കെ എസ് ആര്‍ ടി സി പണിമുടക്ക്; വലഞ്ഞ് ജനം

Posted on: February 23, 2021 10:21 am | Last updated: February 23, 2021 at 12:28 pm

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി യില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പണിമുടക്കില്‍ ജനം വലഞ്ഞു. സമരത്തെ തുടര്‍ന്ന് ഭൂരിഭാഗം സര്‍വീസുകളും മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. 10 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസുകള്‍ പലയിടത്തും സമരാനുകൂലികള്‍ തടഞ്ഞു.
ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം. ഐ എന്‍ ടി യു സി, ബി എം എസ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ആരംഭിച്ചത്. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകളുടെ നേതാക്കളുമായി സി എം ഡി. ബിജു പ്രഭാകര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. ഏപ്രില്‍ ഒന്നുമുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് ആലോചിക്കാതെ തീരുമാനം പറയാനാവില്ലെന്ന് എം ഡി പറഞ്ഞു. ഇതോടെ ചര്‍ച്ച ഫലം കാണാതെ പോവുകയായിരുന്നു.