Connect with us

Articles

അതുകൊണ്ട് നമുക്ക് ജുഡീഷ്യറിയെ കേൾക്കാം

Published

|

Last Updated

മുനവ്വർ ഫാറൂഖിയെ ഇപ്പോൾ രാജ്യത്തിനറിയാം. അറിയപ്പെട്ട സ്റ്റാൻഡ് അപ് കൊമേഡിയൻ ആണ് ഫാറൂഖി. ആ കോമഡികളുടെ പേരിലല്ല മുനവ്വർ ഫാറൂഖി എന്ന പേര് സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞത്. മധ്യപ്രദേശിലെ ഇൻഡോറിൽ ജനുവരി ഒന്നിന് നടന്ന ഒരു പരിപാടിയിൽ ആഭ്യന്തര മന്ത്രി അമിത്ഷായെയും ഹിന്ദുദൈവങ്ങളെയും അധിക്ഷേപിച്ചു എന്ന പരാതിയെത്തുടർന്ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ബി ജെ പി. എം എൽ എ മാലിനി ലക്ഷ്മൺ സിങ് ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ജാമ്യത്തിനായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുനവ്വർ ഫാറൂഖിയുടെ പരിപാടി മതദ്വേഷം സൃഷ്ടിക്കുന്നതാണ് എന്ന നിഗമനത്തോടെ അപേക്ഷ നിരസിക്കപ്പെട്ടു. ഒടുവിൽ സുപ്രീം കോടതി, ആരോപണം ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കാൻ വാദിഭാഗത്തിന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടി മുനവ്വറിന് ജാമ്യം അനുവദിച്ചു.

ഹിന്ദുത്വ ഫാസിസത്തിനെതിരെ വിമർശങ്ങൾ നടത്തിയതിന്റെ പേരിൽ നേരത്തെത്തന്നെ സംഘ്പരിവാറിന്റെ നോട്ടപ്പുള്ളി ആയിരുന്നു ഫാറൂഖി. ഒരവസരം ഒത്തുകിട്ടിയപ്പോൾ അദ്ദേഹത്തെ പൂട്ടുകയായിരുന്നു മധ്യപ്രദേശിലെ ബി ജെ പി സർക്കാർ.
ഭരണകൂടത്തെയും അവരുടെ തെറ്റായ നയങ്ങളെയും വിമർശിക്കുന്നത് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്ന സാഹചര്യം ഇപ്പോൾ വാർത്തയേ അല്ലാതായി മാറിയിരിക്കുന്നു. വിമർശങ്ങളോട് തികഞ്ഞ അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ട് ക്ലാസിക്കൽ ഫാസിസത്തിന്റെ വൈകല്യങ്ങളെ അപ്പടി അനന്തരമെടുക്കുകയാണ് തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഇന്ത്യൻ ഭരണകൂടം ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നു.
സമീപനാളുകളിലെ ഉദാഹരണം നോക്കുക. ചലച്ചിത്ര പ്രവർത്തകരായ അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയുണ്ടായി. അനുരാഗ് കശ്യപ് കടുത്ത മോദി വിമർശകനാണ്. തപ്‌സിയാകട്ടെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചയാളാണ്. പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോ എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞതായി വാർത്ത പുറത്തുവന്നപ്പോൾ അതിനോട് രൂക്ഷമായാണ് തപ്സി പന്നു പ്രതികരിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനുമുള്ള വിവിധ ഏജൻസികളുടെ അധികാരത്തെ മാനിക്കുമ്പോൾ തന്നെയും അത് എങ്ങനെയാണ് ഏകപക്ഷീയമാകുന്നത് എന്ന ചോദ്യം ഒഴിവാക്കാനാകില്ല. വിവിധ കേസുകളിൽ ഉൾപ്പെട്ടവർ ബിജെപിയിൽ അംഗത്വമെടുക്കുന്നതോടെ “വിശുദ്ധരായി” മാറുന്നതും രാജ്യം കണ്ടു. ശാരദ ചിട്ടി കേസിൽ കുറ്റാരോപിതനായ തൃണമൂൽ ജനറൽ സെക്രട്ടറി മുകുൾ റോയ് മമതയെ തള്ളിപറഞ്ഞ് ബി ജെ പിയിൽ ചേക്കേറിയതോടെ സി ബി ഐ അദ്ദേഹത്തെ തൊടാതായി. പാർട്ടി മാറുന്നതോടെ ഒരാളുടെ കുറ്റകൃത്യം തേഞ്ഞുമാഞ്ഞു പോകുന്നത് എങ്ങനെ എന്നതിന്റെ തെളിവ് മുകുൾ റോയ് തന്നെ.

