ഹളർമൗത്തിലെ മഹിളകൾ

Posted on: February 14, 2021 5:58 pm | Last updated: February 14, 2021 at 5:58 pm

ഹുസൈസയിൽ നിന്നും സൈഊൻ നഗരത്തിലേക്കെത്താൻ ആറ് കിലോമീറ്ററുള്ളപ്പോൾ ഹൂത്വ എന്നൊരു കൊച്ചു ഗ്രാമമുണ്ട്. അവിടെയാണ് ജ്ഞാന യോഗിയായ ഒരു സൂഫി വനിതയുടെ മഖ്ബറയുള്ളത്. ഹിജ്റ 847ൽ വഫാത്തായ ശൈഖ സുൽത്വാന ഹള്റമിയ്യ എന്ന മഹതിയുടെ മഖാം ഇന്ന് ഹളർമൗത്തിലെ പ്രധാന തീർഥാടന കേന്ദ്രമാണ്. പാണ്ഡിത്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ഹള്റമി ചരിത്രത്തിൽ അനന്യമായ ഔന്നത്യത്തിന്റെ പടവുകൾ താണ്ടിയ ഈ മഹാപ്രതിഭ ‘റാബിഅ ഹള്റമിയ്യ’ എന്നും അറിയപ്പെടുന്നുണ്ട്. ആധ്യാത്മിക ലോകത്ത് പ്രശോഭിക്കുന്ന അനേകായിരം ആത്മജ്ഞാനികൾക്കിടയിൽ തങ്ങളുടേതായ ഇടം അടയാളപ്പെടുത്തി, സൂഫീ പാരമ്പര്യത്തെ യഥേഷ്ടം സമ്പന്നമാക്കിയ അസംഖ്യം സൂഫി വനിതകളെ ഇസ്്ലാമിക ചരിത്രത്തിൽ നമുക്ക് കാണാം. ആത്മീയതയുടെയും ദിവ്യജ്ഞാനത്തിന്റെയും പ്രകാശം പരത്തിയ ഇവർ പുരുഷന്മാരടങ്ങുന്ന ഉമ്മത്തിനാകെ മാതൃകയായിരുന്നു. നഫീസത്തുൽ മിസിരിയ്യ, റാബിഅതുൽ അദവിയ്യ, മാജിദ അൽ ഖുറശിയ്യ, ആഇശ ബിൻത് ജഅ്ഫറു സ്സ്വാദിഖ്, മുആദ അൽ അദവിയ്യ, ഫാത്വിമ നൈസാബൂരിയ്യ, റാബിഅ ശാമിയ്യ തുടങ്ങിയവരാണ് അവരിലെ മുൻനിരക്കാർ. ഇലാഹീ സ്മരണയിലായി ജീവിതം നയിച്ച് സ്വന്തമായ മേൽവിലാസം സൃഷ്ടിച്ചെടുത്ത അപൂർവ മഹത് വ്യക്തിത്വങ്ങളുടെ ഗണത്തിലേക്ക് ഹളർമൗത്തിന്റെ മണ്ണിൽ നിന്നും ശൈഖ സുൽത്വാന ഹള്റമിയ്യയുടെ പേരും ചേർത്തുവെക്കാം. മഹതിയുടെ സ്മരണക്കായി ഇന്ന് ഈ നാട് ‘ഹൂത്വസുൽത്വാന’ എന്ന പേരിലാണറിയപ്പെടുന്നത്.

ഹൂത്വയിലെ മലയോര പ്രദേശമായ അൽ അറയിൽ ഹിജ്റ 780 ലാണ് മഹതി ജനിക്കുന്നത്. കിൻഡ ഗോത്രങ്ങളിൽ പെട്ട സുബൈദി വംശജനായിരുന്ന അലി അൽ സുബൈദിയാണ് പിതാവ്. കർഷകരും ഇടയന്മാരും ഉൾക്കൊള്ളുന്ന സാധാരണ ബദവി കുടുംബത്തിൽ വളർന്ന ശൈഖ സുൽത്വാന ആരാധന കൊണ്ടും ജീവിത വിശുദ്ധികൊണ്ടും അക്കാലത്തെ മറ്റുള്ള വനിതകളിൽ നിന്നും വേറിട്ടുനിന്നു. ചെറുപ്പത്തിൽ തന്നെ ദീനി വിജ്ഞാനത്തിന്റെ മധു നുകരാനുള്ള അവസരങ്ങൾ അന്വേഷിക്കുകയും ഹള്റമി ജ്ഞാനികളുടെ വാക്കുകളും ഉപദേശങ്ങളും കാതോർത്ത് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്തു. അധ്യാത്മിക മാർഗത്തിൽ ആകൃഷ്ടയായ അവർ ഏകാന്തതയും ധ്യാനവും പരിത്യാഗവും ഇഷ്ടപ്പെട്ടു. ഒറ്റക്കിരുന്ന് ധ്യാന നിമഗ്നയായി ദൈവ കീർത്തനം നടത്തുന്നതിലും പ്രാർഥനയിൽ മുഴുകുന്നതിലും ആനന്ദവും സന്തോഷവും കണ്ടെത്തി. വൈവാഹിക ജീവിതത്തിൽ താത്പര്യപ്പെടാതിരുന്ന മഹതി അല്ലാഹുവിന്റെ സാമീപ്യവും തൃപ്തിയും കൈവരിക്കാനുള്ള വഴികൾ മനസ്സിലാക്കുകയും ജീവിതത്തിൽ അവ അനുശീലിക്കുകയും ചെയ്തു.

