അന്തര്‍ദേശീയ മാധ്യമങ്ങളിലെ കര്‍ഷക രോഷങ്ങള്‍

Posted on: February 11, 2021 10:38 am | Last updated: February 11, 2021 at 10:38 am


ഡല്‍ഹിയിലെ കര്‍ഷക സമരം അന്തര്‍ദേശീയ മാധ്യമങ്ങള്‍ എങ്ങനെയാണ് കവര്‍ ചെയ്തതെന്ന് കഴിഞ്ഞ ദിവസം അന്വേഷിക്കുന്നതിനിടയിലാണ് ബി ബി സി ബ്രോഡ്കാസ്റ്റ് ചെയ്ത മനോഹരമായ ഒരു റിപ്പോര്‍ട്ട് കണ്ടത്. കര്‍ഷക പ്രതിഷേധത്തോടൊപ്പം ഒരു രാത്രി എന്ന ടൈറ്റിലില്‍ രൂപ ജാ ചെയ്ത വീഡിയോ കവറേജായിരുന്നു അത്. സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരോടൊപ്പം താമസിച്ച്, അവരോട് സംസാരിച്ച്, കര്‍ഷകരുടെ രോഷം കൃത്യമായി അടയാളപ്പെടുത്തുന്ന ഹൃദ്യമായ റിപ്പോര്‍ട്ട്. നേരത്തേ ഇന്ത്യന്‍ ആര്‍മിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജോഗീന്ദര്‍ സിംഗ് എന്ന കര്‍ഷകന്റെ ഹൃദയഭേദകമായ സംഭാഷണത്തോടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഇരുപത്തിയേഴ് അടി താഴ്ചയുള്ള മഞ്ഞിനടിയില്‍ ഏഴ് ദിവസം തുടര്‍ച്ചയായി ഞാന്‍ രാജ്യത്തിന് വേണ്ടി കാവല്‍ നിന്ന സമയത്ത് പോലും ഇപ്പോള്‍ അനുഭവിക്കുന്ന പോലുള്ള വെല്ലുവിളി താന്‍ അനുഭവിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരായ പൗരന്മാരുടെ വേദന മനസ്സിലാക്കണമെന്നുമാണ് ആ കര്‍ഷകന്‍ പറയുന്നത്. കര്‍ഷകരുടെ പാചകവും ഉറക്കവും ചര്‍ച്ചയുമെല്ലാം ബി ബി സി മനോഹരമായി പകര്‍ത്തിയിട്ടുണ്ട്. ഒരുപക്ഷേ, ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്നേവരെ കാണിക്കാത്ത കര്‍ഷക പ്രക്ഷോഭത്തിന്റെ നേര്‍ചിത്രങ്ങളുടെ കഥപറയുന്ന ഗംഭീര റിപ്പോര്‍ട്ട്.

എങ്ങനെയാണ് കര്‍ഷക സമരത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈയൊഴിഞ്ഞത് എന്നുകൂടി വ്യക്തമാക്കുന്ന രീതിയിലാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ കര്‍ഷകരെ കവര്‍ ചെയ്തിട്ടുള്ളത്. ബി ബി സിയുടെ തന്നെ Why are India’s farmers angry? എന്ന റിപ്പോര്‍ട്ടേജും ഇന്ത്യന്‍ കര്‍ഷക പ്രക്ഷോഭം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. എത്രമേല്‍ മികച്ച ചോദ്യങ്ങളാണ് പ്രസ്തുത കവറേജില്‍ ബി ബി സിയുടെ ദേവിന ഗുപ്ത കേന്ദ്ര സര്‍ക്കാറിനോടും ഉദ്യോഗസ്ഥരോടും ചോദിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെ പരമാവധി അപ്രസക്തമാക്കാനും നരേന്ദ്ര മോദി സര്‍ക്കാറിനെ സംരക്ഷിക്കാനും ശ്രമിക്കുന്ന ദേശീയതലത്തിലെ വാര്‍ത്താ ചാനലുകളിലൊന്നും കാണാന്‍ സാധിക്കാത്ത ശക്തമായ ചോദ്യങ്ങളും വിലയിരുത്തലുകളും. അല്‍ജസീറ ചാനലാണ് അല്‍പ്പം കൂടി ധീരമായ കവറേജുകള്‍ കൊടുത്തത്. അപ്ഫ്രണ്ട് എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ Has PM Narendra Modi gone too far എന്ന ടൈറ്റിലില്‍ കര്‍ഷകരെ കേള്‍ക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രിയെ കീറിമുറിക്കുന്നുണ്ട് അല്‍ജസീറ ചാനല്‍. പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുത്ത് മോദിയെ പുകഴ്ത്തി സംസാരിച്ച ബി ജെ പി വക്താവ് അനില സിംഗിനോട്, കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്ന പുതിയ ബില്ലുകള്‍ കൊണ്ടുവരികയും അവരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒരു രാജ്യത്തെ ജനാധിപത്യ രാജ്യം എന്ന് വിളിക്കാന്‍ കഴിയുമോ എന്നാണ് അല്‍ജസീറ വാര്‍ത്താവതാരക ചോദിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാവി പരിശോധിക്കുന്ന, 25 മിനുട്ട് ദൈര്‍ഘ്യമുള്ള മനോഹരമായ ഇന്‍സൈഡ് സ്‌റ്റോറിയും അല്‍ജസീറ ബ്രോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്ര ബജറ്റ് കര്‍ഷകരെ കൈയൊഴിഞ്ഞെന്നാണ് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയന്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ വേണ്ടി ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തതിനെയും ശക്തമായി അപലപിക്കുന്നുണ്ട് ഗാര്‍ഡിയന്‍. കര്‍ഷകരുടെ അണയാത്ത പ്രതിഷേധത്തിന്റെ കാരണങ്ങളാണ് അമേരിക്കന്‍ മാഗസിന്‍ ദി വോഗ് അന്വേഷിക്കുന്നത്. കര്‍ഷക സമരത്തിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ച് വിശദമായ സ്‌റ്റോറിയും ഒപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പോലീസ് കര്‍ഷകരോട് കാണിച്ച അതിക്രമങ്ങളാണ് ദി ഇന്‍ഡിപെന്‍ഡന്റ് വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊടും തണുപ്പിലും അതിശക്തമായ സമരം നയിക്കുന്ന ഇന്ത്യന്‍ കര്‍ഷകരുടെ ആത്മധൈര്യത്തിന് കൈയടിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റ് Amid rain and bitetr cold, India’s protesting farmers vow not to back down എന്ന വിശദമായ കവറേജ് ആരംഭിക്കുന്നത്. India is at war with itself എന്ന തലക്കെട്ടില്‍ സ്വന്തത്തോട് യുദ്ധം ചെയ്യുന്ന ഇന്ത്യയെ കൃത്യമായി വരച്ചുകാണിക്കുന്ന എഡിറ്റോറിയലും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെക്കുറിച്ചും ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിലെ അസംബന്ധത്തെക്കുറിച്ചുമാണ് ടൈം മാഗസിന്‍ ആശങ്കപ്പെടുന്നത്. India’s farmers press their stand against Modi എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് ടൈംസും Protesting Indian farmers win global attention എന്ന പേരില്‍ റോയിട്ടേഴ്‌സും കര്‍ഷക സമരത്തിന് വലിയ പിന്തുണയാണ് നല്‍കിയത്.
അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ഓരോ റിപ്പോര്‍ട്ടിലും കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നീക്കങ്ങളും ജനാധിപത്യവിരുദ്ധ നയങ്ങളുമാണ് പ്രധാന ഉള്ളടക്കം.

