മ്യാൻമർ അട്ടിമറിയിൽ അത്ഭുതമില്ല

സിവിലിയൻ പരിവേഷത്തോടെ അധികാരത്തിലെത്താൻ കരസേനാ മേധാവി മിൻ ഓംഗ് ലെയിംഗ് കൊതിച്ചു. പക്ഷേ, ജനങ്ങൾ കൈയൊഴിഞ്ഞു. സൂചിയെ ജയിപ്പിച്ചു. അപ്പോൾ പിന്നെ വേറെ വഴിയില്ല.
Posted on: February 7, 2021 5:00 am | Last updated: February 7, 2021 at 10:18 am

റോഹിംഗ്യൻ മുസ്‌ലിംകൾ അനുഭവിച്ച ക്രൂരമായ ആട്ടിയോടിക്കലിനെ കുറിച്ച് സംസാരിക്കാതെ മ്യാൻമർ എന്ന തെക്കുകിഴക്കനേഷ്യൻ രാജ്യത്തെ കുറിച്ച് ഒരു വാക്കും ഉച്ചരിക്കാനാകില്ല. ലോക ചരിത്രത്തിലെ ഏറ്റവും സംഘടിതവും ആസൂത്രിതവുമായ വംശഹത്യ അരങ്ങേറിയ ഇടമാണ് മ്യാൻമറിലെ റാഖിനെ പ്രവിശ്യ. റോഹിംഗ്യൻ ജനതയെ രാഷ്ട്രരഹിതരാക്കി നിലനിർത്താൻ ഇന്നും അതിർത്തികളിൽ മാരകായുധങ്ങളുമായി കാത്തു നിൽക്കുകയാണ് മ്യാൻമറിലെ സൈന്യവും ഭീകരവാദികളും. ഒരു കുറ്റബോധവും അവർക്കില്ല. ഒരു അന്താരാഷ്ട്ര ഏജൻസിയും അവിടുത്തെ ഭരണകൂടത്തിനെതിരെ ഭീകരവിരുദ്ധ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. മ്യാൻമറിൽ ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചുവെന്നും നേതാക്കളെ ഒന്നൊന്നായി ജയിലിലടക്കുന്നുവെന്നും ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും റദ്ദാക്കുന്നുവെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും കേൾക്കുമ്പോൾ “ഹാ കഷ്ടം’ എന്നു പോലും ആരും പറയാത്തത് അതുകൊണ്ടാണ്.

ജനാധിപത്യ പോരാട്ടത്തിന്റെ പര്യായമായി കൊണ്ടാടപ്പെടുകയും നൊബേൽ സമ്മാനിതയാകുകയും ചെയ്ത ഓംഗ് സാൻ സൂചി ഭരണസാരഥ്യം വഹിച്ചപ്പോഴും ഭരിച്ചത് സൈന്യമായിരുന്നു. മ്യാൻമർ പാർലിമന്റിലെ 25 ശതമാനം സീറ്റുകൾ സൈന്യത്തിന് സംവരണം ചെയ്ത് വെച്ചിട്ടുണ്ട്. പ്രതിരോധം, അതിർത്തികാര്യം, ആഭ്യന്തരം എന്നീ വകുപ്പുകൾ സൈന്യമാണ് കൈകാര്യം ചെയ്തത്. 75 ശതമാനം സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. രണ്ട് കക്ഷികളാണ് പ്രധാനമായും നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയും സൈനികർ നിയന്ത്രിക്കുന്ന യു എസ് ഡി പിയും. 2008ൽ സൈന്യം ഉണ്ടാക്കിയ ഭരണഘടന ഇന്നും നിലനിൽക്കുകയാണ്. ഏത് നിമിഷവും അധികാരം പിടിക്കാൻ സൈന്യത്തിന് അവസരം നൽകുന്ന ഭരണഘടനയാണത്. ആ അർഥത്തിൽ “ഭരണഘടനാപരമായ അട്ടിമറി’യാണ് മ്യാൻമറിൽ നടന്നത്. സൈന്യത്തിന് സമ്പൂർണ അധികാരം ലഭിക്കുന്നത് റോഹിംഗ്യൻ മുസ്്ലിംകളുടെ തിരിച്ചു വരവ് അസാധ്യമാക്കും. ആട്ടിയോടിക്കൽ കൂടുതൽ ക്രൗര്യം നേടും.

