അജന്‍ഡയുണ്ട് ഈ തൊഴില്‍ നിയമങ്ങള്‍ക്ക്‌

അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകളാണ് പാസ്സാക്കപ്പെട്ട നാല് തൊഴില്‍ കോഡുകളിലുമുള്ളത്. രാജ്യത്തെ കോടാനുകോടി തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കലല്ല, മറിച്ച് സാര്‍വദേശീയ കുത്തക മുതലാളിമാരുടെയും വന്‍കിട വ്യവസായികളുടെയും ശതകോടീശ്വരന്മാരുടെയും താത്പര്യമാണ് യാതൊരു മറയുമില്ലാതെ ഈ നിയമങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
Posted on: February 12, 2021 4:47 am | Last updated: February 12, 2021 at 1:48 am

രാജ്യത്തെ തൊഴില്‍ നിയമങ്ങളാകെ ഇതിനകം കേന്ദ്രസര്‍ക്കാര്‍ പൊളിച്ചെഴുതിയിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരം നാല് തൊഴില്‍ കോഡുകള്‍ നിലവില്‍ വരികയും ചെയ്തു. കേന്ദ്ര തൊഴില്‍ മന്ത്രി അവതരിപ്പിച്ച നാല് തൊഴില്‍ കോഡുകളും വലിയ ചര്‍ച്ചയൊന്നും കൂടാതെ പാര്‍ലിമെന്റ് പാസ്സാക്കിയിട്ടുമുണ്ട്.

വേതന കോഡ്, വ്യവസായബന്ധ കോഡ്, തൊഴില്‍ സുരക്ഷ-ആരോഗ്യം-തൊഴില്‍ സ്ഥിതി എന്നിവ സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷാ കോഡ് എന്നീ നാല് കോഡുകളാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്തിരിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ 22ന് ലോക്‌സഭയും 23ന് രാജ്യസഭയും തൊഴിലാളിവിരുദ്ധമായ ഈ ബില്ലുകള്‍ പാസ്സാക്കിയെടുത്തത് രാജ്യത്തിന്റെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ രേഖപ്പെടുത്തേണ്ട ഒരു സംഭവമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.

അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകളാണ് പാസ്സാക്കപ്പെട്ട ഈ നാല് തൊഴില്‍ കോഡുകളിലുമുള്ളത്. രാജ്യത്തെ കോടാനുകോടി തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കലല്ല, മറിച്ച് സാര്‍വദേശീയ കുത്തക മുതലാളിമാരുടെയും വന്‍കിട വ്യവസായികളുടെയും ശതകോടീശ്വരന്മാരുടെയും താത്പര്യമാണ് യാതൊരു മറയുമില്ലാതെ ഈ നിയമങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഈ കോഡനുസരിച്ച് തൊഴില്‍ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നതിന് 14 ദിവസം മുമ്പ് തന്നെ നോട്ടീസ് നല്‍കണം. നോട്ടീസിന്റെ കാലാവധി 60 ദിവസമായിരിക്കും. പൊതുസ്ഥാപനത്തില്‍ ഒന്നില്‍ കൂടുതല്‍ തൊഴിലാളി യൂനിയനുകളുണ്ടെങ്കില്‍ 51 ശതമാനം തൊഴിലാളി പ്രാതിനിധ്യമുള്ള യൂനിയനായിരിക്കും അംഗീകാരം ലഭിക്കുക. 51 ശതമാനത്തില്‍ കൂടുതല്‍ തൊഴിലാളി പ്രാതിനിധ്യമുള്ള യൂനിയനുകള്‍ നമ്മുടെ രാജ്യത്ത് വളരെ വിരളമാണെന്നുള്ള കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടുന്നതിനും സ്ഥാപനം പൂട്ടുന്നതിനും തൊഴിലാളിയെ നിയമിക്കുന്നതിനുമൊന്നും സര്‍ക്കാറിന്റെ അംഗീകാരം ആവശ്യമില്ലെന്ന് കോഡിലുണ്ട്. രാജ്യത്ത് 300 തൊഴിലാളികളില്‍ കൂടുതല്‍ പണിയെടുക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ വളരെ കുറവാണ്. ദിവസ വേതനക്കാരെയും താത്കാലിക ജീവനക്കാരെയും എല്ലാം ഒഴിവാക്കിക്കൊണ്ടാണ് തൊഴില്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ കണക്കെടുക്കുന്നത്. അതാണ് 300 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങളുടെ എണ്ണം വളരെ പരിമിതമായത്.

