Connect with us

Editorial

ടൂള്‍കിറ്റ്, ദിശ രവി, അറസ്റ്റ്... വേട്ട തുടരുന്നു

Published

|

Last Updated

ടൂള്‍കിറ്റിനെ ചൊല്ലിയുള്ള അറസ്റ്റും നടപടികളും തുടരുകയാണ് ഡല്‍ഹി പോലീസ്. ദിശ രവിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകയും മലയാളി അഭിഭാഷകയുമായ നിഖിത ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു. ദിശ രവിയും നിഖിതയും ശന്തനുവും ചേര്‍ന്ന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ അനുകൂല പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ടൂള്‍കിറ്റ് തയ്യാറാക്കിയതെന്ന് സ്‌പെഷ്യല്‍ സെല്ലിന്റെ സൈബര്‍ യൂനിറ്റ് കണ്ടെത്തിയിരിക്കുന്നുവത്രെ. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് ഭാഷ്യം. അതേസമയം താനൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നും തീവ്രവാദസംഘവുമായി ഒരു ബന്ധവുമില്ലെന്നുമാണ് ദിശ കോടതിയില്‍ പറഞ്ഞത്. ടൂള്‍കിറ്റ് ക്രിയേറ്റ് ചെയ്തതും താനല്ല. രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ പിന്തുണക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന പോസ്റ്റാണ് വിവാദമായ ടൂള്‍കിറ്റ്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റയാണ് ഇത് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുകയാണ് ടൂള്‍കിറ്റ് തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ലക്ഷ്യമെന്നാണ് പത്രസമ്മേളനത്തില്‍ ഡല്‍ഹി പോലീസ് (സൈബര്‍ സെല്‍) കുറ്റപ്പെടുത്തിയത്. കര്‍ഷക സമരം നിരീക്ഷിക്കാനോ അതോടൊപ്പം ചേരാനോ ഉള്ള ആഹ്വാനമുണ്ടായി. റിപ്പബ്ലിക് ദിനത്തിലോ അതിനു മുന്നോടിയായോ ഹാഷ്ടാഗുകളിലൂടെ “ഡിജിറ്റല്‍ സ്‌ട്രൈക്ക്” നടത്താന്‍ ടൂള്‍കിറ്റില്‍ ആഹ്വാനമുണ്ടായെന്നും പോലീസും കേന്ദ്ര ഭരണകൂടവും ആരോപിക്കുന്നു. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഗുരുതര വകുപ്പുകളാണ് ദിശക്കെതിരെ ചുമത്തിയത്.

ശനിയാഴ്ചയാണ് ബെംഗളൂരുവിലെ വീട്ടില്‍ നിന്ന് ദിശ രവിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അവരെ ഡല്‍ഹിയിലേക്കു കൊണ്ടുപോയി. ബെംഗളൂരു മൗണ്ട് കാര്‍മല്‍ കോളജില്‍ ബി ബി എ പൂര്‍ത്തിയാക്കി ഭക്ഷ്യോത്പന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ദിശ രവി ഒരു പരിസ്ഥിതി പ്രവര്‍ത്തക കൂടിയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ നടത്താന്‍ ഗ്രേറ്റ 2018ല്‍ ആരംഭിച്ച “ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍” (എഫ് എഫ് എഫ്) എന്ന പരിസ്ഥിതി കൂട്ടായ്മയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ സ്ഥാപകയുമാണ്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാറുള്ള ദിശ രവി, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും വന നശീകരണത്തിനും ഇടവരുത്തുന്ന പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം നേരത്തേ തന്നെ സര്‍ക്കാറിന്റെയും കോര്‍പറേറ്റ് ഭീമന്മാരുടെയും നോട്ടപ്പുള്ളിയാണവര്‍.

ദിശ രവിയുടെ അറസ്റ്റും തുടര്‍ന്നു നടന്ന കോടതി നടപടികളും വ്യാപകമായ വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. അക്രമത്തിനോ സംഘര്‍ഷത്തിനോ ആഹ്വാനം ചെയ്യാത്ത സമാധാനപരമായ സമരത്തെ പിന്തുണക്കുന്ന ഒരു ടൂള്‍കിറ്റിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്തതും ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അവരെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതും ചട്ടലംഘനമാണെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിശക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിശയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു വേണ്ടത്. പകരം പോലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടിയും തെറ്റാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പി ചിദംബരം, ദ്വിഗ്‌വിജയ് സിംഗ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ദിയയെ അകാരണമായി കസ്റ്റഡിയിലെടുത്ത ഉടനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. കര്‍ഷകരെ പിന്തുണച്ചുവെന്നത് മാത്രമാണ് അവര്‍ ചെയ്ത തെറ്റ്. മുത്തച്ഛനും മുത്തശ്ശിയുമെല്ലാം കര്‍ഷകരായതിനാല്‍ കാര്‍ഷിക മേഖലയുമായി ഇവര്‍ക്ക് ചെറുപ്പത്തിലേ ബന്ധമുണ്ട്. ഇതാണ് കര്‍ഷകരുടെ പ്രശ്‌നത്തില്‍ അവര്‍ താത്പര്യമെടുക്കാനിടയായത്. മറ്റാരുടെയോ പ്രേരണയോ സമ്മര്‍ദമോ ഇതിനു പിന്നിലില്ല. ഖലിസ്ഥാന്‍ അനുകൂല സംഘടനയുമായി ബന്ധമുണ്ടെന്നത് കേവലം പോലീസ് ആരോപണമാണ്. സുപ്രീം കോടതി മുന്‍ ജഡ്ജി ദീപക് ഗുപ്തയും ദിശയെ അറസ്റ്റ് ചെയ്തതിന്റെ സാധുതയെ ചോദ്യം ചെയ്യുന്നു. ഏതൊരു പൗരനും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അക്രമാസക്തമാകാത്ത കാലത്തോളം അതിനെതിരെ കേസെടുക്കാനാകില്ലെന്ന് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടി. ടൂള്‍കിറ്റ് വായിച്ചു. അതില്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഒന്നും തന്നെയില്ല. ടൂള്‍കിറ്റിനെ ചൊല്ലി ദിശക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമാണ്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി.
കര്‍ഷക സമരത്തെ കരിവാരിത്തേക്കാന്‍ ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്തതാണ് സമരത്തിനു പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്ന ആരോപണം. കോര്‍പറേറ്റ് താത്പര്യം മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച പുതിയ കാര്‍ഷിക നിയമത്തോട് വിയോജിക്കുന്നവരെയെല്ലാം എന്തെങ്കിലും വ്യാജ കുറ്റങ്ങള്‍ ചുമത്തി വേട്ടയാടിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര ഭരണകൂടവും അവരുടെ ചട്ടുകമായ ഡല്‍ഹി പോലീസും. ഇതുവഴി കര്‍ഷകരെ നിശ്ശബ്ദമാക്കുകയും പ്രക്ഷോഭത്തെ തളര്‍ത്തുകയും ചെയ്യാമെന്നത് മോദി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണ്. യഥാര്‍ഥത്തില്‍ ടൂള്‍കിറ്റല്ല, നിരായുധയായ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ ഭീതിയും അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടലുമാണ് ആഗോളതലത്തില്‍ രാജ്യത്തെ നാണം കെടുത്തുന്നത്.

Latest