Connect with us

Kerala

കാപ്പന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്

Published

|

Last Updated

കോട്ടയം | എന്‍ സി പി വിട്ട് യു ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാണി സി കാപ്പന്‍െ തീരുമാനിച്ചതിനെ പൊതുവായി സ്വാഗതം ചെയ്‌തെങ്കിലും മുന്നണിയിലെ ഘടകക്ഷിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്്. എന്‍ സി പി കേരള എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാന്‍ കാപ്പന്‍ നീക്കം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.

എന്‍ സി പി ഒന്നാകെ മുന്നണിയിലേക്ക് വരുകയാണെങ്കില്‍ ഘടകക്ഷിയാക്കാമെന്നായിരുന്നു തീരുമാനമെന്നും എന്നാല്‍ കാപ്പന്‍ മാത്രമാണ് എത്തിയത് ഇതിനാല്‍ ഘടകക്ഷിയാക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസുള്ളത്. ഇക്കാര്യം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ ഐ സി സി ജനറല്‍ സെക്രട്ടി കെ സി വേണുഗോപാലും പരോക്ഷമായി വ്യക്തമാക്കി കഴിഞ്ഞു.
പാലായില്‍ കാപ്പന് സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായോ, കോണ്‍ഗ്രസില്‍ ലയിച്ച് കൈപ്പത്തി ചിഹ്നത്തിലോ മത്സരിക്കാം. എന്നാല്‍ പാലക്ക് പുറത്ത് നിലവില്‍ ഒരു സീറ്റ് നല്‍കാനാകില്ല. കാപ്പന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് നല്‍കിയാല്‍, ഒരു പക്ഷേ എന്‍ സി പി വീണ്ടും ലയിച്ചാല്‍ അത് യു ഡി എഫിന് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണംചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി കഴിഞ്ഞു. മൂന്ന് സീറ്റ് മാണി സി കാപ്പനൊപ്പം എത്തുന്നവര്‍ക്ക് യു ഡി എഫ് നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം ഒരു ഉറപ്പും നല്‍കിയതായി തനിക്ക് അറിയില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്.

ഒരു സീറ്റില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയതോടെ കാപ്പനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന എന്‍ സി പി നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്. ചില എന്‍ സി പി സംസ്ഥാന ഭാരവാഹികള്‍ യു ഡി എഫിന്റെ ഭാഗമായി മത്സരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചാണ് കാപ്പനൊപ്പം നിന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇനി എന്ത് എന്ന ആശങ്കയാണ് ഇവര്‍ക്ക് മുമ്പിലുള്ളത്. പുതിയ സാഹചര്യത്തില്‍ കാപ്പന്‍ പക്ഷത്ത് നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ തന്നോടൊപ്പം നില്‍ക്കുന്ന തദ്ദേശ പ്രതിനിധികള്‍ രാജിവെക്കുമെന്ന് കാപ്പന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ അത്തരം രാജിവെപ്പുകളൊന്നും കോട്ടയം ജില്ലയില്‍ പോലും കാര്യമായി ഉണ്ടായിട്ടില്ല. എല്‍ ഡി എഫിനൊപ്പം ജയിച്ച് കയറി ഭൂരിഭാഗം തദ്ദേശ പ്രതിനിധികളും കാപ്പനൊപ്പം നില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ സാഹചര്യത്തില്‍ കാപ്പന്റെ മുന്നണി പ്രവേശനം നഷ്ടകച്ചവടമാകുമോയെന്ന ആശങ്കയും യു ഡി എഫ് നേതാക്കള്‍ക്കിടയിലുണ്ട്.