ALSO READ  ഉന്നം കേരളമാണ്; നമുക്ക് വീഴാതിരിക്കാം

എത്രമേല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദി സര്‍ക്കാറിനെ വെള്ളപൂശുന്നുവോ, അത്രമേല്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കര്‍ഷകരെ പിന്തുണക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. റോയിട്ടേഴ്‌സിന്റെ കവറേജില്‍, അമേരിക്കന്‍ ഗായിക റിഹാന കര്‍ഷക സമരത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് ശേഷം അന്തര്‍ദേശീയ തലത്തില്‍ വലിയ പിന്തുണയാണ് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വിശദമാക്കുന്നുണ്ട്.

കങ്കണയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സേർഡ് സെലിബ്രിറ്റികളില്‍ ഫോക്കസ് ചെയ്യുകയും കര്‍ഷകരുടെ വാര്‍ത്തകള്‍ അവഗണിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ രീതിശാസ്ത്രപരമായ ചില പ്രശ്‌നങ്ങളിലേക്ക് കൂടിയാണ് ആഗോള മാധ്യമങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 2020 സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നിയമം പാസ്സാക്കിയതിന് ശേഷം നാളിതു വരെയുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാറിനെ സംരക്ഷിക്കാനും കര്‍ഷക സമരം പൊളിക്കാനുമുള്ള കൃത്യമായ ജാഗ്രത ഒളിഞ്ഞിരിപ്പുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഈ അപകടകരമായ റിപ്പോര്‍ട്ടിംഗ് രീതി എളുപ്പത്തില്‍ മനസ്സിലാകുന്നത് കര്‍ഷക സമരത്തെക്കുറിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന കവറേജുകള്‍ കാണുമ്പോഴാണ്. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഇത്തരം രീതിശാസ്ത്രപരമായ പ്രശ്‌നങ്ങളെ അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ടേജ് Akshay Kumar’s role as Hindutva’s poster boy എന്ന പേരില്‍ 2021 ഫെബ്രുവരി ലക്കം കാരവന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും മുഖവിലക്കെടുക്കാതെ അപ്രസക്തവും നൈമിഷികവുമായ ചില കാര്യങ്ങള്‍ കൊണ്ട് കേന്ദ്ര സര്‍ക്കാറിനെ സംരക്ഷിച്ചു നിര്‍ത്തുന്ന ഏജന്റുകളായി ദേശീയ മാധ്യമങ്ങള്‍ എന്നോ മാറിക്കഴിഞ്ഞു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഇന്ത്യയല്ല, ആഗോളതലത്തില്‍ നിന്ന് വീക്ഷിക്കുമ്പോഴുള്ള ഇന്ത്യ. കര്‍ഷക സമരത്തിന്റെ തീവ്രതയും പ്രാധാന്യവും ലോകം ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. ഒപ്പം, കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും കര്‍ഷക വിരുദ്ധതയും. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ആഗോളതലത്തില്‍ ഓരോ ദിവസവും പിന്തുണയേറുകയും അതേ അനുപാതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്യുന്നുണ്ട്. ഈ യാഥാര്‍ഥ്യം എത്രമേല്‍ നേരത്തേ സര്‍ക്കാര്‍ തിരിച്ചറിയുന്നുവോ, അത്രയും നല്ലത്.