Connect with us

Ongoing News

കരുത്തരുടെ പോരില്‍ മുംബൈ കേമന്മാര്‍

Published

|

Last Updated

ബാംബോലിം | കരുത്തന്മാര്‍ ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ 110ാം മത്സരത്തില്‍ ആധികാരിക ജയവുമായി മുംബൈ സിറ്റി എഫ് സി. പോയിന്റ് നിലയില്‍ ഒന്നാമതുള്ള എ ടി കെ മോഹന്‍ ബഗാനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ കീഴടക്കിയത്. ഒന്നാം പകുതിയിലാണ് രണ്ട് ഗോളുകളും മുംബൈ നേടിയത്.

ഏഴാം മിനുട്ടില്‍ മുംബൈയുടെ മൗര്‍താദ ഫാള്‍ ആണ് ആദ്യ ഗോള്‍ നേടിയത്. അഹ്മദ് ജാഹൂ ആയിരുന്നു അസിസ്റ്റ്. 14ാം മിനുട്ടില്‍ മുംബൈയുടെ റയ്‌നീര്‍ ഫെര്‍ണാണ്ടസിന് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു. ശാരീരിക അസ്വാസ്ഥ്യം കാരണം 19ാം മിനുട്ടില്‍ എ ടി കെയുടെ സന്ദേശ് ജിംഗാന്‍ പുറത്തുപോകുകയും പ്രബിര്‍ ദാസ് പകരമെത്തുകയും ചെയ്തു. 27ാം മിനുട്ടില്‍ മുംബൈയുടെ തന്നെ ആമീ റണാവാഡെക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

39ാം മിനുട്ടില്‍ ബാര്‍തോലോമേവ് ഒഗ്‌ബെച്ചെ മുംബൈയുടെ രണ്ടാം ഗോള്‍ നേടി. ഇരട്ട മാറ്റങ്ങളുമായാണ് രണ്ടാം പകുതി എ ടി കെ ആരംഭിച്ചത്. സന്ദേശ് ജിംഗാന്റെ പോരായ്മ പരിഹരിക്കുന്നതിനും ഗോളുകള്‍ നേടുന്നതിനും ലെന്നി റോഡ്രിഗസ്, തിരി എന്നിവരെ പിന്‍വലിച്ച് സലാം സിംഗ്, എജു ഗാര്‍ഷ്യ എന്നിവരെ പകരമിറക്കി. 72ാം മിനുട്ടില്‍ പ്രാഞ്ചല്‍ ഭുമിജിനെ പിന്‍വലിച്ച് വിക്രം പ്രതാപ് സിംഗിനെ മുംബൈ കളത്തിലിറക്കി. 74ാം മിനുട്ടില്‍ മുംബൈയുടെ ഹെര്‍ണന്‍ സന്താനക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 77ാം മിനുട്ടില്‍ എ ടി കെയും പ്രൊണായ് ഹാല്‍ദറിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 82ാം മിനുട്ടില്‍ മാഴ്‌സെലോ പെരേരയെ പിന്‍വലിച്ച് ജാവിയര്‍ ഹെര്‍ണാണ്ടസിനെ എ ടി കെ പകരമിറക്കി.

നിശ്ചിത സമയം പൂർത്തിയായതിനെ തുടർന്ന് റഫറി അഞ്ച് മിനുട്ട് അധികം അനുവദിച്ചെങ്കിലും ആശ്വാസ ഗോൾ നേടാൻ പോലും എ ടി കെക്ക് ആയില്ല. ഇരുടീമുകളും സെമി ബെര്‍ത്ത് നേരത്തേ ഉറപ്പിച്ചതാണ്.

---- facebook comment plugin here -----

Latest