ഇനി കേരളത്തിലേക്ക് നോക്കൂ. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്ക് വന്ന ബാഗേജിൽ 15 കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടുന്നു. ദേശീയ അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കുന്നു. സംസ്ഥാന സർക്കാറിലെ ചില മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെയും പങ്കുണ്ടെന്ന ആരോപണം ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നു. മാധ്യമങ്ങളും പ്രതിപക്ഷവും സർക്കാറിനെതിരെ പടക്കിറങ്ങുന്നു, അന്വേഷണ ഏജൻസികളിൽ നിന്നെന്ന മട്ടിൽ പത്രങ്ങളും ചാനലുകളും കിട്ടിയതൊക്കെയും എക്‌സ്‌ക്ലൂസീവ് ആയി ആഘോഷിക്കുന്നു. വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് ബി ജെ പി നേതാക്കൾ പത്രക്കാരോട് വീമ്പു പറയുന്നു.
കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് അട്ടിമറിക്കാൻ പോലും ശ്രമം നടക്കുന്നു. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന വ്യാജവിലാസം ശിവശങ്കറിന് ചാർത്തിക്കൊടുത്ത് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. അന്വേഷണ ഏജൻസികൾ അധികാരപരിധി ലംഘിക്കുന്നു എന്ന് ആരോപണം ഉയരുവോളം ഇ ഡിയും കസ്റ്റംസുമൊക്കെ കളം നിറയുന്നു. മാധ്യമങ്ങൾക്ക് ചാകര, പ്രതിപക്ഷത്തിന് പുതുജീവൻ, ബി ജെ പിക്ക് ആനന്ദലബ്ധി! എന്നിട്ടിപ്പോൾ ആ കേസ് എവിടെയെത്തി? സ്വർണം കടത്തിയവരെ കുറിച്ച്, ഇടയാളരെ കുറിച്ച്, ആർക്കു വേണ്ടി കൊണ്ടുവന്നു എന്നതിനെക്കുറിച്ച് എന്തേലും കേൾക്കുന്നുണ്ടോ? അനിൽ അക്കരയെ പോലുള്ളവർ പണിപ്പെട്ട് ചില പാവങ്ങൾക്ക് കിടപ്പാടം മുടക്കി എന്നല്ലാതെ ആ കേസിൽ എന്തുണ്ടായി?
ഇപ്പോഴിതാ കിഫ്ബിക്കെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. ഏത് കിഫ്ബി? കേരളത്തിന്റെ വികസനത്തിന് ഗതിവേഗം പകർന്ന സ്ഥാപനം. സംസ്ഥാന ധനമന്ത്രി കിഫ്ബിയെ കുറിച്ച് സംസാരിച്ചപ്പോൾ ഇതൊക്കെ നടക്കാൻ പോകുന്ന കാര്യമാണോ എന്ന് പുച്ഛിച്ചവർക്കുള്ള മറുപടി ഇപ്പോൾ കേരളത്തിലുണ്ട്; റോഡായും മേൽപ്പാലമായും ആശുപത്രിയായും സ്‌കൂളായുമൊക്കെ. ആ സംവിധാനത്തെ കേസിന്റെ നൂലാമാലയിൽ കുടുക്കിയിട്ടാൽ, അതുവഴി കിഫ്ബിയുടെ വിശ്വാസ്യത തകർത്താൽ കേരളത്തിന്റെ വികസനം തടയാം എന്ന ബി ജെ പിയുടെ വ്യാമോഹമാണ് കേസിനു പ്രേരകം എന്നാരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താൻ ആകുമോ?

