Connect with us

National

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

Published

|

Last Updated

ബെംഗളൂരു | കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍നിന്നും വരുന്നവര്‍ 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബെംഗളൂരു കെ ടി നഗറിലുള്ള ഒരു നഴ്സിങ് കോളജ് കൊവിഡ് ക്ലസ്റ്ററായി രൂപപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇവിടെയുള്ള വിദ്യാര്‍ഥികളില്‍ 70 ശതമാനത്തോളം പേരും കേരളത്തില്‍ നിന്നുള്ളവരാണ്.

കേരളത്തില്‍ നിന്ന് വരുന്നവര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഡോര്‍മെറ്ററികള്‍, ഹോസ്റ്റലുകള്‍, ഹോംസ്റ്റേകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി-പിസിആര്‍ പരിശോധന ഫലം ഹാജരാക്കേണ്ടി വരും. ഇതുസംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തിയവരെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നുണ്ട്.

മള്‍ട്ടി നാഷണല്‍ കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, കര്‍ണാടകയിലെ ഹോംസ്റ്റേകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ അവരുടെ സ്വന്തം ചെലവില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

Latest