Connect with us

Kerala

വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി എന്‍ പ്രതാപന്‍ എം പി

Published

|

Last Updated

ചേര്‍പ്പ് | വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്‌കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യന്‍ പാരമ്പര്യത്തിനെതിരാണെന്നും ടി.എന്‍ പ്രതാപന്‍ എം പി. പതിമൂന്നു വര്‍ഷമായി എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് നടത്തിവരുന്ന മാതൃക പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ഥ ആശയങ്ങളും, ആദര്‍ശങ്ങളുമുള്ള ഇന്ത്യ പോലൊരു രാജ്യത്തിലെ, പഴമയെ ഇല്ലാതാക്കാനുള്ള നീക്കം പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. പരിഷ്‌ക്കരണമെന്ന പേരില്‍ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാനും, പൊളിച്ചെഴുതാനുമുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും ബഹുസ്വര സമൂഹത്തിന് ചേരാത്ത പലതും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാളത്തെ പൗരന്‍മാരായ വിദ്യാര്‍ത്ഥികളെ വര്‍ഗീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പാഠങ്ങളും, വിദ്യാഭ്യാസ നയങ്ങളും ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിന് ഗുരുതരമായ പോറലുകള്‍ ഏല്‍പ്പിക്കും. അതിനാല്‍ വിദ്യാഭ്യാസരംഗം എന്നും ബഹുസ്വരമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേര്‍പ്പ് ഗ്ലോബല്‍ സ്‌ക്കൂളിലായിരുന്നു സംസ്ഥാന തല ഉദ്ഘാടന ചടങ്ങ്. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി കൊല്ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍, സെക്രട്ടറിമാരായ ആശിഖ് കോയ തങ്ങള്‍ കൊല്ലം, കെ.ബി ബശീര്‍ തൃശൂര്‍, എസ് വൈ എസ് ജില്ല സെക്രട്ടറി ബശീര്‍ അശ്‌റഫി ചേര്‍പ്പ്, എസ്.എസ്.എഫ് ജില്ല പ്രസിഡണ്ട് ഷിഹാബ് സഖാഫി താന്ന്യം സംസാരിച്ചു.

എസ്.എസ് എഫ് ജില്ല സെക്രട്ടറിമാരായ അനസ് ചേലക്കര, ഇയാസ് പഴുവില്‍, റിയാസ് അഹ്‌സനി കൂളിമുട്ടം, ശാഫി ഖാദിരി കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു. മാത്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്താകെ പരീക്ഷ എഴുതി. പരീക്ഷാ ഫലം മാര്‍ച്ച് പതിനൊന്നിന് വെഫി ഓണ്‍ലൈന്‍ ഡോട്ട് ഇന്‍ സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.