കേന്ദ്ര ധനമന്ത്രി കൊച്ചിയിൽ കിഫ്ബിക്കെതിരെ പ്രസ്താവന നടത്തിയതിനു പിറകെയാണ് ഇ ഡി കേസെടുത്തത് എന്നുമോർക്കണം. ഈ നാടിന്റെ വളർച്ചയിലും വികസനത്തിലും സ്വസ്ഥത നഷ്ടപ്പെട്ടവരുടെ കൈയിലെ കളിപ്പാവയായി മാറുകയാണോ അന്വേഷണ ഏജൻസികൾ എന്ന സംശയം ഉയരുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്. ഈ കേസിൽ കേരളത്തിലെ ജനങ്ങൾ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്നുകൊണ്ട് സംസ്ഥാന സർക്കാറിനൊപ്പം നിൽക്കേണ്ടതുണ്ട്. ബി ജെ പിയെ തീണ്ടാപ്പാടകലെ നിർത്തിയ കേരളത്തെ ഇങ്ങനെയൊക്കെ തോൽപ്പിക്കാനാണോ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്? കേരളം പിന്നിട്ട അഞ്ച് വർഷങ്ങളുടെ അഭിമാനകരമായ വികസന നേട്ടങ്ങളുടെ മാറ്റ് കുറക്കാൻ ഈ കേസൊന്നും മതിയാകില്ലെന്ന് ബി ജെ പിയെയും കേന്ദ്ര ഏജൻസികളെയും കേരളം ബോധ്യപ്പെടുത്തുമെന്നതിൽ തരിമ്പും സന്ദേഹമില്ല.

ഭരണകൂടം=രാഷ്ട്രം?

