കുന്തിപ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു

Posted on: February 6, 2021 8:21 pm | Last updated: February 6, 2021 at 8:21 pm

പാലക്കാട് |  മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ ആറംഗ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകന്‍ റഹീം(15) ആണ് മരിച്ചത്. ഇന്ന് രാവിലെ പയ്യനടം എടേടം തൂക്കുപാലത്തിനു സമീപം വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

സുഹൃത്തിന്റെ വീട്ടില്‍ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. പുഴയില്‍ ഒഴുക്കു കുറവായിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തില്‍ പലയിടത്തും കയങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ കയത്തില്‍പ്പെട്ടതാണ് അപകട കാരണം.സമീപവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാനായില്ല. മറ്റ് അഞ്ചുപേര്‍ക്കും സാരമായ പരിക്കുകള്‍ മാത്രമാണുള്ളത്.