മന്ത്രിസഭാ യോഗം ഇന്ന്; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ തീരുമാനമുണ്ടായേക്കും

Posted on: February 10, 2021 7:30 am | Last updated: February 10, 2021 at 3:12 pm

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കെ നിരവധി നിര്‍ണായക തീരുമാനങ്ങള് പ്രതീക്ഷിക്കുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. പത്ത് വര്‍ഷം പൂര്‍ത്തിയായ രണ്ടായിരത്തിലേറെ താത് ക്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള ശിപാര്‍ശ ഇന്നത്തെ യോഗം പരിഗണിക്കും. ഇതില്‍ 1500ലേറെ തസ്തികകള്‍ കേരളാ ബേങ്കിലാണ്. കേരളാ ബേങ്കിന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമതി യോഗം ഇക്കാര്യം സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു.

നിയമന വിവാദങ്ങള്‍ക്കിടെ പുതിയ സ്ഥിരപ്പെടുത്തല്‍ കൂടുതല്‍ ചര്‍ച്ചക്ക് വഴിയൊരുക്കും. അതിനിടെ മുഖ്യമന്ത്രി യുഡിഎഫ് കാലത്തെ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളുടെയും കണക്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ കണക്കുകള്‍ സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ഓരോ വകുപ്പിലേയും ഒഴിവുകളുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ വിശദമായ വാര്‍ത്താസമ്മേളനം മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടായേക്കും.