സൂചി പാവമാണ്

ഓംഗ് സാൻ സൂചിയുടെ നേതൃത്വത്തിൽ ഒരിക്കൽ കൂടി സർക്കാർ രൂപവത്കരിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പിൽ കൃത്രിമം ചൂണ്ടിക്കാട്ടി സൈന്യം അട്ടിമറി നടത്തിയിരിക്കുന്നത്. സൂചിയോട് സൈന്യം ഇങ്ങനെ ചെയ്യുമെന്ന് ആരും നിനച്ചതല്ല. അധികാരത്തിലിരിക്കെ അവർ ഒരിക്കൽ പോലും സൈന്യത്തോട് കലഹിച്ചിട്ടില്ല. തിരുവുള്ളം അറിഞ്ഞേ അവർ പ്രവർത്തിച്ചിട്ടുള്ളൂ. കഴിഞ്ഞ അഞ്ച് വർഷമായി കരസേനാ മേധാവി മിൻ ഓംഗ് ലെയിംഗ് ജനകീയനാകാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ചിരിക്കുന്ന മുഖവുമായി അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. സർക്കാറിന്റെ പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങുകളിൽ അസാധാരണമാം വിധം അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അതിനെല്ലാം സൂചി സൗകര്യം ചെയ്ത് കൊടുത്തു. സിവിലിയൻ പരിവേഷത്തോടെ അധികാരത്തിലെത്താൻ അദ്ദേഹത്തിന് വല്ലാത്ത കൊതിയുണ്ടായിരുന്നു. പക്ഷേ, ജനങ്ങൾ അദ്ദേഹത്തിന്റെ പാർട്ടിയെ കൈയൊഴിഞ്ഞു. സൂചിയുടെ പാർട്ടിയെ ജയിപ്പിച്ചു. അപ്പോൾ പിന്നെ വേറെ വഴിയില്ല. അട്ടിമറിക്കുക തന്നെ. മ്യാൻമറിന്റെ രാഷ്ട്രീയ ചരിത്രം അറിയുന്ന ഒരാൾക്കും ഈ അട്ടിമറിയിൽ അത്ഭുതമില്ല. യഥാർഥ ജനാധിപത്യ സ്ഥാപനങ്ങൾ വളർന്നു വരാത്ത ഏതൊരിടത്തും ഇത് അനായാസം സംഭവിക്കും. പട്ടാളത്തെ മഹത്വവത്കരിച്ച് തീവ്രദേശീയത കത്തിക്കുന്ന രാജ്യങ്ങളിലും ഈ അപകടം പ്രതീക്ഷിക്കണം. മ്യാൻമർ അട്ടിമറിയെ നമുക്ക് അപലപിക്കാം. അമേരിക്കയെപ്പോലുള്ളവർക്ക് പട്ടാള ഭരണകൂടത്തെ ഉപരോധിക്കാം. ഇന്ത്യക്ക് നയതന്ത്ര ബന്ധം ഉപേക്ഷിക്കാം. പക്ഷേ, പട്ടാളത്തിന് പഴുതൊരുക്കിയ രാഷ്ട്രീയ സാഹചര്യങ്ങളും സൂചിയടക്കമുള്ളവർ അധികാരം നിലനിർത്താനായി നടത്തിയ ഒത്തു തീർപ്പുകളും അപ്പോഴും തെളിഞ്ഞു നിൽക്കും.
1962 മുതൽ 2011 വരെയുള്ള അരനൂറ്റാണ്ടോളം പട്ടാളഭരണത്തിന് കീഴിലായിരുന്നു മ്യാൻമർ. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ജനറൽ ഓംഗ് സാന്റെ മകളായ ഓംഗ് സാൻ സൂചി നടത്തിയ ദീർഘമായ സമരവും ജയിൽവാസവുമാണ് ആ രാജ്യത്ത് ജനാധിപത്യത്തിലേക്കുള്ള ഉണർവ് സൃഷ്ടിച്ചത്. 1990ൽ സൂചിയുടെ എൻ എൽ ഡി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയെങ്കിലും സൈന്യം അധികാരം വിട്ടുനൽകിയില്ല.

