Connect with us

Editorial

മലിനവായു മാരക കൊലയാളി

Published

|

Last Updated

അന്തരീക്ഷ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് “ഗ്രീൻപീസ് സൗത്ത് ഈസ്റ്റ് ഏഷ്യ”യുടെ പഠന റിപ്പോർട്ടിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് കഴിഞ്ഞ വർഷം 54,000 പേരാണ് മരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പി എം 2.5 പൊടി കാരണമാണ് മരണസംഖ്യ ഇത്രയും ഉയർന്നതെന്ന് എയർക്വാളിറ്റി മോണിറ്ററിംഗ് സാങ്കേതിക വിദ്യയായ ഐക്യൂ എയർ ഉപയോഗിച്ചു നടത്തിയ പഠനം കാണിക്കുന്നു. വായുമലിനീകരണത്തിന്റെ പ്രധാനഘടകമാണ് 2.5 മൈക്രോൺ വലിപ്പമുളള പാർട്ടിക്കുലേറ്റർ മാറ്റർ പൊടി. വലിപ്പം കുറവായതിനാൽ ഇവ പെട്ടെന്നു ശ്വാസകോശത്തിലേക്ക് കയറി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. മുംബൈ 20,000, ബംഗളുരു 12,000, ചെന്നൈ 10,910, ഹൈദരാബാദ് 11,637, ലക്നോ 6,700 എന്നിങ്ങനെയാണ് 2020ലെ വായുമലിനീകരണത്തെ തുടർന്നുളള രാജ്യത്തെ മറ്റു മുഖ്യ നഗരങ്ങളിലെ മരണസംഖ്യ.

വായുമലിനീകരണം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ ആഗോളതലത്തിൽ രണ്ടാം സ്ഥനത്താണ് ഇന്ത്യയെന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ നടത്തിയ പഠനം കാണിക്കുന്നത്. 1988 മുതൽ 2018 വരെയുളള രണ്ട് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ വായുമലിനീകരണം 42 ശതമാനം വർധിക്കുകയുണ്ടായി. ഇത് ഇന്ത്യക്കാരുടെ ആയുസ്സ് ശരാശരി 5.2 ശതമാനം കുറക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഒന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിൽ ഇത് 6.2 വർഷമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായുമലിനീകരണം അനുഭവിക്കുന്ന ഡൽഹിക്കാരുടെ ആയുസ്സ് 9.4 വർഷം കുറയുമെന്നും പഠനം പറയുന്നു.
ജീവന്റെ നിലനിൽപ്പിന് അനിവാര്യമാണ് പ്രാണവായു. ശുദ്ധമല്ലാത്തതും മലിനവുമാണ് ശ്വസിക്കുന്ന വായുവെങ്കിൽ ജീവന് അത് ഭീഷണി സൃഷ്ടിക്കുന്നു. എന്നാൽ ആഗോള ജനതയിൽ 90 ശതമാനവും ശ്വസിക്കുന്നത് മാലിന്യം കലർന്ന വായുവാണ്. മണ്ണ് ജലം എന്നിവയിലെ മലിനീകരണത്തേക്കാൾ അപകടകരമാണ് വായു മലിനീകരണമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

ശ്വാസകോശാർബുദം, ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ അസുഖങ്ങൾക്ക് വലിയൊരളവോളം കാരണം മലിനവായുവാണ്. ശ്വാസകോശ ആരോഗ്യത്തിൽ ഇന്ത്യക്കാർ ഏറെ പിന്നിലാണെന്നും ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. ലോകത്തെ 300 ദശലക്ഷം കുട്ടികളും ശ്വസിക്കുന്നത് മാലിന്യം കലർന്ന വായുവാണെന്നും ഇവരിൽ 222 ദശലക്ഷവും സൗത്ത് ഏഷ്യയിലെ കുട്ടികളാണെന്നുമാണ് യൂനിസെഫിന്റെ പഠന റിപ്പോർട്ട്. കുട്ടികളിൽ ഇത് മാരകമായ രോഗങ്ങളുണ്ടാക്കുന്നതോടൊപ്പം ബുദ്ധിശക്തി ക്ഷയത്തിനും വഴിവെക്കുന്നു.
വ്യവസായ ശാലകൾ പുറത്തുവിടുന്ന വിഷവാതകങ്ങൾ, വാഹനഗതാഗതം മൂലമുണ്ടാകുന്ന പുക, പാഴ്‌വസ്തുക്കളും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺഡയോക്‌സൈഡ്, വായുവിൽ പടരുന്ന പൊടിപടലങ്ങൾ തുടങ്ങിയവയാണ് വായുമലിനീകരണത്തിനു മുഖ്യകാരണങ്ങൾ. കീടനാശിനികൾ, കളനാശിനികൾ തുടങ്ങിയവയുടെ പ്രയോഗവും അന്തരീക്ഷം മലിനമാക്കുന്നു. മോട്ടോർ വാഹനങ്ങളാണ് ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നത്. അമേരിക്കയിലെ വായുമലിനീകരണത്തിൽ 65 ശതമാനവും വാഹനങ്ങൾ പുറന്തളളുന്ന പുകയും വാതകങ്ങളും കാരണമാണ്.

