നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ മൂന്ന് പേര്‍ ഉപജാപം നടത്തി: എം ബി രാജേഷ്

Posted on: February 6, 2021 4:10 pm | Last updated: February 6, 2021 at 10:24 pm

കൊച്ചി | കാലടി സര്‍വലാശാലയില്‍ തന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സി പി എം നേതാവ് എം ബി രാജേഷ്. നിനിതക്ക് ലഭിച്ച നിയമനം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിലുണ്ടായ വിവാദമാണെന്ന് രാജേഷ് പറഞ്ഞു. വ്യക്തിതാത്പര്യം സംരിക്കാന്‍ ഈ മൂന്ന് പേര്‍ ഉപജാപം നടത്തി. ഇവരുടെ സമ്മര്‍ദത്തിനും ഗുണ്ടായിസത്തിനും കീഴടങ്ങി നിനിത ജോലി ഉപേക്ഷിക്കില്ല. ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ നിനിതയെ അയോഗ്യയാക്കാന്‍ ശ്രമമുണ്ടായി. നിനിതയോട് ജോലിയില്‍ നിന്ന് പിന്മാവാങ്ങാന്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തി. ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരാളുടെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തന്റെ ഭാര്യയെ ഒഴിവാക്കാന്‍ ശ്രമം നടന്നതെന്നും രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വാഭാവികമായിട്ടും ഒരു പ്രശ്നം കയ്യില്‍ കിട്ടിയപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കിട്ടുന്നതെന്തും ഉപയോഗിക്കുക എന്നത് സ്വാഭാവികമാണ്. അതിലൊന്നും പറയുന്നില്ല. പക്ഷേ അതിനേക്കാള്‍ ഗൗരവമുള്ള പ്രശ്നം, വ്യക്തിതാത്പര്യത്തോടുകൂടി അത് സംരക്ഷിക്കാന്‍ വേണ്ടി ഞെട്ടിക്കുന്ന തരത്തില്‍ മൂന്ന് പേര്‍ ഉപജാപം നടത്തിയെന്നതാണ്. ഇന്റര്‍വ്യൂവിനെ സംബന്ധിച്ച് ബോര്‍ഡഗങ്ങളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ആ പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് മനസിലാക്കാം. എന്നാല്‍ ആ പരാതി നിയമന ഉത്തരവ് കിട്ടുന്ന ഉദ്യോഗാര്‍ഥിക്ക് അയച്ചുകൊടുത്ത് നിങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുമെന്നും വലിയ തിരിച്ചടിയുണ്ടാകുമെന്നും മൂന്നാമതൊരാള്‍ മുഖേന പറയുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും രാജേഷ് പറഞ്ഞു.