ALSO READ  ബൈഡൻ വാക്ക് പാലിക്കുമോ?

അന്താരാഷ്ട്ര സമ്മർദത്തിനൊടുവിൽ 2010ൽ തിരഞ്ഞെടുപ്പ് നടത്തുകയും 2011ൽ അധികാരം സിവിലിയൻ സർക്കാറിന് കൈമാറുകയും ചെയ്തു. 2012ലെ ഉപതിരഞ്ഞെടുപ്പിൽ 44 സീറ്റുകളിലേക്ക് മത്സരിച്ച എൻ എൽ ഡി എല്ലാം പിടിച്ചെടുത്തു. സൂചി പാർലിമെന്റിലെത്തി പ്രതിപക്ഷനേതാവായി. 2015ൽ എൻ എൽ ഡി ഉജ്വലവിജയം നേടിയതോടെ സ്റ്റേറ്റ് കൗൺസിലർ എന്ന സമ്മോഹനമായ പദവിയിൽ അവരെത്തി. അതോടെ അവർ ഭൂരിപക്ഷ യുക്തിക്ക് കീഴ്‌പ്പെട്ടു. റോഹിംഗ്യകൾക്കെതിരെ നടന്ന കൊടും ക്രൂരതയിൽ അവർ ഭീകരമായ നിസ്സംഗത പാലിച്ചു. തീവ്ര ബുദ്ധ ദേശീയതയെ ആവോളം തഴുകി. അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ ഇടിയുമ്പോഴും സ്വന്തം നാട്ടിൽ ഭൂരിപക്ഷ വിഭാഗത്തിന്റെ പിന്തുണ ആർജിക്കാൻ ആത്മവഞ്ചനക്ക് മുതിർന്ന സൂചിക്ക് രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെടുകയായിരുന്നു. പട്ടാള അട്ടിമറിക്കെതിരെ വമ്പൻ പ്രക്ഷോഭത്തിലേക്ക് ജനങ്ങൾ ഉണരാത്തതും സൂചിയുടെ ആഹ്വാനം അവരെ ആവേശഭരിതമാക്കാത്തതും അതുകൊണ്ടാണ്.

