കോടികളുടെ ലഹരി മരുന്നുമായി രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് വിദേശികള്‍ ഡല്‍ഹിയില്‍ പിടിയില്‍

Posted on: February 6, 2021 7:56 am | Last updated: February 6, 2021 at 11:16 am

ന്യൂഡല്‍ഹി |ഡല്‍ഹി വിമാനത്താവളത്തില്‍ . കോടികള്‍ വിലവരുന്ന ലഹരി മരുന്നുമായി മൂന്ന് വിദേശികളെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടു വനിതകളും നൈജീരിയയില്‍ നിന്നുള്ള പുരുഷനുമാണ് അറസ്റ്റിലായത്.

എട്ടു കിലോ ഹെറോയ്‌നും ഒരു കിലോയോളം വരുന്ന കൊക്കെയ്‌നുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വിപണിയില്‍ കോടികള്‍ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്ന് എന്‍സിബി അധികൃതര്‍ വ്യക്തമാക്കി.

തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അനധികൃതമായി നിര്‍മിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ചികിത്സാ ആവശ്യത്തിനെന്ന വ്യാജേന മെഡിക്കല്‍ വിസയിലാണ് ഉഗാണ്ട സ്വദേശികളായ വനിതകള്‍ ഇന്ത്യയിലെത്തിയത്. ഡിസംബര്‍ മാസം എന്‍സിബിയുടെ പിടിയിലായ ഒരാള്‍ നല്‍കിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശിയെ കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. പിന്നീട് ഇയാളെയും എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.