തൊഴില്‍ തര്‍ക്കം, പിരിച്ചുവിടല്‍, ഒഴിവാക്കല്‍, പുറത്താക്കല്‍ എന്നിവയുണ്ടായാല്‍ തൊഴിലാളി വ്യവസായ തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടത്. 45 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെക്കുന്ന കരാറിലൂടെ നിശ്ചിത കാലത്തേക്ക് തൊഴില്‍ നല്‍കുന്ന രീതിക്ക് ബില്‍ വ്യവസ്ഥകള്‍ പ്രകാരം അംഗീകാരം ലഭിക്കും. ഇത് സ്ഥിരം തൊഴിലാകില്ല. ഫലത്തില്‍ സ്ഥിരം തൊഴില്‍ സമ്പ്രദായം തന്നെ ഇല്ലാതാകാന്‍ പോകുകയാണ്.
പകര്‍ച്ചവ്യാധികള്‍, പ്രകൃതി ദുരന്തം തുടങ്ങിയ അപ്രതീക്ഷിത ഘട്ടങ്ങളില്‍ തൊഴിലുടമകളുടെയോ തൊഴിലാളികളുടെയോ പി എഫ്, ഇ എസ് ഐ വിഹിതം കേന്ദ്ര സര്‍ക്കാറിന് ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യാം. എന്നാല്‍ കുറക്കുന്ന വിഹിതം എങ്ങനെ ഈടാക്കുമെന്നോ ഇതിന് പരിഹാരം ഏത് നിലയില്‍ കാണുമെന്നോ കോഡില്‍ വ്യവസ്ഥയില്ല.

തൊഴിലാളികളുടെ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ടാണ് തൊഴില്‍ കോഡുകള്‍ പാസ്സാക്കിയെടുത്തത്. തൊഴില്‍ സമയത്തെ സംബന്ധിച്ചുള്ള സുപ്രധാന തീരുമാനമാണ് കേന്ദ്ര സര്‍ക്കാറിന്റേതായി വന്നിരിക്കുന്നത്.

ആഴ്ചയില്‍ കുറഞ്ഞത് 48 മണിക്കൂര്‍ ജോലിക്ക് മൂന്ന് വ്യവസ്ഥകള്‍ തിരഞ്ഞെടുക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം നല്‍കി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തൊഴില്‍ കോഡ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ജോലി സമയം പ്രതിദിനം 12 മണിക്കൂര്‍ വീതം ആഴ്ചയില്‍ നാല് ദിവസം, പ്രതിദിനം 10 മണിക്കൂര്‍ കണക്കില്‍ ആഴ്ചയില്‍ അഞ്ച് ദിവസം, ജോലി സമയം എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം എന്നിങ്ങനെ ജോലി ക്രമീകരണത്തിനാണ് അനുമതിയെന്നാണ് കേന്ദ്ര തൊഴില്‍വകുപ്പ് സെക്രട്ടറി അപൂര്‍വചന്ദ്ര പറയുന്നത്.
തൊഴിലുടമകള്‍ക്ക് തങ്ങളുടെ സൗകര്യാര്‍ഥം ഈ മൂന്ന് രീതികളിലൊന്ന് തിരഞ്ഞെടുത്ത് തൊഴിലാളികളെ വിന്യസിക്കാം. എന്നാല്‍ ഈ രീതിയിലേക്കുള്ള മാറ്റം ആരിലും അടിച്ചേല്‍പ്പിക്കില്ല. നാല് ദിവസം 12 മണിക്കൂര്‍ വീതം ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം അവധി ഉറപ്പായിരിക്കണം. ആഴ്ചയില്‍ അഞ്ച് ദിവസത്തെ ജോലിക്കാര്‍ക്ക് തൊട്ടടുത്ത ആഴ്ച ജോലിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് രണ്ട് അവധി ദിവസങ്ങള്‍ നല്‍കണമെന്നാണ് തൊഴില്‍ കോഡില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

