Connect with us

Kozhikode

സ്വദഖത്തുല്ല സഖാഫി; നഷ്ടമായത് കരുത്തുറ്റ സംഘാടകനെ

Published

|

Last Updated

സൗമ്യനും മികച്ച സംഘാടകനായും ചെറുപ്പം മുതല്‍ തന്നെ കൊടുവള്ളി – ഓമശ്ശേരി ഭാഗങ്ങളിലെ സുന്നത്ത് ജമാഅത്തിന്റെ മുന്നണിപ്പോരാളിയായും പ്രവര്‍ത്തിച്ചിരുന്ന യു കെ സ്വദഖത്തുല്ല സഖാഫിയുടെ വിയോഗം പ്രാസ്ഥാനിക കുടുംബത്തിന് തീരാനഷ്ടമാണ്. നടമ്മല്‍പൊയില്‍ യൂനിറ്റില്‍ എസ് ബി എസ് പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനമാരംഭിച്ച സഖാഫി എസ് എസ് എഫ് കൊടുവള്ളി ഡിവിഷന്‍ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ കൊടുവള്ളിയില്‍ നടന്ന എസ് എസ് എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ “ഫിത്‌യതുസ്സദാദ്” എന്ന സന്നദ്ധ സംഘത്തിന്റെ ഓമശ്ശേരി ഡിവിഷന്റെ ക്യാപ്ടനായത് സ്വദഖത്തുല്ല സഖാഫിയായിരുന്നു. രാപ്പകല്‍ ഭേദമന്യേ സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകിയ ആത്മസുഹൃത്ത് കവല പ്രസംഗങ്ങളിലും പ്രകടനങ്ങളിലെ മുദ്രാവാക്യം വിളിയിലും വേറിട്ട ശബ്ദമായിരുന്നു. സംഘടനാ കാര്യങ്ങളിലും പഠനവിഷയങ്ങളിലും നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.

നിയമ പഠനം പൂര്‍ത്തിയാക്കിയ ശേഷം പത്രപ്രവര്‍ത്തനവും സംഘടനാ രംഗവും സജീവമാക്കണമെന്ന തന്റെ ഉത്ക്കടമായ ആഗ്രഹത്തിന്റെ ഭാഗമായി കര്‍മരംഗത്ത് നിരതമായിക്കൊണ്ടിരിക്കുമ്പോഴാണ് ആകസ്മികമായി യാത്രയായത്.

എല്‍ എല്‍ ബിക്ക് ചേരുന്നതിന് മുമ്പ് ഓമശ്ശേരിയിലെ സിറാജ് റിപ്പോര്‍ട്ടറായിരുന്നെങ്കിലും പഠനാവശ്യാര്‍ഥം കുറച്ചുവര്‍ഷം അടിവാരത്തേക്ക് താമസം മാറ്റിയിരുന്നു. കോഴ്‌സ് കഴിയാറായപ്പോള്‍ വീണ്ടും ഓമശ്ശേരിയിലെ സിറാജ് റിപ്പോര്‍ട്ടറാവുകയും ശ്രദ്ധേയമായ വാര്‍ത്തകള്‍ കൊണ്ട് സിറാജിനെ ധന്യമാക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജാറംകണ്ടി എന്ന പ്രദേശത്തിന്റെ പേര് അടയാളപ്പെടുത്തുന്ന പി ഡബ്ല്യു ഡി സ്ഥാപിച്ച നെയിംബോര്‍ഡ് മാറ്റുന്നതിനുള്ള വഹാബികളുടെ നീക്കത്തെ കൃത്യമായി കാണിക്കുന്ന പത്രവാര്‍ത്ത സഖാഫി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഘടനാ രംഗം സജീവമാക്കുന്നതിനു വേണ്ടി പുതിയ സംഘടനാ വര്‍ഷത്തില്‍ എസ് വൈ എസ് പുത്തൂര്‍ സര്‍ക്കിളിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റ സഖാഫി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള ആലോചനകളും ചര്‍ച്ചകളും സജീവമാക്കുന്നതിനിടയിലാണ് ഒരു വാക്കും ഉരിയിടാതെ വിട്ടുപിരിഞ്ഞത്.
ജീവിത പ്രതിസന്ധികള്‍ക്കിടയിലും മതപഠനത്തോടൊപ്പം ഭൗതിക പഠനത്തിനും പ്രാമുഖ്യം നല്‍കി. മര്‍കസില്‍ നിന്ന് സഖാഫി ബിരുദം നേടിയ ശേഷം അഞ്ച് വര്‍ഷത്തോളമായി മര്‍കസ് ലോ കോളജില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

അടിവാരം കൂന്തളംതേര് മഹല്ല് ഖത്വീബായും മദ്‌റസാ അധ്യാപകനായും സേവനം ചെയ്തിരുന്നു. പക്വമതിയും സ്ഥിരോത്സാഹിയുമായ പ്രിയ സുഹൃത്തിന്റെ വിയോഗം പ്രാസ്ഥാനിക രംഗത്ത് വലിയ നഷ്ടമാണ് വരുത്തിയത്.
അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ധന്യമാക്കുകയും സ്വര്‍ഗീയാരാമത്തില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുകയും ചെയ്യട്ടെ-ആമീന്‍.

മയ്യിത്ത് നിസ്കരിക്കുക

കൊടുവള്ളി | ഇന്നലെ പുലര്‍ച്ചെ നിര്യാതനായ സിറാജ് ദിനപത്രം ഓമശ്ശേരി ലേഖകനും എസ് എസ് എഫ് കൊടുവള്ളി ഡിവിഷന്‍ മുന്‍ പ്രസിഡന്റുമായ യു കെ സ്വദഖത്തുല്ല സഖാഫിയുടെ മയ്യിത്ത് പുതിയോത്ത് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മറവ് ചെയ്തത്.
വീട്ടിലും നടമ്മല്‍ പൊയില്‍, പുതിയോത്ത് പള്ളികളിലും നടന്ന മയ്യിത്ത് നിസ്‌കാരങ്ങളില്‍ പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ ഒട്ടേറെ പേര്‍ പങ്കെടുത്തു.
നടമ്മല്‍ പൊയില്‍ ജുമുഅ മസ്ജിദില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയും പുതിയോത്ത് പള്ളിയില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളും മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

അഡ്വ. പി ടി എ റഹീം എം എല്‍ എ, സയ്യിദ് അബ്ദുസ്വബൂര്‍ ബാ ഹസന്‍ അവേലത്ത്, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍, സെക്രട്ടറി ഹാമിദലി സഖാഫി, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി, ജില്ലാ സെക്രട്ടറി കലാം മാസ്റ്റര്‍ മാവൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസര്‍ പുളിക്കല്‍ തുടങ്ങിയവര്‍ വസതിയിലെത്തി. സ്വദഖത്തുല്ല സഖാഫിയുടെ പേരിൽ മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിന് വേണ്ടി പ്രാർഥിക്കാനും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അഭ്യർഥിച്ചു.

[irp]