കേന്ദ്രത്തിന്റെ ഭീഷണിക്ക് വഴങ്ങി ട്വിറ്റര്‍: അക്കൗണ്ടുകള്‍ നീക്കിത്തുടങ്ങി

Posted on: February 10, 2021 7:19 am | Last updated: February 10, 2021 at 8:23 am

ന്യൂഡല്‍ഹി | കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയുള്ള ഏക്കൗണ്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാറിന്റെ ഭീഷണിക്ക് വഴങ്ങി ട്വിറ്റര്‍ നടപടികള്‍ തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഐ ടി മന്ത്രാലയം ട്വിറ്റിനെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ അസാധുവാക്കേണ്ട 257 അക്കൗണ്ടുകളും ഐ ടി മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ 126 അക്കൗണ്ടുകളാണ് ഇപ്പോള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്.

മോദിസര്‍ക്കാര്‍ കര്‍ഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്ന അര്‍ഥം വരുന്ന മോദി പ്ലാനിംഗ് ഫാര്‍മേഴ്സ് ജെനോസൈഡ് എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്ത അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി.

ഐ ടി നിയമത്തിലെ 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഏഴ് വര്‍ഷം തടവ് അടക്കം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി നടപടി സ്വീകരിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ട്വിറ്റര്‍ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പാക്ക് പിന്തുണയോടെ ഖാലിസ്ഥാന്‍ അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം നേരിടുന്ന അക്കൗണ്ടുകളും ട്വിറ്റര്‍ പൂട്ടിയവയില്‍പ്പെടും.