Connect with us

Kerala

അമേരിക്കന്‍ കമ്പനിയുമായി ഒപ്പിട്ട മത്സ്യബന്ധന കരാറില്‍ അഴിമതി; പിന്നില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ: ചെന്നിത്തല

Published

|

Last Updated

കൊല്ലം | ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇ എം സി സി എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 5,000 കോടി രൂപയുടെ കരാറിലാണ് കഴിഞ്ഞ ഞായറാഴ്ച ഒപ്പിട്ടതെന്നും വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് കേരള തീരത്തെ തീറെഴുതി കൊടുക്കുന്ന രീതിയിലുള്ള വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഐശ്വര്യ കേരള യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യബന്ധന വകുപ്പു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ആഴിമതിക്ക് പിന്നില്‍. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി എന്നിവയെ വെല്ലുന്ന വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇ എം സി സി പ്രതിനിധികളുമായി 2018 ല്‍ ന്യൂയോര്‍ക്കില്‍ വച്ച് മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. എല്‍ ഡി എഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടത്. 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള രണ്ട് വര്‍ഷം മുമ്പ് മാത്രം തുടങ്ങിയ കമ്പനിയാണ് ഇ എം സി സി. കരാറിന് മുമ്പ് ഗ്ലോബല്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും വിളിച്ചിട്ടില്ല. 400 ട്രോളറുകളും രണ്ട് മദര്‍ ഷിപ്പുകളും കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതിലൂടെ നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Latest