Connect with us

Uae

അന്തരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് പുതുക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വഴി സൗകര്യം

Published

|

Last Updated

അബൂദബി | ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുവദിച്ചു നല്‍കൂന്ന ഐ ഡി പി ( അന്തരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ) ഫെബ്രുവരി 15 മുതല്‍ അബൂദബി ഇന്ത്യന്‍ എംബസിയില്‍ നിന്നും പുതുക്കി നല്‍കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ സഹകരണത്തോടെ പുതുക്കി നല്‍കാന്‍ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളെ അനുവദിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണിത്.

ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12:30 വരെ സാധുവായ പാസ്പോര്‍ട്ട്, കാലഹരണപ്പെട്ട ഐ ഡി പി , ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുമായി എംബസി സന്ദര്‍ശിക്കാം. രേഖകള്‍ പരിശോധിച്ച ശേഷം അപേക്ഷകനോട് യഥാസമയം പൂരിപ്പിച്ച സേവന ഫോം സമര്‍പ്പിക്കാന്‍ എംബസി അധികൃതര്‍ ആവശ്യപ്പെടും. ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഇന്ത്യക്കാര്‍ക്ക് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നല്‍കുന്ന ഔട്ട്സോഴ്സ് ഏജന്‍സിയായ ഐവിഎസ് ഗ്ലോബല്‍ വഴി ഈ സേവനം ലഭ്യമാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

കോണ്‍സുലേറ്റ് സന്ദര്‍ശിക്കുന്നതിന് പകരം രേഖ സമര്‍പ്പിക്കുന്നതിന് ആവശ്യക്കാര്‍ ഐവിഎസ് ഓഫീസ് സന്ദര്‍ശിക്കേണ്ടതുണ്ട് -കോണ്‍സുലേറ്റ് വിശദീകരിച്ചു. ഐ ഡി പി പുതുക്കുന്നതിന് കോണ്‍സുലാര്‍ സര്‍വീസ് ഫീസായി 40 ദിര്‍ഹവും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ചാര്‍ജായി 8 ദിര്‍ഹവും നല്‍കണമെന്ന് എംബസി അറിയിച്ചു. അപേക്ഷകന്‍ മന്ത്രാലയത്തിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ എംബസി നല്‍കുന്ന രസീതിനൊപ്പം പ്രസക്തമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുകയും ഓണ്‍ലൈനായി ഐ ഡി പി ഫീസ് അടക്കുകയും വേണം.

പോര്‍ട്ടലിലൂടെ അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍, രേഖയുടെ സ്ഥിരീകരണത്തിന് ശേഷം ലൈസന്‍സിംഗ് അതോറിറ്റി അപേക്ഷകന്റെ നാട്ടിലെ വിലാസത്തിലേക്ക് നേരിട്ട് ഐ ഡി പി കൊറിയര്‍ ചെയ്യും എംബസി വിശദീകരിച്ചു. ഐ ഡി പി സേവനത്തില്‍ എംബസിയുടെ പങ്ക് ഐ ഡിപി പുതുക്കല്‍ അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അപേക്ഷയുടെ നില ഉള്‍പ്പെടെ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് നേരിട്ട് പരിശോധിക്കേണ്ടതുണ്ട് എംബസി കൂട്ടിച്ചേര്‍ത്തു.