ശേഷം ആത്മീയ വഴിയിലെ സനദുകളും ഇജാസകളും അക്കാലത്തെ പ്രഗത്ഭരായ സൂഫി ജ്ഞാനികളിൽ നിന്നും സ്വീകരിച്ചു. ഹൂത്വ ഗ്രാമത്തിലെ പ്രശസ്ത സൂഫി ഗുരുവായിരുന്ന അല്ലാമ മുഹമ്മദ് ബിൻ അബ്ദില്ലാഹ് ബാ അബ്ബാദിന്റെ സാരോപദേശങ്ങൾക്കനുസൃതമായിട്ടായിരുന്നു മഹതിയുടെ ആദ്യകാല ആത്മീയ ജീവിതം. സമകാലീനരായിരുന്ന തരീമിലെ ‘രണ്ടാം ഫഖീഹുൽ മുഖദ്ദം’ എന്നറിയപ്പെടുന്ന അബ്ദുർറഹ്മാൻ അസ്സഖാഫ്(റ), ബാ അലവി സൂഫി ധാരയുടെ ആത്മീയ നേതൃത്വമായിരുന്നപ്പോൾ പ്രഭാഷണങ്ങൾക്കായി ഹൂത്വയിൽ വരികയും മഹതി നിർമിച്ച പള്ളിയിൽ വെച്ച് ജനങ്ങൾക്കായി നസ്വീഹത്ത് നൽകുകയും ചെയ്യാറുണ്ടായിരുന്നു. ഈ അവസരം മഹതി കൂടുതൽ ഉപയോഗപ്പെടുത്തുകയും, പിൽകാലത്ത് ഹളർ മൗത്തിൽ ജീവിച്ച ജ്ഞാനികൾ മഹതിയെക്കുറിച്ച് സ്തുതി കീർത്തനങ്ങൾ പാടുംവിധം സൂഫി വനിതകളുടെ ആത്മീയ സരണിയിലെ അനുപമ നേത്രിയായി ശൈഖ സുൽത്വാന മാറുകയും ചെയ്തു.