1962ന്റെ ആവർത്തനം

1962ൽ സിവിലിയൻ ഭരണം അട്ടിമറിച്ച് അധികാരം പിടിച്ച സൈനിക മേധാവി ജനറൽ നേ വിന്നിന്റെ അതേ രാഷ്ട്രീയമാണ് സൂചി കഴിഞ്ഞ പത്ത് വർഷമായി കൈകാര്യം ചെയ്തതെന്നോർക്കണം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും സോവിയറ്റ് യൂനിയൻ ഭരണകൂടവുമായും അടുത്ത ബന്ധമുണ്ടായിരുന്ന നേ വിന്നിന്റെ ലക്ഷ്യം ഒരു സ്റ്റാലിനിസ്റ്റ് ഭരണകൂടം സ്ഥാപിച്ചെടുക്കുകയായിരുന്നു. പട്ടാള ഭരണത്തെ സോഷ്യലിസ്റ്റ് ഭരണ സംസ്ഥാപനമായി അവതരിപ്പിക്കുകയാണ് നേ വിൻ ചെയ്തത്. ദി ബർമീസ് റോഡ് ടു സോഷ്യലിസം എന്ന് വിളിക്കപ്പെട്ട ഭരണ മാറ്റം എല്ലാ എതിർസ്വരങ്ങളെയും അടിച്ചമർത്തി. തൊഴിലാളി വർഗ സർവാധിപത്യം എന്ന അവകാശവാദത്തോടെ നിലവിൽ വന്ന ഈ സംവിധാനത്തിൻ കീഴിൽ മറ്റെല്ലാ പാർട്ടികളും നിരോധിക്കപ്പെട്ടു. ഇതിനെതിരെ വലിയ ജനകീയ പ്രതിരോധം രൂപപ്പെട്ടു വന്നു. റങ്കൂൺ സർവകലാശാലയിൽ സമര ജ്വാല പടർത്തിയ വിദ്യാർഥികളെ വെടിവെച്ച് കൊന്നാണ് ഭരണകൂടം “കമ്മ്യൂണിസം’ സ്ഥാപിച്ചത്. ഇതോടെ അണപൊട്ടിയ സമരങ്ങൾക്ക് തടയിടാൻ അങ്ങേയറ്റം തന്ത്രപരമായ നീക്കത്തിന് നേ വിന്നും സംഘവും തുടക്കം കുറിച്ചു. ഭരണസംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി ബുദ്ധപാരമ്പര്യത്തെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു അത്. ഔദ്യോഗിക ചിഹ്നങ്ങളെ സമ്പൂർണമായി ബുദ്ധവത്കരിച്ചു. ഭൂരിപക്ഷത്തിന്റെ സാഹിത്യത്തെയും സംസ്‌കാരത്തെയും രാഷ്ട്രത്തിന്റെയാകെ പ്രതീകമാക്കി മാറ്റുകയായിരുന്നു.

നൂറിലധികം വംശീയ വിഭാഗങ്ങളുള്ള, അത്യന്തം വൈവിധ്യപൂർണമായ പോളിറ്റി നിലനിൽക്കുന്ന രാജ്യത്തിന്റെ സങ്കലിത ദേശീയതയെ എണ്ണത്തിൽ ഭൂരിപക്ഷമാണ് എന്ന ഒറ്റക്കാരണത്താൽ ബുദ്ധ ദേശീയതക്ക് തീറെഴുതുകയാണ് പട്ടാള ഭരണകൂടം ചെയ്തത്. ഭൗതികവാദത്തിന്റെ വേഷപ്രച്ഛന്നത സ്വീകരിച്ച മതരാഷ്ട്രമാണ് പട്ടാളം സ്ഥാപിച്ചത്. ഇവിടെ വിവക്ഷിക്കുന്ന ബുദ്ധമതം ഗൗതമ ബുദ്ധന്റെ നേർ പാരമ്പര്യം അവകാശപ്പെടാവുന്ന ഒന്നല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തെരവാദാ ബുദ്ധിസം എന്നാണ് ബർമയിലെ ഭൂരിപക്ഷ ബുദ്ധവിഭാഗം അറിയപ്പെടുന്നത്. ഈ വിഭാഗം ബുദ്ധ മൂല്യങ്ങളിൽ നിന്ന് ഏറെ അകലെയാണ്. ഹിംസാത്മതയുടെ അന്തർധാര തെരവാദ വിഭാഗത്തിൽ ഉടനീളം കാണാം.

റോഹിംഗ്യകളെ കൊല്ലാം!

