരന്റെ താത്പര്യപ്രകാരം ഏറ്റെടുത്തതോടെ സംഘം കൊച്ചിയിൽ തുടരുകയായിരുന്നു. ഡി എം ആർ സിയുടെ മുതിർന്ന ഉദ്യോഗസ്ഥനായ കേശവ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ടീമാണ് പാലാരിവട്ടം പാലം നിർമാണ മേൽനോട്ടത്തിനായി എത്തിയിരുന്നത്.
ഇന്നലെ രാവിലെ പാലത്തിൽ മധുര പലഹാര വിതരണവും ഫോട്ടോ സെഷനും നടത്തിയാണ് സംഘം പിരിഞ്ഞത്. ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോ ഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും പാലം തുറക്കുന്നതിന് സാക്ഷിയാകാൻ ഇവർ ഉണ്ടാകുമെന്ന് കേശവ് ചന്ദ്ര പറഞ്ഞു. പാലം നിർമാണത്തിന്റെ അന്തിമ കണക്കുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കൈമാറുന്ന ജോലി മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് കേശവചന്ദ്ര വ്യക്തമാക്കി.
മെട്രോ റെയിൽ നിർമാണത്തിന്റെ ഭാഗമായി നിരവധി പാലങ്ങൾ ഡി എം ആർ സി നിർമിച്ചിരുന്നു. എസ്റ്റിമേറ്റ് തുകയിലും കുറഞ്ഞ തുകക്കാണ് അതെല്ലാം പൂർത്തിയാക്കിയത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ 30 കോടി മിച്ചമുണ്ടായി.
എന്നാൽ, പാലത്തിന്റെ എസ്റ്റിമേറ്റ് തുകയിൽ 10 ശതമാനത്തോളം വർധനവാണുണ്ടായത്. എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം പണി ആരംഭിക്കാൻ ഒരു വർഷം വൈകിയതാണ് ഇതിന് കാരണം. എങ്കിലും നേരത്തേ നടപ്പാക്കിയ പ്രൊജക്ടുകളിൽ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് മേൽപ്പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കാൻ സാധിച്ചു. ഇത് സംസ്ഥാന ഖജനാവിന് വലിയ ലാഭമാണുണ്ടാക്കിയത്.