ആ സമീകരണം പ്രത്യക്ഷത്തിൽ തന്നെ ജനാധിപത്യവിരുദ്ധമാണ്. പക്ഷേ ഒരു സമഗ്രാധിപത്യ സർക്കാറിന് ജനാധിപത്യത്തിന്റെ പ്രതിപക്ഷമാകാനേ കഴിയൂ. അതുകൊണ്ടുതന്നെ ഭരണകൂടവും രാഷ്ട്രവും ഒന്നാണ് എന്ന പൊതുബോധം ഉണ്ടാക്കിയെടുക്കേണ്ടത് അവരെ സംബന്ധിച്ച് അനിവാര്യമാണ്. ആ സമീകരണം ഉപയോഗിച്ചാണ് ഭരണകൂടത്തെ വിമർശിക്കുന്നവർ രാജ്യത്തെയാണ് വിമർശിക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കുന്നത്. അപ്പോൾ പിന്നെ എതിർസ്വരങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാം, അവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിൽ തളക്കാം. ടൂൾ കിറ്റ് കേസിൽ ദിശ രവിയെ അകത്താക്കിയത് ഓർക്കുന്നില്ലേ? എത്ര വേഗത്തിലാണ് ആ ഇരുപത്തൊന്നുകാരി “അപകടകാരിയായ കുറ്റവാളി” ആയി ചിത്രീകരിക്കപ്പെട്ടത്? രാജ്യത്തിനെതിരായ ഗൂഢാലോചന എന്നാണല്ലോ ദിശ ഉൾപ്പടെ, കർഷകർക്ക് വേണ്ടി സംസാരിച്ചവരുടെ നടപടിയെ സംഘ്പരിവാർ മാധ്യമങ്ങൾ സംബോധന ചെയ്തത്. ഇന്ത്യയുടെ തലസ്ഥാനത്ത് കേന്ദ്രസർക്കാറിന്റെ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവരോട് ഐക്യപ്പെടുന്നത് എങ്ങനെയാണ് രാജ്യദ്രോഹവും രാജ്യത്തിനെതിരായ ഗൂഢാലോചനയുമാകുന്നത്? സമരം ചെയ്യുന്ന കർഷകരുടെ രാജ്യസ്‌നേഹത്തെക്കൂടിയല്ലേ ഗൂഢാലോചനാവാദക്കാർ ചോദ്യം ചെയ്യുന്നത്?
വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. വിമർശത്തിൽ തന്നെയും വിട്ടുകളയരുത് എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി ഉണ്ടായിരുന്നു നമ്മുടെ രാജ്യത്ത്. വിമർശങ്ങൾക്ക് ചെവിയോർത്ത ആ നെഹ്രുവിയൻ തലയെടുപ്പ് നമുക്ക് ഇക്കാലത്ത് പ്രതീക്ഷിക്കാനാകില്ല. എന്നുകരുതി പൗരന്മാരുടെ വിമർശന സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ഭരണഘടന കൂട്ടുനിൽക്കുമോ? ഇല്ല എന്നുതന്നെയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഒരു വിധിപ്രസ്താവത്തിൽ അരക്കിട്ടുറപ്പിച്ചത്. സമീപകാല കോടതിവിധികൾ പലതും ജനാധിപത്യവാദികളെ നിരാശപ്പെടുത്തുന്നതായിരുന്നു എന്ന വിമർശം നിലനിൽക്കുന്നുണ്ട്. എങ്കിൽപ്പോലും ഫാറൂഖ് അബ്ദുല്ലക്കെതിരായ ഒരു ഹരജിയിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ജനാധിപത്യത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ഫാറൂഖ് അബ്ദുല്ല നടത്തിയ പരാമർശങ്ങൾ രാജ്യതാത്പര്യത്തെ ഹനിക്കുന്നതാണ് എന്ന ആരോപണം ഉയർത്തിയാണ് രണ്ട് പേർ പൊതുതാത്പര്യ ഹരജിയുമായി സുപ്രീം കോടതിയിൽ എത്തിയത്. കശ്മീരിനെ ചൈനക്കും പാക്കിസ്ഥാനും കൈമാറാൻ ഫാറൂഖ് അബ്ദുല്ല ശ്രമിക്കുന്നു എന്ന ഗുരുതരമായ പരാമർശവും ഹരജിയിൽ ഉണ്ടായിരുന്നു. ആരുടെ താത്പര്യമാണ് ഹരജിയിൽ പ്രതിഫലിക്കുന്നതെന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണം ആവശ്യമില്ല. കശ്മീരിൽ നിന്നുള്ള ചെറുശബ്ദങ്ങളെ പോലും കേന്ദ്രവും സംഘ്പരിവാരവും ഭയക്കുന്നു. അതുകൊണ്ടാണ് അവിടെ നിന്നുള്ള രാഷ്ട്രീയനേതാക്കളെ ദീർഘകാലം വീട്ടുതടങ്കലിൽ ആക്കിയത്. കശ്മീരിൽ രണ്ട് തരത്തിലുള്ള തന്ത്രങ്ങളാണ് കേന്ദ്രം പുറത്തെടുക്കുന്നത്. ഒന്ന് അനുനയത്തിന്റേതെങ്കിൽ മറ്റേത് ഭീഷണിയുടേതാണ്. അവിടെ നിന്നുള്ള ജനനേതാക്കളെ അനുനയിപ്പിച്ചു കൂടെ നിർത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