നേ വിന്നിന്റെ ഈ “ബുദ്ധാവേശ രാഷ്ട്രീയം’ തന്നെയാണ് അധികാരം കൈവന്നപ്പോൾ സൂചി പിന്തുടർന്നത്. റോഹിംഗ്യൻ മുസ്‌ലിംകൾക്കായി ലോകം മുഴുവൻ ശബ്ദിച്ചപ്പോൾ ഓംഗ് സാൻ സൂചിയുടെ സമീപനം നോക്കിയാൽ ഇത് മനസ്സിലാകും. റോഹിംഗ്യ എന്ന പദം കേൾക്കുന്നത് തന്നെ സൂചിക്ക് അസഹ്യമായി. പ്രവിശ്യയിലെ മുസ്‌ലിംകളെ റോഹിംഗ്യകളെന്ന് വിളിക്കരുതെന്ന് അവർ ഉത്തരവിറക്കി. യു എന്നിന് മുമ്പിലും അന്താരാഷ്ട്ര പ്രതിനിധികൾക്ക് മുമ്പിലും അവർ ഈ ആവശ്യം ഉന്നയിച്ചു. റാഖിനെ പ്രവിശ്യയിലെ “മുസ്‌ലിം ന്യൂനപക്ഷ’മെന്നേ വിശേഷിപ്പിക്കാവൂ എന്നാണ് നിഷ്‌കർഷ. പഴയ ബർമയിലെ പരമ്പരാഗത നിവാസികളാണെന്ന് തെളിയിക്കാൻ മുസ്‌ലിംകളുടെ കൈയിൽ ചരിത്രവും ഈ പേരും മാത്രമേയുള്ളൂ. അതും മായ്ച്ചു കളയാനാണ് സൂചിയുടെ സർക്കാർ ശ്രമിച്ചത്. അഷിൻ വിരാതുവിനെപ്പോലുള്ള ബൗദ്ധ തീവ്രവാദികൾ റോഹിംഗ്യകളെ “ബംഗാളി’കൾ എന്നാണല്ലോ വിളിക്കുന്നത്.

ALSO READ  തുമ്പില്ലാത്ത 100 കോടി; ഉത്തരവാദിയാര്?

2013ൽ ബി ബി സിക്ക് അനുവദിച്ച അഭിമുഖത്തിൽ സൂചിയോട് ലേഖിക റോഹിംഗ്യാ മുസ്‌ലിംകളെക്കുറിച്ച് ചോദിക്കുന്നുണ്ട്. “മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്നിടത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ട്. അത്തരം ഇടങ്ങളിൽ സ്വാഭാവികമായും ചില സംഘർഷങ്ങൾ ഉണ്ടാകും. അപ്പോൾ ഇരു കൂട്ടർക്കും നഷ്ടങ്ങളുണ്ടാകും. ആക്രമണങ്ങൾ ഏകപക്ഷീയമല്ല’ എന്നായിരുന്നു സൂചിയുടെ മറുപടി. 2013ൽ ഈ അഭിമുഖം പൂർണമായി ബി ബി സി പുറത്തുവിട്ടില്ല. സൂചി അധികാരത്തിലെത്തിയ ശേഷം അഭിമുഖത്തിന്റെ വെട്ടാത്ത വെർഷൻ പുറത്തുവന്നു. അതോടെ അവരുടെ മുൻഗണന വെളിപ്പെട്ടു. എന്താണ് ആ പറഞ്ഞതിന്റെ അർഥം? മുസ്‌ലിംകൾ ഭയപ്പെടേണ്ടവരാണെന്ന് തന്നെ. അങ്ങനെ ഭയം ജനിക്കുമ്പോൾ ബുദ്ധ മതക്കാർ ആക്രമിച്ചെന്ന് വരാം. അത് വംശഹത്യയല്ലെന്നാണ് സൂചി പറയാൻ ശ്രമിക്കുന്നത്. ഈ അഭിമുഖം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ മൈക്ക് ഓഫ് ചെയ്തുവെന്ന് തെറ്റിദ്ധരിച്ച് തന്റെ സഹായിയോട് സൂചി പറയുന്നുണ്ട്: നോ വൺ ടോൾഡ് മി ദാറ്റ് ഐ വാസ് ഗോയിംഗ് ടു ബി ഇന്റവ്യൂഡ് ബൈ എ മുസ്‌ലിം (അഭിമുഖം നടത്താൻ വരുന്നത് ഒരു മുസ്‌ലിമാണെന്ന് എന്നോടാരും പറഞ്ഞില്ലല്ലോ) മിശാൽ ഹുസൈൻ ആയിരുന്നു അഭിമുഖകാരി. എത്രമാത്രം ഇസ്‌ലാമോഫോബിക് ആണ് ഈ നൊബേൽ സമ്മാന ജേതാവെന്ന് തെളിയിക്കാൻ അന്ന് ആ മൈക്രോഫോൺ ഒപ്പിയെടുത്ത ഈ വാചകം മാത്രം മതി. സൂചിയുടെ വേഷപ്പകർച്ച വിശദീകരിക്കാനാകുന്നില്ലെന്നാണ് അവരെ പല തവണ ഇന്റർവ്യൂ ചെയ്ത ഫെർഗൽ കീനെ ഈയിടെ പറഞ്ഞത്. “അവർ ജനാധിപത്യത്തിന്റെ പ്രയോഗമായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തയായ വിമത നേതാവ്. ഇന്ന് എല്ലാം മാറിയിരിക്കുന്നു. സൂചി, അങ്ങേക്ക് എന്തുകൊണ്ടാണ് സ്വന്തത്തോട് നീതി പുലർത്താൻ സാധിക്കാത്തത്?’

