നാസയുടെ ചൊവ്വാ ദൗത്യം വിജയകരം; ഗ്രഹോപരിതലം തൊട്ട് പെഴ്‌സിവീയറന്‍സ് റോവര്‍

Posted on: February 19, 2021 7:47 am | Last updated: February 19, 2021 at 3:29 pm

വാഷിംഗ്ടണ്‍ | ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായി നാസ അയച്ച പേടകം പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2.25ഓടെയാണ് ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ റോവര്‍ ഇറങ്ങിയത്. ആറര മാസം നീണ്ട യാത്രയാണ് ലക്ഷ്യം കണ്ടത്. 30 കോടി മൈലാണ് പേടകം സഞ്ചരിച്ചത്. ചൊവ്വാ ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥ, ഗ്രഹശാസ്ത്രം, ജീവ സാന്നിധ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. പേടകത്തില്‍ നിന്നുള്ള ആദ്യ ചിത്രം ലഭിച്ചിട്ടുണ്ട്.

ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ഗ്രഹോപരിതലത്തില്‍ ഇറക്കുകയായിരുന്നു.
ആള്‍റ്റിട്യൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍’എന്ന നൂതന സാങ്കേതിക വിദ്യയാണ് പെഴ്‌സിവീയറന്‍സിനെ ചൊവ്വയില്‍ ഇറക്കുന്നതില്‍ പ്രധാന ഘടകമായത്. ഇന്ത്യന്‍ വംശജയായ ഡോ: സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്. 300 കോടി ഡോളറാണ് പേടകം വികസിപ്പിക്കുന്നതിന് ആകെ ചെലവിട്ടത്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു.