സ്പീക്കര്‍ക്ക് പിന്നാലെ ചെന്നിത്തലയെ തന്റെ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി ജലീല്‍

Posted on: February 9, 2021 6:43 pm | Last updated: February 9, 2021 at 6:43 pm

കോഴിക്കോട് | തന്റെ മണ്ഡലമായ തവനൂരിൽ മത്സരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. ഐശ്വര്യ കേരള യാത്രക്ക് ആലത്തിയൂരില്‍ ലഭിച്ച സ്വീകരണത്തെ സംബന്ധിച്ച ചെന്നിത്തലയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഈ വെല്ലുവിളി.

ചെന്നിത്തലയെ കണക്കറ്റ് വിമര്‍ശിച്ചിട്ടുമുണ്ട് മന്ത്രി ജലീല്‍. സ്വന്തം മകന് ഐ എ എസ് കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ ഐ ആർ എസില്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ പി ജിക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് ചെന്നിത്തലയെന്നാണ് ജലീൽ പരിഹസിച്ചത്.

ആലത്തിയൂരിലെ സ്വീകരണം തവനൂര്‍ ഒരു രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങി എന്ന സൂചന നല്‍കുന്നുവെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നത്. ബന്ധുനിയമനം, മാര്‍ക്ക് ദാനം, സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വര്‍ണ കള്ളക്കടത്ത് എന്നീ ആരോപണങ്ങളും ചെന്നിത്തല ആവര്‍ത്തിച്ചു.