സാർസ്, കൊവിഡ്-19 തുടങ്ങിയ പകർച്ചവ്യാധികളെ ഭീതിയോടെ നോക്കിക്കാണുന്ന ലോകം വായുമലിനീകരണത്തെ പലപ്പോഴും ലാഘവത്തോടെയാണ് കാണുന്നത്. എന്നാൽ ഗുരുതര പകർച്ചവ്യാധികളോളം തന്നെ മാരകമാണ് വായുമലിനീകരണമെന്ന് അവ സൃഷ്ടിക്കുന്ന മരണനിരക്കുകൾ ബോധ്യപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കു പ്രകാരം 2012ൽ 70 ദശലക്ഷം ആളുകളാണ് അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് മരിച്ചത്. പകർച്ചവ്യാധികൾ ദിവസങ്ങൾക്കകമാണ് മനുഷ്യനെ കൊല്ലുന്നതെങ്കിൽ വായുമാലിന്യങ്ങൾ ഇഞ്ചിഞ്ചായാണെന്നു മാത്രം. മരങ്ങളും ചെടികളും ധാരാളമായി നട്ടുപിടിപ്പിക്കുക, പൊതുവാഹന ഗതാഗതം ശീലമാക്കി സ്വകാര്യ വാഹനങ്ങളുടെ എണ്ണം പരമാവധി കുറക്കുക, വ്യവസായ ശാലകളിൽ വിഷപ്പുക കുറക്കാനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്ന പ്രവണത കർശനമായി നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ അന്തരീക്ഷ മലിനീകരണം വലിയൊരളവോളം കുറക്കാൻ സാധിക്കും. കാർബൺഡയോക്‌സൈഡ് ആഗിരണം ചെയ്തു പകരം ഓക്‌സിജൻ പുറന്തള്ളുന്ന അമൂല്യ പ്രകൃതിസമ്പത്താണ് മരങ്ങളും ചെടികളും. വ്യാവസായികാവശ്യത്തിനും നഗരവത്കരണത്തിനുമായി വനങ്ങളും മരങ്ങളും ധാരാളമായി നശിപ്പിക്കപ്പെട്ടത് ശുദ്ധമായ അന്തരീക്ഷത്തിനു സൃഷ്ടിച്ച ആഘാതം കുറച്ചൊന്നുമല്ല. വഴിയോരങ്ങളിലും പൊതുസ്വകാര്യ സ്ഥലങ്ങളിലും മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ ഇതിനു വലിയൊരളവോളം പ്രായശ്ചിത്തമാകും. സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതു വാഹനങ്ങൾ ഉപയോഗിച്ചാൽ വാഹനപ്പെരുപ്പത്തിനും അതുവഴിയുണ്ടാകുന്ന മലിനീകരണത്തിനും ഒരു പരിധിവരെ മാറ്റം വരുത്താനാകും.

പൊതു ഇടങ്ങളിലും മറ്റും ആളുകൾ അനിയന്ത്രിതമായി മാലിന്യങ്ങൾ കത്തിക്കുന്നത് പതിവു കാഴ്ചയാണ്. ഇത്തരം കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും ഭരണകൂടങ്ങൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നു പരാതിയുണ്ട്. അന്തരീക്ഷ മലീനീകരണം കൊണ്ട് ഏറ്റവും കൂടുതൽ പൊറുതി മുട്ടുന്ന രാജ്യതലസ്ഥാനമായ ഡൽഹിയിൽ മലിനീകരണം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥക്കെതിരെ 2019 നവംബറിൽ ഡൽഹി ഹൈക്കോടതി ശക്തമായി പ്രതികരിച്ചിരുന്നു. മലിനീകരണ നിയന്ത്രണ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ഇച്ഛാശക്തി കാണിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ. ഭരണകൂടങ്ങൾക്കൊപ്പം പൗരന്മാർ ഉൾപ്പെടെ ഇക്കാര്യത്തിൽ സജീവ പങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണവും ഏറെ ഗുണം ചെയ്യും. ചില പ്രദേശങ്ങളിൽ പരിസ്ഥിതി കൂട്ടായ്മകൾ രൂപപ്പെട്ടു വരുന്നുണ്ട്. ഇവ വ്യാപകമാക്കാനുള്ള നടപടികളും സ്വീകരിക്കാവുന്നതാണ്.

Latest