തൊഴിലാളികളെയോ തൊഴിലുടമകളെയോ ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്ന് തൊഴില്‍ സെക്രട്ടറി പറയുന്നു. അന്തിമ ചട്ടങ്ങളില്‍ മാറ്റം വന്നേക്കാമെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് മാറുന്ന തൊഴില്‍ സംസ്‌കാരത്തിന് അനുസൃതമായി ജോലി അനായാസമാക്കുക എന്ന ലക്ഷ്യത്തിലാണ് പരിഷ്‌കരണമെന്നും തൊഴില്‍ വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ദിവസം 12 മണിക്കൂര്‍ ജോലിയെന്ന കേന്ദ്ര നിര്‍ദേശത്തില്‍ ബഹുഭൂരിപക്ഷം ട്രേഡ് യൂനിയനുകളും ശക്തമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എട്ട് മണിക്കൂര്‍ ജോലിയെന്ന സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട തൊഴിലാളികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ഈ തീരുമാനം. ഇപ്പോള്‍ പല രാജ്യങ്ങളിലും പ്രവൃത്തി സമയം എട്ട് മണിക്കൂര്‍ എന്നത് കുറച്ചിട്ടുണ്ട്. പ്രവര്‍ത്തന സമയം ആറ് മണിക്കൂര്‍ ആക്കുകയെന്നതാണ് പല രാജ്യങ്ങളിലും തൊഴിലാളികള്‍ ഇന്ന് ഉയര്‍ത്തിയിട്ടുള്ള ആവശ്യം.

വ്യവസായബന്ധ ബില്‍ 2020 പ്രകാരം ദൈനംദിന പ്രവൃത്തി സമയം സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. തൊഴിലാളിവിരുദ്ധവും നിലവിലുള്ള നിയമങ്ങള്‍ക്ക് കടകവിരുദ്ധവുമായ ഒന്നാണിത്. വ്യവസായബന്ധ നിയമത്തിലും വേജസ് ആക്ടിലും ട്രേഡ് യൂനിയന്‍ ആക്ടിലും ബോണസ് ആക്ടിലുമെല്ലാം യാതൊരു നീതീകരണവുമില്ലാതെ തൊഴിലാളി വിരുദ്ധമായ ഭേദഗതികള്‍ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ തുടരുകയാണെന്ന് വിളിച്ചറിയിക്കുന്നു.

ജോലി സമയം 12 മണിക്കൂറായി വര്‍ധിപ്പിക്കുന്നെങ്കിലും ആഴ്ചയിലെ 48 മണിക്കൂറില്‍ ഒരു വ്യത്യാസവും വരുത്തുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. തൊഴിലാളിക്ക് പ്രതിദിനം 12 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്.

തൊഴിലാളി വര്‍ഗത്തിന്റെ മൗലിക അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു സര്‍ക്കാറിനും മുന്നോട്ടുപോകാന്‍ കഴിയുകയില്ല. അതുകൊണ്ട് തന്നെയാണ് ലോകത്തെ വന്‍കിട ബൂര്‍ഷ്വാ ഭരണകൂടങ്ങള്‍ പോലും അതാതു രാജ്യത്തെ ട്രേഡ് യൂനിയനുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാകുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഈ കീഴ് വഴക്കമില്ല. തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച യൂനിയനുകളുടെ നിര്‍ദേശങ്ങളൊന്നും പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നമ്മുടെ രാജ്യത്തെ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത് ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രി പോലുമല്ല.