സോളര്‍ തട്ടിപ്പ്: സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി

Posted on: February 11, 2021 3:25 pm | Last updated: February 12, 2021 at 10:04 am

കോഴിക്കോട് | സോളാർ തട്ടിപ്പുകേസിൽ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. കേസ് വിധി പറയുന്ന 25ന് ഇവർ സ്വമേധയാ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റു ചെയ്തു ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. ഇരുവരെയും കൂടാതെ ഡ്രൈവർ മണിലാലിന്റെ ജാമ്യവും കോഴിക്കോട് കോടതി റദ്ദാക്കി.

കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ ഓഫിസിലും വീട്ടിലും സോളർ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞ് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇവർക്കെതിരായ കേസ്. ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ് നായര്‍ രണ്ടാം പ്രതിയുമാണ്. വ്യാജ രേഖകൾ തയാറാക്കി നൽകിയതിനാണ് കൊടുങ്ങല്ലൂർ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്.  2013ലെ കേസിൽ ഇന്ന് വിധി പറയേണ്ടതായിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല. 2016 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസ് 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.