കര്‍ണാടകയിലെ ചിക്കബല്ലപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു

Posted on: February 23, 2021 10:50 am | Last updated: February 23, 2021 at 12:40 pm

ബെംഗളൂരു | കര്‍ണാടകയിലെ ചിക്കബല്ലപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഇന്ന് അതിരാവിലെ പൊട്ടിത്തെറിച്ചത്. പെരെസന്ദ്രക്ക് സമീപത്തെ ഹിരെനാഗവല്ലി ഗ്രാമത്തിലുള്ള ഒരു ക്വാറിയിലാണ് സംഭവം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടുക്കി വക്കുന്ന സമയത്താണ് പൊട്ടിത്തെറിയുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചികബല്ലപുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ സുധാകര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിഫോടക വസ്തുക്കള്‍ അനധികൃതമായി സംഭരിച്ച ക്വാറി ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അനിയന്ത്രിതമായ തോതില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നുവെന്ന പ്രദേശത്തുകാരുടെ പരാതിയെ തുടര്‍ന്ന് ഫെബ്രുവരി ഏഴിന് ക്വാറി പ്രവര്‍ത്തനം പോലീസ് നിര്‍ത്തിവപ്പിച്ചിരുന്നു. എന്നാല്‍, രഹസ്യമായി ക്വാറി പ്രവര്‍ത്തനം തുടര്‍ന്നുവരികയായിരുന്നു. കഴിഞ്ഞ മാസം 22ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ജന്മനഗരമായ ശിവമോഗയിലെ ഒരു ക്വാറിയില്‍ സമാനമായ രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്നും ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി.