പശു ശാസ്ത്ര പരീക്ഷയെഴുതുന്നത് അഞ്ച് ലക്ഷം പേര്‍; പരീക്ഷ വ്യാഴാഴ്ച

Posted on: February 21, 2021 12:05 pm | Last updated: February 21, 2021 at 4:13 pm

ന്യൂഡല്‍ഹി | വ്യാഴാഴ്ച നടക്കുന്ന പശു ശാസ്ത്ര പരീക്ഷയെഴുതുന്നത് അഞ്ച് ലക്ഷം പേര്‍. വിശുദ്ധ പശു എന്ന വിഷയത്തില്‍ രാജ്യത്തുടനീളമുള്ള പരീക്ഷാര്‍ഥികള്‍ ഓണ്‍ലൈനായാണ് പങ്കെടുക്കുക. കേന്ദ്ര സര്‍ക്കാറിന്റെ അഭിമാന നീക്കമായാണ് തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തുന്നത്.

കേന്ദ്രത്തിന്റെ പരീക്ഷക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 900 യൂനിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലറുമാര്‍ക്ക് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര വളര്‍ത്തുമൃഗ മന്ത്രാലയത്തിന് കീഴില്‍ 2019ല്‍ സ്ഥാപിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷക്ക് ചുക്കാന്‍ പിടിക്കുന്നത്.

വെബ്‌സൈറ്റില്‍ പഠന സാമഗ്രികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പശുക്കളുടെ മുതുകിലെ കൂനക്ക് ഏറെ പ്രത്യേകതയുണ്ടെന്നും വെയിലടിച്ചാല്‍ സ്വര്‍ണ നിറമാകുമെന്നും മഞ്ഞ നിറത്തിലുള്ള പാലാണ് തരികയെന്നും വെബ്‌സൈറ്റിലുണ്ട്.

ഒന്നര മണിക്കൂറാണ് പരീക്ഷ. ഇന്ത്യയിലെയും റഷ്യയിലെയും ആണവ കേന്ദ്രങ്ങളില്‍ അണുവികിരണങ്ങളെ ചെറുക്കാന്‍ പശു ചാണകം ഉപയോഗിക്കുന്നുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗിന്റെ സിലബസില്‍ പറയുന്നു. ഭോപാലില്‍ വാതക ചോര്‍ച്ചയുണ്ടായപ്പോള്‍ വലിയ സുരക്ഷാ കവചം ചാണകം ഒരുക്കിയെന്നുമുണ്ട്.