പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ്; പൂര്‍ണ പിന്തുണയറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted on: February 22, 2021 9:51 pm | Last updated: February 23, 2021 at 12:18 am
പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംഷീര്‍ വയലില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുമായി കൂടിക്കാഴ്ച നടത്തുന്നു.

ന്യൂഡല്‍ഹി | പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റ് വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാല്പപര്യ ഹര്‍ജി നല്‍കിയ ഡോ.ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്ത് നിന്ന് എത്രയും വേഗം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം കമ്മീഷന്റെ സജീവ പരിഗണനയിലാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ സമ്പര്‍ക്കത്തിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കമ്മീഷന്റെ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസി പോസ്റ്റല്‍ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. വളരെ അനുഭാവപൂര്‍വമായ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. വര്‍ഷങ്ങളായി തുടരുന്ന നിയമപോരാട്ടത്തെ കമ്മീഷന്‍ അഭിനന്ദിച്ചു. തുടര്‍ നടപടികള്‍ കമ്മീഷന്റെയും കേന്ദ്രസര്‍ക്കാറിന്റെയും പരിഗണനയിലാണ്. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നതെന്നും ഡോ. ഷംഷീര്‍ പറഞ്ഞു. പ്രവാസി വോട്ട് പൊതുതാല്പപര്യ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്ന പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാനും കൂടിക്കാഴ്ചയില്‍ ഡോ. ഷംഷീറിനൊപ്പമുണ്ടായിരുന്നു.

ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിയമപോരാട്ടത്തിന് തുടക്കം കുറിച്ച ഡോ. ഷംഷീര്‍ സര്‍ക്കാരിനെയും കമ്മീഷനെയും സമീപിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസിവോട്ട് വിഷയത്തില്‍ വേഗത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഡോ. ഷംഷീറിന്റെ ഇടപെടല്‍. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറയുന്ന വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ അദ്ദേഹം ബോധിപ്പിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആറ് ജിസിസി രാജ്യങ്ങളിലായി 88,88,733 നോണ്‍ റസിഡന്റ് ഇന്ത്യക്കാരുണ്ട്. പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഇവര്‍ക്ക് നാട്ടില്‍ വരാതെ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാനാവും. വോട്ടവകാശമുള്ള പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും അധിവസിക്കുന്നന്ത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ അതാത് രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് വോട്ടവകാശം ഉണ്ടാവില്ല. വിലമതിക്കാനാവാത്ത ജനാധിപത്യ അവകാശമായ വോട്ടവകാശത്തില്‍ നിന്ന് ഭൂരിഭാഗം പ്രവാസികളെയും മാറ്റിനിര്‍ത്തുന്നത് വിവേചനപരമായി മാറും. അതുകൊണ്ട് ഗള്‍ഫിലുള്ള ഇന്ത്യക്കാര്‍ക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ടിന് അവകാശം നല്‍കും വിധം അന്തിമ തീരുമാനം എടുക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷര്‍ണക്കും നിയമമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ഡോ. ഷംഷീര്‍ അഭ്യര്‍ഥിച്ചു.

ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളെ ആദ്യഘട്ടത്തില്‍ ഒഴിവാക്കാനായി വിദേശകാര്യ മന്ത്രാലയം ഉന്നയിച്ചതായി പുറത്തുവന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. ജനാധിപത്യ സംവിധാനം നിലവിലില്ലാത്ത രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് അനുബന്ധ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ വിദേശകാര്യ മന്ത്രാലയം ആശങ്കയറിയിച്ചതായാണ് നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഫിലിപ്പീന്‍സ്, യുഎസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ട്.18,22,173 ഫിലിപ്പീന്‍സ് സ്വദേശികളാണ് യുഎഇയില്‍ നിന്ന് വോട്ട് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാട്ടില്‍ പോകാതെ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ നിലവില്‍ അനുമതി നല്‍കുന്നതിനാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആശങ്ക അനാവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും നിയമമന്ത്രിയെയും ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു. 89 ലക്ഷം പ്രവാസി ഇന്ത്യക്കാരുടെ ജനാധിപത്യ അവകാശത്തെ ബാധിക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരും കമ്മീഷനും തയ്യാറാകണം.

പ്രവാസികള്‍ക്ക് നാട്ടില്‍ നേരിട്ടെത്തിയാല്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ ആകുവെന്ന വ്യവസ്ഥയെ ചോദ്യം ചെയ്ത് 2014ലാണ് ഡോ ഷംഷീര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അവധി ലഭിക്കാത്തതും ഉയര്‍ന്ന വിമാന നിരക്ക് താങ്ങാനാകാത്തതും കാരണം പ്രവാസികള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗി അടക്കമുള്ളവരെ ഹാജരാക്കിയായിരുന്നു നിയമപോരാട്ടം. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ കാലത്ത് ഇതിനായി കൊണ്ടുവന്ന ബില്‍ ലോക്സഭ പാസാക്കിയെങ്കിലും പാര്‍ലമെന്റ് കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയയാള്‍ മതിയെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാട്.