Connect with us

Ongoing News

ബോളിംഗിലും ബാറ്റിംഗിലും ഇംഗ്ലീഷ് സര്‍വാധിപത്യം; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തോല്‍വി

Published

|

Last Updated

ചെന്നൈ | ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ കനത്ത തോല്‍വി. അവസാന ദിവസം 381 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയെ ജാക്ക് ലീച്ചും ജെയിംസ് ആന്‍ഡേഴ്‌സണും കശക്കിയെറിയുകയായിരുന്നു. ലീച്ച് നാലും ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റെടുത്തു.

ബാറ്റിംഗ് നിരയില്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ആണ് എടുത്തുപറയത്തക്ക ചെറുത്തുനില്‍പ്പ് നടത്തിയത്. കോലി 72ഉം ഗില്‍ 50ഉം റണ്‍സെടുത്തു. രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, ഋഷഭ് പന്ത് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അജങ്ക്യ രഹാനെ, വാഷിംഗ്ടണ്‍ സുന്ദര്‍, ശഹബാസ് നദീം എന്നിവര്‍ സംപൂജ്യരായി മടങ്ങി.

ഒടുവില്‍ 58.1 ഓവറില്‍ 192 റണ്‍സില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. ഇംഗ്ലീഷ് നിരയില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ജോ റൂട്ട് ആണ് മാന്‍ ഓഫ് ദ മാച്ച്. ജോഫ്ര ആര്‍ച്ചര്‍, ഡോം ബെസ്സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. 39 റണ്‍സാണ് സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യക്കുണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 578 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇംഗ്ലണ്ട് പക്ഷേ രണ്ടാം ഇന്നിംഗ്‌സില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ 420 എന്ന വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്‌സിലും ജോ റൂട്ട് തന്നെയാണ് കൂടുതല്‍ റണ്‍സെടുത്തത്. 32 ബോളില്‍ 40 റണ്‍സ് ജോ റൂട്ട് എടുത്തു. ആറ് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് സന്ദര്‍ശകരെ നേരത്തേ കൂടാരം കയറ്റാന്‍ ഇന്ത്യക്ക് കരുത്തായത്. ഇശാന്ത് ശര്‍മയും ജസ്പ്രിത് ബുംറയും ഓരോ വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. 12 റണ്‍സാണ് രോഹിത് എടുത്തത്. ജാക്ക് ലീച്ചിനാണ് വിക്കറ്റ്. 15 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 12 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമായിരുന്നു അഞ്ചാം ദിനം ആരംഭിക്കുന്പോൾ ക്രീസിലുണ്ടായിരുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 337ന് അവസാനിച്ചു. ഇംഗ്ലണ്ട് ഉയര്‍ത്തി 577 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി വാലറ്റം ചെറുത്തുനിന്നെങ്കിലും ഫോളോഓണ്‍ ഒഴിവാക്കാനായില്ല. എന്നാല്‍ ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിക്കാതെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കുകയായിരുന്നു.

12 ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 85 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറാണ് വാലറ്റത്തില്‍ പൊരുതിയത്. ആറിന് 257 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ സ്‌കോര്‍ 305ല്‍ എത്തിയപ്പോള്‍ അശ്വിനെ നഷ്ടമായി. 91 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്ത താരത്തെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.

ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അശ്വിന്‍ മടങ്ങിയത്. പിന്നാലെ ഷഹ്ബാസ് നദീമിനെ അക്കൗണ്ട് തുറക്കും മുമ്പ് ജാക്ക് ലീച്ച് മടക്കി. നാലു റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആന്‍ഡേഴ്സന്‍ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ജസ്പ്രീത് ബുംറയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ സ്റ്റോക്ക്സ് മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സിന് അവസാനമായി.

നാലു വിക്കറ്റ് വീഴ്ത്തിയ ഡൊമിനിക് ബെസ്സാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.