1962 തുടർച്ചയാണ് മ്യാൻമറിൽ ഇപ്പോൾ നടക്കുന്നത് എന്ന് നിരീക്ഷിക്കാൻ വേറെയുമുണ്ട് കാരണം. അന്ന് സൈന്യത്തിന് എല്ലാ ഒത്താശയും ചെയ്തത് ചൈനയായിരുന്നു. ഇപ്പോഴത്തെ അട്ടിമറിയിലും ചൈനയുണ്ട്. മ്യാൻമറിൽ ഇനിയും പുറത്തെടുത്തിട്ടില്ലാത്ത പ്രകൃതി വിഭവങ്ങളുടെ- പ്രത്യേകിച്ച് പ്രകൃതി വാതകത്തിന്റെ- വൻ ശേഖരമുണ്ടെന്നത് ആഗോള പ്രസിദ്ധമായ എല്ലാ ഏജൻസികളും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ്. ഈ ശേഖരത്തിലാണ് എല്ലാ വൻ ശക്തികളുടെയും കണ്ണ്. അതിന്റെ നല്ല പങ്കും റാഖിനെ പ്രവിശ്യയിലാണെന്നും തെളിഞ്ഞിട്ടുണ്ട്. റാഖിനെയിൽ പ്രവർത്തിക്കുന്ന ഷ്വേ ഗ്യാസ് പ്രോജക്ട് മ്യാൻമർ സൈന്യത്തിന്റെയും ചൈനയുടെയും പ്രധാന വരുമാന സ്രോതസ്സാണ്. പടിഞ്ഞാറൻ കടൽതീരത്തെ പരമ്പരാഗത നിവാസികളായ റോഹിംഗ്യകളെ ഇവിടെ നിന്ന് ആട്ടിയോടിച്ചാൽ മാത്രമേ വിഭവ ചൂഷണം പൂർണ അർഥത്തിൽ സാധ്യമാകുകയുള്ളൂ. ഇതടക്കമുള്ള വിഷയങ്ങൾ തങ്ങളുടെ വരുതിയിലാക്കാൻ സിവിലിയൻ സർക്കാറിനേക്കാൾ നല്ലത് സൈനിക ഭരണമാണെന്ന് ചൈന കണക്കു കൂട്ടുന്നു.

മ്യാൻമറിലെ ഭരണകൂട ഭീകരതയോട് മയത്തിൽ പ്രതികരിക്കുന്ന അമേരിക്കയും സൈന്യത്തിനൊപ്പം നിൽക്കുന്ന ചൈനയും ഒരർഥത്തിൽ വിഭവ ചൂഷണത്തിനായി കൈകോർക്കുകയാണ് ചെയ്യുന്നത്.