ഗുലാം നബി ആസാദിനെ പോലുള്ള, മറ്റു പാർട്ടികളിലെ അസംതൃപ്തരെ അങ്ങനെ ഒപ്പം കൂട്ടാമെന്നാണ് കേന്ദ്രം കരുതുന്നത്. വഴങ്ങാത്തവരെ എന്തെങ്കിലും കേസിൽ കുരുക്കിയിട്ട് നിശ്ശബ്്ദരാക്കാമെന്നും സംഘ്പരിവാർ തലച്ചോറുകൾ ആലോചിക്കുന്നുണ്ടാകണം. അതിന്റെ ഭാഗമാണോ ഫാറൂഖ് അബ്ദുല്ലക്കെതിരായ ഹരജി എന്ന് സംശയിക്കാൻ ന്യായമേറെയാണ്. ഫാറൂഖ് അബ്ദുല്ലക്കും മകൻ ഉമർ അബ്ദുല്ലക്കും ലണ്ടനിലോ മറ്റോ പ്രവാസജീവിതം തിരഞ്ഞെടുക്കാൻ സർക്കാർ ഓഫർ നൽകി എന്നൊരു വാർത്ത പ്രചരിച്ചിരുന്നല്ലോ. ആ ഓഫർ ഇരുവരും നിരസിച്ചതായും ശ്രുതി ഉണ്ടായിരുന്നു.ഫാറൂഖ് അബ്ദുല്ലക്കെതിരെ പൊതുതാത്പര്യ ഹരജി നൽകിയവർക്ക് അമ്പതിനായിരം രൂപ പിഴ ചുമത്തിക്കൊണ്ട് സുപ്രീം കോടതി നടത്തിയ പ്രസ്താവം ശ്രദ്ധേയമാണ്. സർക്കാറിന്റെ നയങ്ങളോടും വീക്ഷണങ്ങളോടും വിയോജിക്കുന്നത് രാജ്യദ്രോഹമാകില്ല എന്നായിരുന്നു ചരിത്രപ്രധാനമായ ആ പ്രസ്താവന. അതുകൊണ്ട് മാത്രം കേന്ദ്രസർക്കാറിന്റെ പ്രതികാര നടപടികൾ അവസാനിക്കുമെന്ന് പറയാനാകില്ല. കാരണം, സർക്കാർ സമം രാജ്യം എന്ന സമഗ്രാധിപത്യ ചിന്തയിലാണ് അത് പടുക്കപ്പെട്ടിരിക്കുന്നത്.
അതിനിടയിലാണ് അമേരിക്ക കേന്ദ്രമായുള്ള ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന, ഭാഗികമായി മാത്രം സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപെടുത്തിയിരിക്കുന്നത്. ഫ്രീഡം ഹൗസ് 2021ന്റെ പഠനറിപ്പോർട്ടിൽ ആണ് ഈ പരാമർശം ഉള്ളത്. മുഖ്യമായും മുസ്്ലിംകൾക്കെതിരായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് ഇങ്ങനെയൊരു നിഗമനത്തിൽ എത്തുന്നത്. ഇത്തരം അന്തർദേശീയ സ്വഭാവമുള്ള പഠനങ്ങളെയും റിപ്പോർട്ടുകളെയും മുഖവിലക്കെടുക്കുന്ന പതിവില്ല കേന്ദ്രസർക്കാറിന്. എല്ലാം രാജ്യത്തിന്റെ ശക്തിയിൽ അസൂയപ്പെടുന്നവരുടെ കുത്തിത്തിരിപ്പുകളായി കണ്ട് അവഗണിക്കുകയാണ് രീതി. ഈ റിപ്പോർട്ടിന്മേലും അതുതന്നെ ആവർത്തിക്കപ്പെടും. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് പെരുമ കേൾപ്പിച്ച ഒരു രാജ്യം അർധസ്വതന്ത്ര ദേശമായി ഒരു അന്താരാഷ്ട്ര റിപ്പോർട്ടിൽ അടയാളപ്പെടുത്തപ്പെടുന്നു എന്നത് ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ മൂർച്ചയുള്ളതാണ്. അതിൽ നിന്ന് കിനിയുന്ന ചോര നമ്മുടെ ജനാധിപത്യ ബോധത്തെ വിവശമാക്കുമെന്ന് പറയാതെ വയ്യ. തിരുത്താൻ ഭരണകൂടം തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. അതുകൊണ്ട് കൂടിയാണ് ജുഡീഷ്യറിയിൽ നിന്നുണ്ടാകുന്ന നേരിയ വെളിച്ചം പോലും രാജ്യത്തെ ഒന്നാകെ ജ്വലിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്നത്. മുൻവിധികൾ പലതും ഉണ്ടായിരിക്കെ തന്നെ, ഏത് നിർണായക നേരങ്ങളിലും ജനം സുപ്രീം കോടതിയിലേക്ക് ചെവിയോർക്കുന്നതും ഇക്കാരണത്താൽ തന്നെ.

മുഹമ്മദലി കിനാലൂർ

Latest