ഹളർമൗത്തിലെ സ്ത്രീകളുടേത് ആത്മീയതയിൽ അലിഞ്ഞു ചേർന്ന ജീവിതമാണ്. ലോകത്ത് ആധ്യാത്മിക വൈജ്ഞാനിക വിപ്ലവം നടത്തിയ അനവധി ജ്ഞാനികൾക്കും സംശുദ്ധമായ സയ്യിദ് വംശപരമ്പരകളുടെ നായകർക്കും ജന്മം നൽകിയ ഉമ്മമാർ ജീവിച്ച നാട്ടിലുള്ള സ്ത്രീകളുടെ സൂഫി ജീവിതത്തിൽ അതിശയോക്തിയില്ല. പാരമ്പര്യ ഇസ്്ലാമിന്റെ യഥാർഥ ആദർശത്തിലൂന്നി ജീവിക്കുന്ന അവരുടെ അടക്കവും ഒതുക്കവും വിശ്വാസവും വസ്ത്രധാരണാരീതിയും നമുക്ക് വലിയ മാതൃകയാണ്. നഗരത്തിലെ പല മാർക്കറ്റുകളിലും മാളുകളിലും സ്ത്രീകൾക്ക് ഷോപ്പിംഗിനായി പ്രത്യേക സമയം നിശ്ചയിച്ചിരിക്കുന്നു. യാത്രകളിലുടനീളം ‘മസ്റ’ കളിൽ പണിയെടുക്കുന്ന ഹിജാബ് ധാരികളായ ധാരാളം കർഷക സ്ത്രീകളെ കാണാം. തീർഥാടന കേന്ദ്രങ്ങളിലും പള്ളിമുറ്റങ്ങളിലും തെരുവോരങ്ങളിലും നിൽക്കുന്ന യാചക സ്ത്രീകൾ ഹളർമൗത്തിലെ നിത്യ കാഴ്ചയാണ്. ശരീരം പൂർണമായും മറച്ച അവർ വെച്ചു നീട്ടുന്ന മടിശ്ശീലയിലേക്കാണ് പണം ഇടേണ്ടത്. വിജനമായ നാട്ടുപാതകളിലൂടെ വരി തെറ്റാതെ നടന്നു പോകുന്ന ആട്ടിൻ കൂട്ടങ്ങൾ വേറിട്ട കാഴ്ചയാണ്. മുന്നിലും പിന്നിലും ആട്ടിടയകളായ സ്ത്രീകളുമുണ്ടാകും. തിരിച്ചറിയാനായി ഹിജാബിന് മുകളിൽ ഈത്തപ്പനയോല കൊണ്ട് നിർമിച്ച നീളമുള്ള തൊപ്പിയും വെച്ചിട്ടുണ്ടാകും. മുസ്്ലിം സ്ത്രീയെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുകയും അവളുടെ വിശ്വാസവും വേഷവും അവമതിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് വിശ്വാസിനികൾക്ക് കരുത്ത് പകരുന്ന കാഴ്ചകളാണ് ഹളർമൗത്തിലുടനീളം കാണാനാകുന്നത്.

ഒരിക്കൽ സമ്പൽ മഖ്ബറയിൽ സിയാറത്തിനായി എത്തിയതായിരുന്നു. ബസിൽ നിന്നും ഇറങ്ങുമ്പോൾ കുറച്ച് സ്ത്രീകളും കുട്ടികളും ചുറ്റും കൂടി. അവരുടെ കൈയിലുള്ള പാസ്പോർട്ട് എനിക്കു നേരെ നീട്ടി. നോക്കുമ്പോൾ സിറിയയിലെ പാസ്പോർട്ടാണ്. നാട്ടിലെ അരക്ഷിതാവസ്ഥയിൽ അഭയാർഥികളായി രാജ്യം വിട്ടതാണവർ. സ്ത്രീകൾക്കും കുട്ടികൾക്കും പീഡന ഭയമില്ലാതെ ജീവിക്കാൻ സുരക്ഷിത ഇടമാണ് തരീം എന്നത് കൊണ്ടാണ് അവർ ഇവിടെയെത്തിയതെന്ന് യമനി സുഹൃത്ത് ഹുസൈൻ ബിൻ സഈദ് ബാഊദാൻ പറഞ്ഞു. സൂഫീ ചൈതന്യം ഇത്രമേൽ ജ്വലിച്ചു നിൽക്കുന്ന ഒരു നാട്ടിൽ ആരെയാണ് അവർക്ക് ഭയപ്പെടേണ്ടി വരിക?!
“ദീൻ പൂർത്തിയാവുക തന്നെ ചെയ്യും. അന്ന് സ്വൻഅയിൽ നിന്ന് ഹളർമൗത്ത് വരെ ഒരാൾക്ക് നിർഭയമായി സഞ്ചരിക്കാനാകും. അല്ലാഹുവിനെയും, തന്റെ കൂടെയുള്ള ആടുകളെ അക്രമിച്ചേക്കാവുന്ന ചെന്നായയെയും അല്ലാതെ അവന് അന്ന് ആരെയും ഭയപ്പെടേണ്ടി വരില്ല.’ എന്ന ഹദീസ് വചനങ്ങളുടെ പുലർച്ചയാണിവിടെ കാണാൻ കഴിയുന്നത്.
വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും ഇസ്്ലാമിക കർമശാസ്ത്രത്തിലും വിശ്വാസ ശാസ്ത്രത്തിലും അവഗാഹം നേടുകയും അധ്യാത്മിക ഗ്രന്ഥങ്ങളടക്കം വിശകലനം ചെയ്ത് സ്ത്രീകൾക്ക് ദർസ് നടത്തുന്ന ഒട്ടനവധി പണ്ഡിതമഹിളകൾ ഇന്നും തരീമിലുണ്ട്. ഹബീബ് ഉമർ ബിൻ ഹഫീളിന്റെ പ്രിയ പത്നി അവരിൽ ഒരാളാണ്. ഇമാം നവവി(റ)ന്റെ ‘രിയാളുസ്വാലിഹീനി’ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾക്ക് വ്യാഖ്യാനം എഴുതിയ അവർ ദാറുൽ മുസ്ഥഫയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന വനിതകൾക്കായുള്ള ‘ദാറുസ്സഹ്റ’ എന്ന കലാലയത്തിന്റെ മേധാവിയാണ്.

