ഗുലാം നബി ആസാദിന്റെ യാത്രയയപ്പില്‍ വിതുമ്പി മോദി

Posted on: February 9, 2021 12:38 pm | Last updated: February 9, 2021 at 12:40 pm

ന്യൂഡല്‍ഹി | രാജ്യസഭയില്‍ കാലവധി പൂര്‍ത്തിയാക്കുന്ന പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനുള്ള യാത്രയയപ്പ് ചടങ്ങില്‍ വികാരനിര്‍ഭരനരായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അടുത്ത സുഹൃത്തായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബിയെക്കുറിച്ച് പറഞ്ഞപ്പോള്‍ മോദിയുടെ കണ്ണൂകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടറിയതിനെ തുടര്‍ന്ന് പ്രസംഗം ഒന്ന് നിര്‍ത്തിയ മോദി പിന്നീട് വെള്ളം ഒന്ന് കുടിച്ച ശേഷം തുടര്‍ന്നു.

പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്. ഇരുവരും ഗുജറാത്തിലേയും ജമ്മുകശ്മീരിലേയും മുഖ്യമന്ത്രിമാര്‍ ആയിരിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെക്കുമ്പോഴാണ് മോദിയുടെ കണ്ണുകള്‍ നിറഞ്ഞത്.

തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ കുടുങ്ങിയ ഗുജറാത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഗുലാം നബി ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത പ്രയത്നം ഒരിക്കലും മറക്കില്ല. അന്ന് രാത്രി ഗുലാം നബി ജി എന്നെ വിളിച്ചു എന്ന് പറഞ്ഞ് കണ്ണ് നിറച്ച മോദി വീണ്ടും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിവരിക്കുകയായിരുന്നു. എപ്പോഴും താന്‍ ആധരിക്കുന്ന സുഹൃത്താണ് ഗുലാം നബി ആസാദ്. രാഷ്ട്രീയത്തിനും അധികാരത്തിനും അപ്പുറത്താണ് അദ്ദേഹവുമായുള്ള ബന്ധമെന്നും മോദി പറഞ്ഞു.