Connect with us

National

ആമസോണിയ 1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി സി-51 കുതിച്ചുയര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹവും 18 ചെറു ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് ഭ്രമണപഥത്തിലേക്ക് കുതിച്ചുയര്‍ന്നു. ഐ എസ് ആര്‍ ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് ഇത്. ആമസോണിയ 1 ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞിട്ടുണ്ട്. മറ്റ് ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ സമയം 12.20 ഓടെ ഭ്രമണപഥത്തിലെത്തും.
ഇന്ന് രാവിലെ 10.24നാണ് വിക്ഷേപണം നടന്നത്. ബ്രസീല്‍ തദ്ദേശീയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹമാണ് ആമസോണിയ 1 ആമസോണ്‍ കാടുകളിലെ വനനശീകരണം നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ദൗത്യം. പി എസ് എല്‍ വി സിയുടെ 53 ാമത്തെ ദൗത്യമാണിത്.

പി എസ് എല്‍ വിയിലുള്ള ഒരു ഉപഗ്രഹമായ സതീഷ് സാറ്റില്‍ ഭഗവദ്ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന ചെന്നൈ അധിഷ്ഠിത കമ്പനിയാണ് ഉപഗ്രഹത്തിന് പിന്നില്‍. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ധവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹം നാമകരണം ചെയ്തിരിക്കുന്നത്.