Connect with us

National

ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published

|

Last Updated

മംഗളൂരു | സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മലയാളികളായ അഞ്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ഥികളെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. .

വടകര പാലയാട് പടിഞ്ഞാറെക്കര മുഹമ്മദ് ഷമാസ്(19), കോട്ടയം അയര്‍കുന്നം റോബിന്‍ ബിജു(20), വൈക്കം എടയാര്‍ ആല്‍വിന്‍ ജോയ്(19), മഞ്ചേരി പയ്യനാട് ജാബിന്‍ മഹ്റൂഫ്(21), കോട്ടയം ഗാന്ധിനഗര്‍ ജെറോണ്‍ സിറില്‍(19), പത്തനംതിട്ട മങ്കാരം മുഹമ്മദ് സുറാജ്(19), കാസര്‍കോട് കടുമേനി ജാഫിന്‍ റോയ്ച്ചന്‍(19), വടകര ചിമ്മത്തൂര്‍ ആസിന്‍ ബാബു(19), മലപ്പുറം തിരൂരങ്ങാടി മമ്പറം അബ്ദുള്‍ ബാസിത്(19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയ അബ്ദുള്‍ അനസ് മുഹമ്മദ്(21), ഏറ്റുമാനൂര്‍ കനകരി കെ എസ് അക്ഷയ്(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മംഗളൂരു ദളര്‍ക്കട്ടെ കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫിസിയോ തെറാപ്പി, നഴ്‌സിങ്ങ് വിദ്യാര്‍ഥികളാണ് പിടിയിലായത് .മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പ് കൊണ്ട് മുറി അളപ്പിക്കുക, ശാരീരികമായ ഉപദ്രവിക്കുക എന്നിങ്ങനെ പലതരത്തില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ പ്രതികള്‍ ഉപദ്രവിച്ചെന്ന് പരാതിയില്‍ പറയുന്നു. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ റാംഗിഗ് കേസില്‍ പിടിയിലാവുന്നത്

Latest