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരി റാഷേൽ ആസ്പഡൻ (Rachel Aspden) തരീമിലേക്ക് നടത്തിയ യാത്രയുടെ വിവരണം ‘My journey to the heart of Islam’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഹളർമൗത്തിലെ സ്ത്രീകളുടെ സുരക്ഷിത ബോധവും തരീമിലെ സയ്യിദ് കുടുംബത്തിലെ ‘ഹുബാബ’മാരോട് സമൂഹത്തിന്റെ ആദരവോടെയുള്ള സമീപനവും ഇസ്്ലാമിക വിഷയങ്ങളിൽ അവർ നേടിയെടുത്തിട്ടുള്ള ആഴത്തിലുള്ള ജ്ഞാനവും അതിവൈകാരികമായി അവതരിപ്പിക്കുന്നുണ്ട്. തരീമിലെ സൂഫി വനിതകളുടെ വിനയാന്വിത ഭാവവും പെരുമാറ്റവും അവരിലൂടെ നടക്കുന്ന വിജ്ഞാന കൈമാറ്റത്തിന്റെ ജ്വലിക്കുന്ന വിശേഷങ്ങളും ‘ദാറുസ്സഹ്റ’ യിലെ അനുഭവങ്ങളിലൂടെ അവർ പങ്കുവെക്കുന്നുണ്ട്.

സ്ത്രീകളുടെ ആത്മീയ പുരോഗതിയും ഇസ്്ലാമിക വിഷയങ്ങളിൽ അവർക്ക് ആഴത്തിലുള്ള പഠനങ്ങൾക്ക് അവസരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ 1998 ലാണ് ഹബീബ് ഉമർ ബിൻ ഹഫീള് ‘ദാറുസ്സഹ്റ’ സ്ഥാപിക്കുന്നത്. ദാറുൽ മുസ്ഥഫയിലെ സിലബസിൽ മുന്നോട്ട് പോകുന്ന സ്ഥാപനത്തിൽ ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വൻകരകളിലെ വ്യത്യസ്ത രാഷ്ട്രങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം വിദ്യാർഥിനികൾ പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്. പുതിയതായി ക്യാമ്പസിലെത്തുന്ന അനറബികളായ വിദ്യാർഥിനികൾക്ക് അറബി ഭാഷ പഠിക്കാനും ഖുർആൻ മനഃപാഠമാക്കാനും വനിതകൾക്ക് മാത്രമായുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്കും ഇവിടെ അവസരമുണ്ട്. ദാറുൽ മുസ്ഥഫയിലെ പോലെ ഇവിടെയും സുബ്ഹി ബാങ്കിന് ഒരു മണിക്കൂർ മുമ്പ് ആരംഭിക്കുന്ന ദിനചര്യകൾ രാത്രി പത്തര വരെ നീളും. അതിനിടയിൽ വ്യത്യസ്ത ക്ലാസുകൾ നടക്കും. ‘മുസ്വല്ല അഹ് ലുൽകിസ’യിൽ നടക്കുന്ന പ്രത്യേക പരിപാടികൾ ദാറുസ്സഹ്റയിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിൽ തെളിയും. തരീമിലെ പണ്ഡിതന്മാരുടെ പ്രത്യേക ദർസുകൾ ക്യാമ്പസിന്റെ കവാടത്തിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ റൂമിൽ വെച്ച് നടത്തും. ശ്രോദ്ധാക്കളായ സ്ത്രീകൾ തൊട്ടടുത്ത ഹാളിൽ വന്നിരുന്ന് സാകൂതം ശ്രവിക്കും. എല്ലാ വർഷവും സ്ത്രീകൾക്കായുള്ള നാൽപ്പത് ദിവസത്തെ ‘ദൗറ’ കോഴ്സും ഇവിടെ നടക്കാറുണ്ട്. അനേകം വിദ്യാർഥിനികൾ ക്യാമ്പസിൽ നിന്നും ഇതിനകം പഠനം പൂർത്തിയാക്കി പുറത്തിറങ്ങുകയും പലരും അവരുടെ നാടുകളിൽ സ്ത്രീകൾക്കായി സ്ഥാപനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.